Connect with us

National

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവം: നിര്‍മാണ തൊഴിലാളി അറസ്റ്റില്‍

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്പല്‍ ബഹ്‌റയെന്ന നിര്‍മാണ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ഒക്ടോബര്‍ എട്ടിനാണ് കൊലപാതകം നടന്നത്. സ്‌കൂള്‍ അധ്യാപകനായ ബന്ധു പ്രകാശ് പാല്‍ (35), ഗര്‍ഭിണിയായിരുന്ന ഭാര്യ ബ്യൂട്ടി (30), ഇവരുടെ മകന്‍ അംഗന്‍ (എട്ട്) എന്നിവരാണ് ജിയഗഞ്ചിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. ബന്ധു പ്രകാശ് അനധികൃത പണമിടപാട് നടത്തിയിരുന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. മൃതദേഹങ്ങളുടെ സമീപത്തു നിന്ന് കണ്ടെത്തിയ പാസ് ബുക്കാണ് പ്രതിയിലേക്ക് പോലീസിനെ നയിച്ചത്.

തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള ബന്ധു പ്രകാശിന്റെ സ്ഥിര നിക്ഷേപ ഇടപാടില്‍ ഉത്പല്‍ ബെഹ്‌റയും അംഗമായിരുന്നു. തന്റെ ഇടപാട് പൂര്‍ത്തിയായതോടെ കരാര്‍ പ്രകാരമുള്ള 48,000 രൂപ തിരിച്ചുചോദിച്ചപ്പോള്‍ പ്രകാശ് നല്‍കാന്‍ തയാറായില്ലെന്ന് പറയുന്നു. പിന്നീട് പണം ചോദിച്ച് വീട്ടില്‍ വന്നാല്‍ കൊന്നുകളയുമെന്ന് ഉത്പലിനെ ബന്ധു പ്രകാശ് ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. തുടര്‍ന്ന് ഒക്ടോബര്‍ എട്ടിന് വീണ്ടുമെത്തിയ ഉത്പല്‍ പ്രകാശിനെയും ഭാര്യയെയും മകനെയും കത്തികൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു.

Latest