Connect with us

Kerala

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: എം ജി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യസമന്ത്രി കെ ടി ജലീലിലിന്റെ രാജി ആവശ്യപ്പെട്ട് കെ എസ് യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ്‌പോകാതെ മുദ്രാവാക്യം വിളിച്ചതിനാല്‍ പോലീസിന് ഒന്നില്‍ കൂടുതല്‍ തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു.

പി എസ് സി പരീക്ഷാ ക്രമക്കേട്, എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദം എന്നിവയില്‍ അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിതിന്റെ നേതൃത്വലായിരുന്നു മാര്‍ച്ച്.

അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. മോഡറേഷന്‍ നല്‍കുകയെന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഭവമല്ല. സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ കാലാകാലങ്ങളായി അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്‌കാരങ്ങളില്‍ വിറളി പിടിച്ചവരാണ് സര്‍വകലാശാലകള്‍ക്കും വകുപ്പിനുമെതിരായി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2012ല്‍ യു ഡി എഫ് ഭരിച്ചിരുന്ന സമയത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബി ടെക്ക് പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികളെ ജയിപ്പിക്കുന്നതിനു വേണ്ടി 20 മാര്‍ക്കു വരെ മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. യു ഡി എഫ് സിന്‍ഡിക്കേറ്റായിരുന്നു അന്നുണ്ടായിരുന്നത്. എല്ലാ സര്‍വകലാശാലകളും ഇത്തരത്തില്‍ മോഡറേഷന്‍ നല്‍കാറുണ്ട്. സമാനമായ സംഭവമാണ് എം ജി സര്‍വകലാശാലയിലും നടന്നത്.

അതിനെയാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഇടപെട്ടുവെന്നതിനുള്ള തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല. ഒരു തരത്തിലുള്ള ഇടപെടലും മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നടത്തിയിട്ടില്ല.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തെന്നാണ് ചെന്നിത്തലയുടെ ആരോപണം.പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ്. അദ്ദേഹം പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. എന്നാല്‍ ആ ക്ലിപ്പിങ്ങില്‍ എന്താണെന്ന് കേള്‍പ്പിക്കാതെ, ദൃശ്യം മാത്രം കാണിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

 

Latest