Connect with us

National

370ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് മാര്‍ച്ച്; ഫാറൂഖിന്റെ മകളും സഹോദരിയും കസ്റ്റഡിയില്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയതിന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളും സഹോദരിയുമടക്കമുള്ള വനിതാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഫാറൂഖിന്റെ മകള്‍ സഫിയ, സഹോദരി സുരയ്യ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ കരുതല്‍ തടങ്കലില്‍ കഴിയുകയാണ് ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും.

കൈയില്‍ കറുത്ത ബാന്‍ഡുകള്‍ ധരിച്ച് പ്ലെക്കാര്‍ഡുകളുമായെത്തിയ വനിതാ സംഘത്തോട് പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. തുടര്‍ന്ന് സി ആര്‍ പി എഫ് ഇവരെ വളയുകയും പോലീസ് വാഹനത്തില്‍ കയറ്റുകയുമായിരുന്നു. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംഘം സംസാരിക്കുന്നതും സി ആര്‍ പി എഫ് തടഞ്ഞു.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിച്ച് ജമ്മു കശ്മീരിനെ പിളര്‍ത്തിയ കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയ നടപടിയെ ഞങ്ങള്‍ക്കുള്ള ശക്തമായ വിസ്സമ്മതം രേഖപ്പെടുത്തുന്നതായി പ്രക്ഷോഭകര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളെന്ന നിലയില്‍ ഞങ്ങള്‍ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിക്രമിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. പൗരന്മാരുടെ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പുനസ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. തടവിലാക്കിയവരെ ഉടന്‍ മോചിപ്പിക്കുകയും നഗര-ഗ്രാമങ്ങളെ സൈനിക മുക്തമാക്കുകയും വേണം. കശ്മീരിലെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ദേശീയ മാധ്യമങ്ങളുടെ നിലപാടിനോടുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നു- പ്രക്ഷോഭകര്‍ പ്രതികരിച്ചു.

Latest