Connect with us

Editors Pick

അത്രമേൽ മധുരമുണ്ട് ഈ ഫോൺ നാദത്തിന്

Published

|

Last Updated

കോഴിക്കോട്: രാവിലെ മുതൽ മർകസ് ബോയ്‌സ് ഹൈസ്‌കൂളിലെ കശ്മീരി വിദ്യാർഥികൾ വാച്ചിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു, 12 മണിയാകാൻ. കശ്മീരിന്റെ പ്രത്യക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ടെലിഫോൺ സംവിധാനങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിക്കാൻ കാത്തിരിക്കുകയായിരുന്നു ഇവർ. 72 ദിവസങ്ങളായി അവർക്ക് വീട്ടിലേക്കു ബന്ധപ്പെടാനേ കഴിഞ്ഞിരുന്നില്ല.

അധ്യാപകർ നൽകിയ മൊബൈൽ ഫോണിൽ അവർ ബന്ധപ്പെട്ടവരെ വിളിച്ചു. ഷോപ്പിയാൻ ജില്ലയിലെ ഐജാസ് വഖായാണ് ആദ്യം വീട്ടിലേക്ക് വിളിച്ചത്. മറുതലക്കൽ ഉപ്പ മുഹമ്മദ് ശബാന്റെ ശബ്ദം കേട്ടപ്പോൾ ഐജാസിന്റെ മുഖത്ത് സന്തോഷക്കണ്ണുനീർ നിറഞ്ഞു.

ദീർഘനാളായി മകന്റെ വിവരമറിയാൻ കഴിയാത്ത സങ്കടത്തിലായിരുന്നു വീട്ടുകാർ. ദീർഘനേരം ഉമ്മ ആഇശയും ഐജാസുമായി സംസാരിച്ചു. ഇവിടെ സന്തോഷമാണെന്ന് ഐജാസ് അവരെ അറിയിച്ചു. ഐജാസിന് പിന്നാലെ അതേ ജില്ലക്കാരനായ ഉവൈസ് ഹമീദും ഉപ്പാക്ക് വിളിച്ചുനോക്കി. എന്നാൽ, ബിസി എന്നായിരുന്നു ഫോണിലെ മറുപടി. ഒന്ന് രണ്ട് തവണ പിന്നെയും ശ്രമിച്ചെങ്കിലും കിട്ടിയില്ല. മറ്റു സഹപാഠികളായ മുസമ്മിൽ, ഫൈസൽ, സാഖിബ്, മഅരിഫത്, ഫുർഖാൻ തുടങ്ങി ബാരാമുല്ല, കുൽഗം, ആനന്ത്നാഗ് എന്നിവിടങ്ങിലെ വിദ്യാർഥികൾക്കും ഏറെ നേരം വീട്ടിലേക്ക് വിളിച്ചിട്ടും ബന്ധപ്പെടാൻ ഫോൺ കണക്‌ഷൻ ശരിയായിട്ടില്ല. കശ്മീരികളായ നൂറിലധികം വരുന്ന വിദ്യാർഥികളാണ് മർകസിൽ പഠനം നടത്തുന്നത്.

2004ൽ മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായ സമയത്ത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർഥികളെ മികച്ച പഠനത്തിന് കേരളത്തിലേക്ക് അയക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് ഓരോ വർഷവും കശ്മീരി വിദ്യാർഥികൾ മർകസിൽ പ്രവേശനം തേടുന്നുണ്ട്.