Connect with us

Kerala

വേതന പ്രശ്‌നം: മിന്നല്‍ പണിമുടക്കുമായി 108 ആംബുലന്‍സ് ജീവനക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ സമരത്തില്‍. ദിവസ വേതന വ്യവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം. സംസ്ഥാന സര്‍ക്കാറിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയായ കനിവ് 108 ആംബുലന്‍സ് ജീവനക്കാരാണ് സമരത്തിലുള്ളത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സര്‍വീസുകളാണ് സമരം മൂലം മുടങ്ങിയത്. വേതന കാര്യത്തില്‍ കരാറെടുത്തിട്ടുള്ള ജി വി കെ എം ആര്‍ ഐ എന്ന കമ്പനി ഇതുവരെ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയില്‍ രണ്ടു രൂപ ജീവനക്കാര്‍ക്ക് നല്‍കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഹെഡ് ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമെ വേതന പരിഷ്‌കരണ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നും മൂന്ന് ദിവസം കാത്തിരിക്കണമെന്നും കമ്പനി അധികൃതര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയ പരിധി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തിലേക്ക് തിരിഞ്ഞത്.
അതേസമയം, ജീവനക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും നോട്ടീസ് പോലും തരാതെ മിന്നല്‍ പണിമുടക്കിലേക്ക് പോയത് ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി അധികൃതര് പറഞ്ഞു.

Latest