Connect with us

Malappuram

കാലിക്കറ്റ് വാഴ്‌സിറ്റിയിൽ മാഗസിൻ വിവാദം; ഇസ്‌ലാമിക വിശ്വാസങ്ങൾക്കെതിരെ കടന്നാക്രമണം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂനിയൻ മാഗസിനിലെ പരാമർശങ്ങളെച്ചൊല്ലി വിവാദം. എസ് എഫ് ഐ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്‌സ് യൂനിയന്റെ മേൽവിലാസത്തിൽ “പോസ്റ്റ് ട്രൂത്ത്” എന്ന പേരിൽ എഡിറ്റർ എ എം ശ്യാം മോഹനും മറ്റ് യൂനിയൻ ഭാരവാഹികളും ചേർന്ന് പുറത്തിറക്കിയ 2018-19 വർഷത്തെ മാഗസിനാണ് വിവാദമായത്.

മഹാത്മാഗാന്ധി, നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി, രാഹുൽഗാന്ധി എം പി, മാതാ അമൃതാനന്ദമയി എന്നിവരെ കടന്നാക്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണ് 19 പേജുകളുള്ള മാഗസിനിലുള്ളതെന്നാണ് ആരോപണം. ഇതിന് പുറമേ ഇസ്‌ലാമിക വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന കവിതയും മാഗസിനിലുണ്ട്. ബുർഖയെ സൂചിപ്പിക്കുന്ന കവിതയിൽ കടുത്ത മതവിരോധവും വിദ്വേഷവും അഭാസ പരാമർശങ്ങളുമാണ്.

ഫോക്‌ലോർ പഠനവിഭാഗം വിദ്യാർഥി ആദർശിന്റ “മൂടുപടം” എന്ന കവിതയിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങളുള്ളത്. 14 അംഗ മാഗസിൻ സമിതിയിക്കൊപ്പം എസ് എഫ് ഐ നേതൃത്വം നൽകുന്ന വിദ്യാർഥി യൂനിയൻ ഭാരവാഹികളും അധ്യാപകരായ ഡോ. ആർ വി എം ദിവാകരൻ (സ്റ്റാഫ് എഡിറ്റർ), ഡോ. പി ജെ ഹെർമൻ (ഡി എസ് യു പ്രസിഡന്റ്) എന്നിവരും പ്രവർത്തിച്ചിട്ടുണ്ട്.

ഇതിനിടെ വിവാദ മാഗസിൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പിയും ബി ജെ പി അനുകൂല സർവീസ് സംഘടനയായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് സെന്ററും രംഗത്തെത്തി. സർവകലാശാലാ ഭരണകാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എ ബി വി പി പ്രവർത്തകർ വിവാദ മാഗസിൻ അഗ്‌നിക്കിരയാക്കി.