സ്ത്രീകളെ അധിക്ഷേപിച്ച് ലൈവ്; ഫിറോസ് കുന്നുംപറമ്പിലിന് എതിരെ കേസെടുത്തു

Posted on: October 15, 2019 8:17 pm | Last updated: October 16, 2019 at 11:37 am

തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവില്‍ സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മുന്‍ കെഎസ്‌യു നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തിനാണ് നടപടി.

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എംസി കമറുദ്ദീനുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച സ്ത്രീക്ക് എതിരെയാണ് ഫിറോസ് വിവാദപരാമര്‍ശം നടത്തിയത്. ‘കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ ശരീര സുഖത്തിനായി ജീവിക്കുന്ന മോശമായ സ്ത്രീ’ എന്നിങ്ങനെയായിരുന്നു വിവാദ പരാമര്‍ശം.

കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് എതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും മോശമായ രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈന്‍ പറഞ്ഞു.