കൂടത്തായിയിലെ ലേഡി മാക്ബത്ത്

ഒരു വലിയ കൊലപാതക പരമ്പരയുടെ ചുരുളാണ് കൂടത്തായിയില്‍ നിവര്‍ന്നു കൊണ്ടിരിക്കുന്നത്. ഈ കഥയിലെ പ്രതിനായക കഥാപാത്രങ്ങള്‍ വെറും മനുഷ്യരല്ല. മനുഷ്യരില്‍ സാര്‍വത്രികമായി കാണപ്പെടുന്ന പ്രധാനപ്പെട്ട ചില സ്വഭാവ വൈകൃതങ്ങളാണ്. എന്തൊക്കെയാണ് ആ വൈകൃതങ്ങള്‍ 1. അധികാരാര്‍ത്തി, 2. കാമാര്‍ത്തി, 3. ധനാര്‍ത്തി. ഈ മൂന്ന് ആര്‍ത്തികളും അവയുടെ മൂര്‍ധന്യത്തില്‍ എത്തിയാല്‍ അവ അതു ബാധിച്ചവരെ ആകെ നശിപ്പിച്ചേ പിന്‍വാങ്ങൂ എന്നാണ് ചരിത്രം നല്‍കുന്ന പാഠം. ഞാനെന്തൊക്കെയോ ആണെന്ന് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിച്ചു കിട്ടാനുള്ള തത്രപ്പാടാണ് അധികാരാര്‍ത്തിയായി ചില മനുഷ്യരെ ബാധിക്കുന്നത്. അത്തരം മനുഷ്യരുടെ മന്ത്രോച്ചാരണമാണ് മാക്ബത്ത് നാടകത്തിന്റെ പ്രാരംഭ സീനില്‍ നമ്മള്‍ കേള്‍ക്കുന്ന ദുര്‍മന്ത്രവാദികളുടെ പ്രാര്‍ഥനാ മന്ത്രം. ഷെയ്ക്സ്പിയര്‍ നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമായ ദുര്‍മന്ത്രവാദം, മദ്യപാനം, കാമകേളികള്‍ എന്നിങ്ങനെ മനുഷ്യ ജീവിതത്തെ ദുരന്തത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്കു തള്ളിയിടുന്ന സ്വഭാവ വൈകല്യങ്ങള്‍ കൂടത്തായ്ക്കഥയിലും അവിടവിടെയായി കാണാം. ദുരന്തങ്ങള്‍ കഥകളുടെ രൂപത്തിലല്ല യാഥാര്‍ഥ്യങ്ങളുടെ രൂപത്തില്‍ നമുക്കു മുന്നില്‍ വന്നു നിന്ന് താണ്ഡവമാടുന്നു. ഇന്ന് കൂടത്തായിയില്‍. നാളെ എവിടെയാകുമോ ആവോ?
Posted on: October 16, 2019 3:33 pm | Last updated: October 17, 2019 at 6:07 pm

വില്യം ഷെയ്ക്‌സ്പിയറുടെ മാക്ബത്ത് എന്ന നാടകത്തെ മൊത്തം ദുരന്തത്തിലേക്കു തള്ളിയിടുന്നതില്‍ മുഖ്യ കാര്‍മികത്വം വഹിച്ച ലേഡി മാക്ബത്ത് എന്ന കഥാപാത്രത്തെ സാക്ഷര കേരളത്തിന് കുറെയൊക്കെ പരിചിതമാണ്. മനുഷ്യ ജീവിതം എന്തുകൊണ്ട് മനുഷ്യന്റെ ഇച്ഛക്കു വിപരീതമായി മാറുന്നു? ഇത് ഒരുകാലത്ത് തത്വചിന്തക്കും സാഹിത്യത്തിനും സമഗ്രമായ ഒരന്വേഷണ വിഷയമായിരുന്നു. ചില ഗ്രീക്ക് നാടകങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എക്കാലത്തും പ്രസക്തമായ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു. മനുഷ്യന്‍ കേവലം വിധിയുടെ ഒരു കളിപ്പാട്ടമാണ്. വിധി അവനെ യഥേഷ്ടം അമ്മാനമാടുന്നു. ഇതായിരുന്നു യവന നാടക കൃത്തുക്കള്‍ക്കു പറയാനുള്ള ഒരേയൊരുത്തരം. സമാന കാലത്ത് ഇന്ത്യയിലും നാടകത്തെ ജീവിത വ്യാഖ്യാനത്തിന് ഒരു മാധ്യമമാക്കിയിരുന്നു. അവരും വിധിയുടെ ഈ അപ്രമാദിത്ത സിദ്ധാന്തത്തെ അംഗീകരിച്ചവരായിരുന്നു.

വിശ്വ സാഹിത്യത്തിന്റെ ജാതകം തിരുത്തിക്കുറിച്ച ഷെയ്ക്‌സ്പിയര്‍ ഇതിനോടു യോജിച്ചില്ല. മനുഷ്യനെന്ന ജന്തുവിന്റെ മനസ്സിന്റെ അടിത്തട്ടില്‍ അന്തര്‍ലീനമായിരിക്കുന്ന ചില സ്വഭാവ വൈകല്യങ്ങളുടെ പുറത്തു വരലാണ് ഈ ജന്തുവിന്റെ ജീവിതം ട്രാജഡിയാക്കുന്നത്. ഈ ഒരൊറ്റ ആശയം സമര്‍ഥിക്കാനാണദ്ദേഹം തന്റെ മഹത്തായ നാല് ദുരന്ത നാടകങ്ങള്‍ക്ക് രംഗാവിഷ്‌കരണം നല്‍കിയത്.
നമ്മുടെ വിഷയം ഈ നാടകങ്ങളുടെ ഉപരി ചര്‍ച്ചയല്ല. പിന്നെയോ കൂടത്തായിയിലെ ജോളിയമ്മാ ജോസഫ് എന്ന നാല്‍പ്പത്തിയേഴുകാരിയാണ്. ഷെയ്ക്‌സ്പിയര്‍ നാടകം പഠിപ്പിച്ചിട്ടുള്ളവരുടെ മുമ്പില്‍ ഈ കക്ഷി, ലേഡി മാക്ബത്തിന്റെ രൂപത്തിലായിരിക്കും അവതരിക്കുക. ഈ ജോളിയമ്മാ ജോസഫ് എന്ന കട്ടപ്പനക്കാരി ക്രിസ്ത്യാനിപ്പെണ്ണ് താമരശ്ശേരിക്കടുത്തുള്ള കൂടത്തായി എന്ന ക്രൈസ്തവ കര്‍ഷക കുടിയേറ്റ ഗ്രാമത്തിലെത്തിയത് പൊന്നാമറ്റം കുടുംബം എന്ന സത്‌പേര് നിലനിറുത്തിയിരുന്ന ഒരു വീട്ടിലെ പുത്രവധുവായിട്ടാണ്. താമരശ്ശേരിയും പ്രാന്തപ്രദേശങ്ങളും ഇന്ന് പഴയ കുടിയേറ്റ നാട്ടിന്‍പുറങ്ങളൊന്നുമല്ല. പ്രകൃതി മനോഹരം. എല്ലാ ആധുനിക ജീവിത സൗകര്യങ്ങളും ഒത്തിണങ്ങിയ പട്ടണ തുല്യമായ നാട്ടിന്‍പുറങ്ങള്‍. വിത്തു വിതച്ചാല്‍ പൊന്നും വിളയുന്ന ഫലസമൃദ്ധിയുള്ള നാട്. 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇതായിരുന്നില്ല ആ നാടിന്റെ അവസ്ഥ. എസ് കെ പൊറ്റക്കാട്ടിന്റെ വിഷകന്യക എന്ന നോവല്‍ പിറവിയെടുക്കുന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. ആ നോവലിലും ഉണ്ട് ജോളിയമ്മജോസഫിനോടു സാമ്യമുള്ള ഒരു കഥാപാത്രം. അതില്‍ നോവലിസ്റ്റ് ആ കഥാപാത്രത്തെ കേവലം ഒരു കഥാപാത്രമായിട്ടല്ല, മലബാറിലെ കാടുപിടിച്ച ഭൂപ്രകൃതിയുടെ ഒരു പ്രതീകമായിട്ടു കൂടിയാണ് അവതരിപ്പിക്കുന്നത്.

നമ്മുടെ ലോക്കല്‍ പോലീസ് സ്വാഭാവിക മരണം എന്ന പേരില്‍ എഴുതിത്തള്ളിയ ആറ് കൊലപാതകങ്ങളാണ് ഇപ്പോള്‍ ഉന്നതതലപോലീസുദ്യോഗസ്ഥരുടെ സമര്‍ഥമായ ഇടപെടലിലൂടെ പുറത്തു കൊണ്ടുവരപ്പെട്ടത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടന്നിരിക്കാവുന്ന സമാന സ്വഭാവമുള്ള എത്രയെത്ര അസ്വാഭാവികമരണങ്ങളായിരിക്കാം ഈ പ്രാദേശിക പോലീസ് പയ്യന്മാരും അവരുടെ കഴുത്തിലെ ചങ്ങല പിടിച്ചു നിയന്ത്രിക്കുന്ന പ്രാദേശിക കക്ഷിരാഷ്ട്രീയക്കാരും ചേര്‍ന്ന് സ്വാഭാവിക മരണങ്ങളെന്ന നിലയില്‍ എഴുതി തള്ളിയിട്ടുണ്ടാകുക.

പൊന്നാമറ്റം തറവാട്ടിലെ ഈ പുത്രവധു ആദ്യം മരണത്തിന്റെ വിഷപ്പാത്രം നല്‍കിയത് ഭര്‍ത്താവിന്റെ അമ്മ അന്നമ്മ തോമസ് എന്ന റിട്ടയേര്‍ഡ് അധ്യാപികക്കായിരുന്നു. അവരെക്കുറിച്ച് നാട്ടുകാര്‍ക്കു നല്ലതല്ലാതെ ഒന്നും പറയാനില്ല. അവരെ കൊല്ലാന്‍ പരീക്ഷിച്ചത് കീടനാശിനിയാണെന്നു കരുതപ്പെടുന്നു. തിരുവിതാംകൂര്‍ പൈതൃകം പേറുന്ന നസ്രാണി ഭവനങ്ങളില്‍ ഭര്‍ത്താവ് പ്രസിഡന്റാണെങ്കില്‍ ഭാര്യ പ്രധാനമന്ത്രിയാണ്. അധികാരത്തിന്റെ വടിയും കോലും പ്രധാനമന്ത്രി സൂക്ഷിക്കുന്നതില്‍ പൊതുവെ നസ്രാണി ഭവനങ്ങളിലെ വെറും സമ്മതംമൂളികളായ പ്രസിഡന്റുമാര്‍ എതിരൊന്നും പറയാറില്ല. അവരെ സംബന്ധിച്ചിടത്തോളം പൊതുവെ പലതു കൊണ്ടും സൗകര്യപ്രദമായ ഒരു ഭരണ ക്രമമാണിത്. ഇതിന്റെ ദൗര്‍ബല്യം മുതലെടുക്കുകയായിരുന്നു ജോളി.
അമ്മവിയമ്മ എന്ന പ്രതിനായിക നാടുനീങ്ങിയാല്‍ സ്വാഭാവികമായും കുടുംബ സ്വത്തിന്റെ താക്കോല്‍ മരുമകളുടെ അരക്കെട്ടിലേക്ക് ഒതുക്കപ്പെടുകയാണ് പതിവ്. മദ്യപാനിയും ദുര്‍ബലനും അധ്വാന വിമുഖനും സുഖലോലുപ ജീവിതത്തില്‍ തത്പരനുമായ തന്റെ ഭര്‍ത്താവ് റോയി തോമസിനെ സ്വന്തം കൈവെള്ളയില്‍ നൃത്തമാടിക്കുക എന്നത് കുടിലബുദ്ധിയുടെ ഉടലെടുത്ത രൂപമായ ജോളിയെപ്പോലൊരു സ്ത്രീക്ക് അത്ര പ്രയാസമുള്ള കാര്യമൊന്നുമായിരുന്നില്ല. എന്നാല്‍ റോയിയുടെ പിതാവ് ടോം തോമസ് അത്ര എളുപ്പമൊന്നും തന്റെ പിടിയില്‍ ഒതുങ്ങുന്ന വ്യക്തിത്വം അല്ലെന്നു ജോളിക്കനുഭവത്തില്‍ നിന്ന് ബോധ്യപ്പെട്ടു. അതിനാല്‍ അടുത്ത ഉന്നം ടോം തോമസായി. അന്നമ്മ ടീച്ചറുടെ മരണത്തിനു ശേഷം ആറ് വര്‍ഷം നീണ്ട ഇടവേള, ജോളി ക്ഷമാപൂര്‍വം കാത്തിരുന്നു. അതിനിടെ വീട്ടുകാരുടെയും നാട്ടുകാരുടെയും ദൃഷ്ടിയില്‍ ജോളിക്ക് നായക പരിവേഷം ലഭിച്ചു. എന്‍ ഐ ടി യിലെ പ്രൊഫസര്‍, നാട്ടിലെ സമുന്നത വ്യക്തികളുമായി ഉറ്റ സൗഹൃദം, ഞായറാഴ്ച കുര്‍ബാനയില്‍ മാത്രമല്ല ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയെന്ന അംഗീകാരം, പതിവായുള്ള രഹസ്യ കുമ്പസാരം വഴിയുള്ള പാപമോചന പ്രാപ്തി, ക്രൈസ്തവ വിശ്വാസത്തിന്റെ സമുന്നത സാക്ഷിപത്രമെന്ന് നാട്ടുക്രിസ്ത്യാനികള്‍ കൈയടിച്ചംഗീകരിക്കുന്ന ധ്യാന വേദികളിലെ സ്ഥിരം സാന്നിധ്യം, മനസ്സിലെ സകല കുടിലതകളും മറച്ചു വെക്കാന്‍ കഴിയുന്ന ഉടല്‍ വടിവ്… ആരും തന്നെ ഒരു കാര്യത്തിലും സംശയിക്കുന്നില്ലെന്നുറപ്പായപ്പോള്‍ സ്വന്തം ഭര്‍തൃപിതാവ് ടോം തോമസിന്റെ ഇഷ്ട വിഭവമായ കപ്പപ്പുഴുക്കില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി അതൊരു സ്വാഭാവിക മരണമായി ബന്ധുക്കളെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി.

സ്ഥിരവരുമാനമില്ലാത്ത, ധൂര്‍ത്തിന്റെ പര്യായപദമായ സ്വന്തം ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയപ്പോഴായിരിക്കണം ഈ സ്ത്രീ സയനൈഡിനെക്കുറിച്ചുള്ള കേട്ടറിവുകള്‍ പരീക്ഷിക്കാന്‍ ധൈര്യപ്പെട്ടത്. പൊട്ടാസ്യം സയനൈഡ് എന്ന അപൂര്‍വ വസ്തു സ്വന്തം കൈയിലെത്തിച്ചേരാന്‍ കൈവിട്ട കളികള്‍ പലതും അവര്‍ കളിച്ചിരിക്കാം. അങ്ങനെ തന്റെ സ്വസ്ഥ ജീവിതത്തിനു ശല്യമായ റോയി തോമസിനെ അയാളുടെ രണ്ട് കുട്ടികളെ നൊന്തുപെറ്റ അമ്മയാണെന്ന യാഥാര്‍ഥ്യം വിസ്മരിച്ച് തന്റെ ലക്ഷ്യപ്രാപ്തിക്കുള്ള ഉപാധിയാക്കി. പക്ഷേ, റോയിയുടെ മരണം വെറും ഹൃദയസ്തംഭനം ആണെന്നു വരുത്താനുള്ള ശ്രമം ഫലം കണ്ടില്ല. മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന മഞ്ചാടിയില്‍ മാത്യു എന്ന അടുത്ത കുടുംബ ബന്ധുവിന്റെ പിടിവാശിമൂലം ജോളിക്ക് ഒരു സയനൈഡ് കൊലയാളി എന്ന പ്രതിച്ഛായ പല കേന്ദ്രങ്ങളിലും നിഗൂഢമായി പ്രചരിച്ചു. അതിനാല്‍ അടുത്ത സയനൈഡ് പരീക്ഷണം മഞ്ചാടി മാത്യു എന്ന റോയിയുടെ മാതുലനിലേക്കു തിരിഞ്ഞു. ഒരു വിവാഹസത്കാരം കഴിഞ്ഞു മടങ്ങി വരുന്നതിനിടയില്‍ മാത്യുവും ജോളിയും ഒറ്റക്കായ സന്ദര്‍ഭത്തില്‍ ആ കൃത്യവും നിറവേറ്റപ്പെട്ടു. ഇതിലൊന്നും കൂടത്തായിയിലെ നാട്ടുകാര്‍ക്കോ അവരുടെ പ്രാദേശിക പോലീസുകാര്‍ക്കോ അവരുടെ ജനപ്രതിനിധികള്‍ക്കോ ഒരു സംശയവും തോന്നിയില്ലെന്നതാണ് ആശ്ചര്യം.!

നാല് കൊലപാതകങ്ങള്‍ ജോളിയുടെയും ജോളിയോടൊപ്പം സ്വര്‍ഗസുഖം നുണയാന്‍ ആഗ്രഹിച്ചതാരോ അവരുടെയും ഇംഗിതം പോലെ നടന്നു. അഞ്ചാമത് ഇരയാക്കപ്പെട്ടത് ഷാജു-സിലി ദമ്പതികളുടെ പൊന്നോമന പുത്രി രണ്ട് വയസുകാരി അല്‍ഫൈന്‍ ആയിരുന്നു. ആ കുഞ്ഞിന്റെ അമ്മയറിയാതെ ആസൂത്രണം ചെയ്ത ഈ നീച കൊലപാതകത്തിന്റെ രക്തക്കറ ആ കുഞ്ഞിന്റെ അപ്പന്റെ കൈകളില്‍ നിന്ന് ഏതു വെള്ളത്തില്‍ കഴുകിയാലാണ് മാഞ്ഞുപോകുക. അടുത്ത ലക്ഷ്യം ഒരുമിച്ചുള്ള ജീവിതത്തിനു പ്രതിബന്ധമായി ഈ കമിതാക്കള്‍ക്കു മധ്യത്തില്‍ നില്‍ക്കുന്ന സിലിസെബാസ്റ്റ്യന്‍ എന്ന പാവം സ്ത്രീയായിരുന്നു. അവരും 2016 ജനുവരി 11ന് സമാന സാഹചര്യങ്ങളില്‍ മൃത്യൂവരിച്ചു. അവരുടെ ശവസംസ്‌കാര വേളയിലെ അന്ത്യ ചുംബനാവസരത്തെ ഒരശ്ലീല ദൃശ്യമായി ഒപ്പിയെടുക്കാന്‍ ഏതോ മിടുക്കനായ ക്യാമറക്കാരനു കഴിഞ്ഞു. ആ ചിത്രം നമ്മളെല്ലാം കണ്ടതാണ്. എന്നിട്ടും ആ മനുഷ്യന്‍ പറയുന്നു ഞാന്‍ വഞ്ചിക്കപ്പെട്ടു. എല്ലാം തന്റെ രണ്ടാം ഭാര്യ ആസൂത്രണം ചെയ്ത നാടകമായിരുന്നു. ഒരു ഘട്ടത്തില്‍ താനും കൊല്ലപ്പെട്ടേക്കും എന്ന ആശങ്ക നിമിത്തം ഒന്നും പുറത്തു പറഞ്ഞില്ല. എത്ര കൗശലക്കാരനാണീ ഹൈസ്‌കൂള്‍ അധ്യാപകന്‍!

ജോളിക്ക് ഷാജുവിനെ മടുത്തു കഴിഞ്ഞിരുന്നു. അവള്‍ തന്റെ വലമറ്റൊരു പുരുഷനെ ലക്ഷ്യമാക്കി വീശിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ എന്ന നസ്രാണി യുവാവിനൊപ്പമായിരുന്നു ജോളിയുടെ കറക്കം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അയാളുടെ ഭാര്യ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപികയാണ്. വീട്ടുചെലവുകള്‍ അവര്‍ നടത്തിക്കൊള്ളും. ജോണ്‍സന്റെ ശമ്പളം ജോളിയുമൊത്തുള്ള ഉല്ലാസ യാത്രകള്‍ക്കും മറ്റുമായി ചെലവാക്കിയിരുന്നു എന്നാണ് വിവരം.
ഒരാള്‍ പോയാല്‍ മറ്റൊരാള്‍, ഒരാളെ ഒഴിവാക്കി മറ്റൊരാള്‍ ഇതൊന്നും ഇക്കാലത്ത് പാശ്ചാത്യ സംസ്‌കൃതിക്കു പുത്തരിയല്ല. പക്ഷേ, ഒരാളെ കൊന്നിട്ടു മറ്റൊരാള്‍! ഇത് മൃഗങ്ങള്‍ക്കിടയില്‍ പോലും പതിവുള്ളതല്ല. ഏതോ ഒരിനം പെണ്‍ ചിലന്തി ഇണചേരലിനു ശേഷം ആണ്‍ചിലന്തിയുടെ മജ്ജ ഊറ്റിക്കുടിച്ച് പങ്കാളിയെ മരണത്തിനു വിട്ടുകൊടുക്കുമെന്നു വായിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ തിന്നു വിശപ്പടക്കുന്ന തള്ള ചിലന്തിയും തള്ള ചിലന്തിയെ തിന്നു തീര്‍ക്കുന്ന കുഞ്ഞു ചിലന്തിയും ഇവരുടെ കൂട്ടത്തിലുണ്ട് പോലും. ആ ചിലന്തി വര്‍ഗത്തിന്റെ ജീനുകള്‍ വല്ലതും മനുഷ്യരില്‍ കടന്നു കൂടിയിട്ടുണ്ടാകുമോ ആവോ?
ഏതായാലും ഒരു വലിയ കൊലപാതക പരമ്പരയുടെ ചുരുളാണ് കൂടത്തായിയില്‍ നിവര്‍ന്നു കൊണ്ടിരിക്കുന്നത്. ഈ കഥയിലെ പ്രതിനായക കഥാപാത്രങ്ങള്‍ വെറും മനുഷ്യരല്ല. മനുഷ്യരില്‍ സാര്‍വത്രികമായി കാണപ്പെടുന്ന പ്രധാനപ്പെട്ട ചില സ്വഭാവ വൈകൃതങ്ങളാണ്. എന്തൊക്കെയാണ് ആ വൈകൃതങ്ങള്‍ 1. അധികാരാര്‍ത്തി, 2. കാമാര്‍ത്തി, 3. ധനാര്‍ത്തി.
ഈ മൂന്ന് ആര്‍ത്തികളും അവയുടെ മൂര്‍ധന്യത്തില്‍ എത്തിയാല്‍ അവ അതു ബാധിച്ചവരെ ആകെ നശിപ്പിച്ചേ പിന്‍വാങ്ങൂ എന്നാണ് ചരിത്രം നല്‍കുന്ന പാഠം.

ഞാനെന്തൊക്കെയോ ആണെന്ന് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിച്ചു കിട്ടാനുള്ള തത്രപ്പാടാണ് അധികാരാര്‍ത്തിയായി ചില മനുഷ്യരെ ബാധിക്കുന്നത്. അത്തരം മനുഷ്യരുടെ മന്ത്രോച്ചാരണമാണ് മാക്ബത്ത് നാടകത്തിന്റെ പ്രാരംഭ സീനില്‍ നമ്മള്‍ കേള്‍ക്കുന്ന ദുര്‍മന്ത്രവാദികളുടെ പ്രാര്‍ഥനാ മന്ത്രം. ഫെയര്‍ ഈസ് ഫൗള്‍, ആന്‍ഡ് ഫൗള്‍ ഈസ് ഫെയര്‍, (എല്ലാ നല്ലതും ചീത്ത, എല്ലാ ചീത്തയും നല്ലത്). ഈ തത്വം പാലിക്കുന്ന ശപിക്കപ്പെട്ട മനുഷ്യരെ കാലം വൈക്കോല്‍ ഉണക്കുന്നതു പോലെ ഉണക്കി ശോഷിപ്പിച്ച് ഒന്നിനും കൊള്ളാത്തവരായി മാറ്റാന്‍ എളുപ്പമാണെന്നാണ് ഷെയ്ക്‌സ്പിയര്‍ നാടകത്തിലെ വിച്ചസ് പറയുന്നത്. അധികാരാര്‍ത്തി തലക്കു പിടിച്ച് വെളിവുകെട്ടവനായി ദുര്‍ദേവതകളെ സമീപിക്കുന്ന മാക്ബത്തിനു വേണ്ടി കാലം കരുതി വെച്ചിരുന്നത് ഈ പ്രതിഫലം തന്നെ ആയിരുന്നു. പക്ഷപാതരഹിതമായ നീതി അയാളും ഭാര്യയും ചേര്‍ന്നൊരുക്കിയ വിഷം നിറച്ച പാനപാത്രം ഒടുവില്‍ അവരുടെ ചുണ്ടുകളിലേക്കു തന്നെ പകര്‍ന്നു കൊടുത്തു. മാക്ബത്തിന്റെ അധികാര മോഹത്തിനു ധൈര്യം പകര്‍ന്നു കൊടുത്തത് ലേഡി മാക്ബത്തായിരുന്നു. ഒരു പുരുഷന്റെ വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടെന്നു പറയപ്പെടുന്നതു പോലെ തന്നെ ഏതൊരു പുരുഷന്റെയും പതനത്തിനു പിന്നിലും ഒരു സ്ത്രീ തീര്‍ച്ചയായും ഉണ്ടായിരിക്കും. ലേഡി മാക്ബത്ത് പറയുന്നതു കേള്‍ക്കൂ. “ഞാന്‍ കുഞ്ഞിനെ മുലയൂട്ടിയിട്ടുണ്ട്. എന്റെ മുലപ്പാലിന്റെ തുളുമ്പല്‍ ആ ശിശുവിന്റെ ചുണ്ടുകളില്‍ ബാക്കി നില്‍ക്കുമ്പോള്‍ പോലും, ആ ശിശു എന്റെ മുഖത്തു ചിരിക്കുമ്പോള്‍ പോലും വേണ്ടിവന്നാല്‍ ആ കുഞ്ഞിന്റെ എല്ലില്ലാത്ത മോണയെ എന്റെ മുലക്കണ്ണില്‍ നിന്ന് പറിച്ചെടുത്ത് അതിന്റെ തലമണ്ട എറിഞ്ഞു ചിതറിക്കുവാന്‍ വേണമെങ്കില്‍ എനിക്കു കഴിയും’. ഭാര്യയുടെ വാക്കുകള്‍ മാക്ബത്തിലെ ഭീരുവിനെ ധീരനാക്കി. അയാള്‍ തന്റെ അതിഥിയായി എത്തിയ ഡങ്കന്‍ രാജാവിനെ ഉറക്കത്തില്‍ കുത്തിക്കൊന്നിട്ട് ആ കുറ്റം രാജാവിന്റെ അംഗരക്ഷകരില്‍ ആരോപിച്ച് രക്ഷപ്പെടാന്‍ നോക്കുന്നു. അയാള്‍ക്കതിനു കഴിഞ്ഞോ? ഇല്ല. അയാളുടെ ഭാര്യക്കും കഴിഞ്ഞില്ല. കുറ്റം ചെയ്യുന്നതിനേക്കാള്‍ എത്രയോ ഭീകരമാണ് കുറ്റബോധം ഇല്ലായ്ക.

ഷെയ്ക്‌സ്പിയര്‍ നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമായ ദുര്‍മന്ത്രവാദം, മദ്യപാനം, കാമകേളികള്‍ എന്നിങ്ങനെ മനുഷ്യ ജീവിതത്തെ ദുരന്തത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്കു തള്ളിയിടുന്ന സ്വഭാവ വൈകല്യങ്ങള്‍ കൂടത്തായ്ക്കഥയിലും അവിടവിടെയായി കാണാം. ജോളി പുരുഷന്മാരോടൊപ്പം മദ്യപിക്കാറുണ്ടായിരുന്നു എന്നാണ് കുറ്റസമ്മതം. മദ്യം വലിയ പ്രകോപകനാണ്. മൂന്ന് രീതിയില്‍. ഏതൊക്കെ? മൂക്കു ചുവപ്പിക്കല്‍, ഉറക്കം, കാമാസക്തി എല്ലാറ്റിനെയും അതിളക്കിമറിക്കും. ഒന്നിനെയും തൃപ്തിപ്പെടുത്തുകയുമില്ല. ആവേശത്തെ ഉണര്‍ത്തും ഒപ്പം പ്രവര്‍ത്തനശേഷി നഷ്ടപ്പെടുത്തും. മോഹിപ്പിക്കും ഒപ്പം നിരാശനാക്കും. മനുഷ്യരെ വ്യാമോഹങ്ങളിലേക്കു പായിച്ചു നിരാശപ്പെടുത്തും.

ആദ്യത്തെ ഒരു തെറ്റ് പിടിക്കപ്പെടാതെ പോയാല്‍ പിന്നെ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. ഇതായിരുന്നു മാക്ബത്ത് ദമ്പതികള്‍ക്കു സംഭവിച്ചത്. ഒന്നിനു പിന്നാലെ ഒന്നായി ആറ് കൊലപാതകങ്ങള്‍. ആ കൊലപാതകങ്ങള്‍ ഓരോന്നിന്റെയും രക്തക്കറ എത്ര തവണ ആവര്‍ത്തിച്ചു കഴുകിയാലും മായാതെ തന്റെ കൈകളെ പങ്കിലമാക്കുന്നു എന്ന തോന്നല്‍. അറേബ്യയിലെ സകല സുഗന്ധവര്‍ഗങ്ങളും ചേര്‍ത്ത ലായനിയില്‍ കഴുകിയാലും രക്തത്തിന്റെ ദുര്‍ഗന്ധം തന്നെ വിട്ടു പോകുകയില്ലെന്ന തോന്നല്‍. ലേഡി മാക്ബത്തിന്റെ ധൈര്യം ആകെ ഒലിച്ചുപോയി. ഉറക്കം അവരുടെ കണ്‍പോളകളില്‍ നിന്ന് യാത്രപറഞ്ഞു പിരിഞ്ഞു. ഒടുവില്‍ അവരുടെ ആത്മഹത്യ വാര്‍ത്തയറിഞ്ഞ മാക്ബത്ത് ഇപ്രകാരം വിലപിച്ചു. “ജീവിതം ഏതോ വിഡ്ഢിപറഞ്ഞ ഒരു നുണക്കഥ.’ ആ ദുരന്തകഥ അവിടെ അവസാനിക്കുന്നു. അതിനു സമാനമായ ദുരന്തങ്ങള്‍ കഥകളുടെ രൂപത്തിലല്ല യാഥാര്‍ഥ്യങ്ങളുടെ രൂപത്തില്‍ നമുക്കു മുന്നില്‍ വന്നു നിന്ന് താണ്ഡവമാടുന്നു. ഇന്ന് കൂടത്തായിയില്‍. നാളെ എവിടെയാകുമോ ആവോ? അവരെ രക്ഷിക്കാന്‍ ഏത് ആളൂരിനാണ് കഴിയുക.?