Connect with us

Kerala

ജോളി ഇപ്പോഴെങ്കിലും പിടിയിലായത് നന്നായി; അല്ലെങ്കില്‍ താനടക്കം കൊല്ലപ്പെടുമായിരുന്നു: റോജോ

Published

|

Last Updated

കോഴിക്കോട്: ജോളി ഇപ്പോഴെങ്കിലും പിടിയിലായത് നന്നായെന്നും അല്ലെങ്കില്‍ താനടക്കം കൊല്ലപ്പെടുമായിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരന്‍ റോജോ. കൂടുതല്‍ തെളിവുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഫോണ്‍ രേഖകള്‍ കാണുമ്പോള്‍ മനസ്സിലാകുന്നതെന്നും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ റോജോ പറഞ്ഞു.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് റോജോയുടെ മൊഴിയെടുത്തത്. റോജോയുടെ സഹോദരി റഞ്ചിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തി. ജോളിയുടെ മുന്‍ ഭര്‍ത്താവ് ഷാജു, മരിച്ച റോയിയുടെ മക്കള്‍ എന്നിവരില്‍ നിന്ന് ഇന്നും മൊഴിയെടുത്തു. ഷാജുവിന്റെ പിതാവ് സഖറിയാസ്, സഖറിയാസിന്റെ ഭാര്യ ഫിലോമിന, കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാര്‍ എന്നിവരെയും ചോദ്യം ചെയ്തു. പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടത്തിയ മൊഴിയെടുപ്പ് മണിക്കൂറുകള്‍ നീണ്ടു.

വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട കേസില്‍ തഹസില്‍ദാര്‍ ജയശ്രീ, കൂടത്തായി വില്ലേജ് മുന്‍ ഓഫീസര്‍ കിഷോര്‍ ഖാന്‍ എന്നിവരുടെ മൊഴി റവന്യൂ അന്വേഷണ ഉദ്യോഗസ്ഥനാ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു രേഖപ്പെടുത്തി. ഇരുവരെയും ഒന്നിച്ചിരുത്തി ജില്ലാ കലക്ടറും പ്രത്യേകം മൊഴിയെടുത്തു.

Latest