Connect with us

Gulf

റസീന്‍ ലേബര്‍ സിറ്റി റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതി 60 ശതമാനം പൂര്‍ത്തിയായി

Published

|

Last Updated

അബൂദബി: അല്‍ വത്ത്ബ സൗത്തില്‍ നിര്‍മ്മിക്കുന്ന റസീന്‍ ലേബര്‍ സിറ്റിയുടെ റോഡ്, ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി 60 ശതമാനം പൂര്‍ത്തിയായതായി അബൂദബി ജനറല്‍ സര്‍വീസസ് കമ്പനിയായ മുസാനദ അറിയിച്ചു. ബാക്കിയുള്ള പ്രവൃത്തി മുന്‍ നിശ്ചയിച്ച പ്രകാരം പുരോഗമിക്കുന്നുണ്ട്. 31.425 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ 13 പ്രധാന, ദ്വിതീയ കരാറുകളിലായി ഏകദേശം 946 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും സവിശേഷതകളും പാലിച്ചു എല്ലാ ജോലികളും റെക്കോഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അബൂദബി – അല്‍ ഐന്‍ (ട്രക്ക്) റോഡിന് തെക്ക്, വ്യാവസായിക നഗരമായ അബൂദബിക്ക് സമീപം അല്‍ വത്ത്ബ സൗത്തില്‍ റസീന്‍ പ്രദേശത്താണ് 180 ആയിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പദ്ധതി നിര്‍മിക്കുന്നത്. നിലവിലുള്ള നാല് തൊഴിലാളി നഗരങ്ങള്‍ക്ക് സേവനം നല്‍കുന്നതിന് റോഡും അടിസ്ഥാന സൗകര്യങ്ങളും നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഓരോ നഗരത്തിലെയും 25,000 ത്തിലധികം തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഒരുക്കുന്നു. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍, വെള്ളം, ഡ്രെയിനേജ്, തെരുവ് വിളക്ക് ശൃംഖലകള്‍, പാര്‍ക്കിംഗ് ബേകള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടും.

ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള രാഷ്ട്രപതി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് മുസനാദ അഭിപ്രായപ്പെട്ടു. അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശങ്ങളും ഉത്തരവുകളും പ്രകാരമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ പ്രധാനപ്പെട്ടതും ഫലപ്രദവുമായ തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ മുസനദ വഹിച്ച സുപ്രധാന പങ്കിനെ പദ്ധതി നിര്‍മാതാക്കളായ സോണ്‍സ്‌കോര്‍പ്പ് പ്രശംസിച്ചു.

Latest