Connect with us

Eranakulam

എറണാകുളത്ത് രാഷ്‌ട്രീയക്കാറ്റ് മാറി വീശുമോ

Published

|

Last Updated

ടി ജെ വിനോദ്, മനുറോയ്, സി ജി രാജഗോപാല്‍

കൊച്ചി: രാജ്യത്ത് തന്നെ ഇടതടവില്ലാതെ ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് അരങ്ങേറിയ ജില്ലയെന്ന റെക്കോർഡ് എറണാകുളത്തിന് സ്വന്തമാണ്. 1995ൽ തുടങ്ങി 2014 വരെയുളള 19 വർഷങ്ങൾക്കുള്ളിൽ 16 പൊതു തിരഞ്ഞെടുപ്പുകൾക്കാണ് എറണാകുളം സാക്ഷ്യം വഹിച്ചത്. ഒരേ മണ്ഡലത്തിൽ ഒന്നിലധികം പ്രാവശ്യം ഉപതിരഞ്ഞെടുപ്പ് നടന്ന റെക്കോർഡും എറണാകുളത്തിനുണ്ട്.
1957 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഒരു മുന്നണിക്ക് മാത്രം അനുകൂല വിധിയെഴുത്ത് നടത്തിയ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്ന് കൂടിയാണ് എറണാകുളം. എന്നാൽ, 87ലും 98ലെ ഉപതിരഞ്ഞെടുപ്പിലും രാഷ്‌ട്രീയക്കാറ്റ് ഇവിടെ മാറി വീശിയെന്നത് മറ്റൊരു ചരിത്രം. ഇക്കുറി വീണ്ടും ചരിത്രം മാറ്റിയെഴുതുമെന്ന് ആവർത്തിച്ച് ഇടതുമുന്നണി സ്വതന്ത്രനുമായി കളത്തിലിറങ്ങുമ്പോൾ യാതൊരു അട്ടിമറിക്കും സാധ്യതയില്ലെന്നാണ് യു ഡി എഫിന്റെ ഉറച്ച പ്രതീക്ഷ.

കൊച്ചിൻ കോർപറേഷൻ ഡെപ്യൂട്ടി മേയറും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ടി ജെ വിനോദിലൂടെ ഭൂരിപക്ഷം വർധിപ്പിച്ച് മണ്ഡലം നിലനിർത്താനാകുമെന്നാണ് ഇത്തവണ യു ഡി എഫിന്റെ വിശ്വാസം. ഹൈബി ഈഡൻ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേടിയ വ്യക്തമായ ഭൂരിപക്ഷം തന്നെയാണ് യു ഡി എഫിന്റെ ആത്മവിശ്വസത്തിന് ബലമേകുന്നത്. 2016ൽ സി പി എമ്മിന്റെ യുവതുർക്കി അഡ്വ. എം അനിൽകുമാറിനെ 21,945 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹൈബി ഈഡൻ പരാജയപ്പെടുത്തിയിരുന്നത്. ഇതിനുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഹൈബി പ്രതീക്ഷ തെറ്റിച്ചില്ല. യു ഡി എഫിന്റെ അടിത്തറ ഉറപ്പിക്കാൻ ഹൈബി നൽകിയത് 31,178 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അതു കൊണ്ട് തന്നെ വിനോദിലൂടെ എറണാകുളം നിലനിർത്താനാകുമെന്ന് തന്നെയാണ് യു ഡി എഫ് കണക്കുകൂട്ടൽ.

1987ൽ പ്രൊഫ. എം കെ സാനുവിലൂടെയും 998ലെ ഉപതിരഞ്ഞെടുപ്പിൽ ഡോ. സെബാസ്റ്റ്യൻ പോളിലൂടെയും പിടിച്ചെടുത്ത മണ്ഡലം ഇടതുമുന്നണി ഇക്കുറിയും എറണാകുളത്ത് രാഷ്‌ട്രീയക്കാറ്റ് മാറ്റി വീശുമെന്ന് വിശ്വസിക്കുന്നു. മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്വതന്ത്രനായി അഭിഭാഷകനായ മനുറോയിയെ ഇടതുപക്ഷം കളത്തിലിറക്കിയത്. പാലായിലുൾപ്പടെ നേടിയ അട്ടിമറി വിജയംകണക്കിലെടുക്കുമ്പോൾ എറണാകുളം പിടിച്ചെടുക്കുക വലിയ വെല്ലുവിളിയല്ലെന്നും ഇക്കുറി എന്തായാലും ജയിച്ചു കയറാനാകുമെന്നും എൽ ഡിഎഫ് കരുതുന്നു. രാഷ്‌ട്രീയത്തിനപ്പുറം മണ്ഡലത്തിൽ വ്യക്തി ബന്ധമുള്ള സി ജി രാജഗോപാലിനെ രംഗത്തിറക്കി എൻ ഡി എയും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാണ്.
ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന തരത്തിൽ താഴേ തട്ടിലുള്ള പ്രവർത്തനമാണ് യു ഡി എഫ് നടത്തുന്നത്.മണ്ഡലത്തിൽ സുപരിചിതനായ ടി ജെ വിനോദ് പലതവണ പര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു. മണ്ഡലത്തിൽ ഹൈബി ചെയ്ത വികസന പ്രവർത്തനങ്ങളാണ് വിനോദിന്റെ പ്രചാരണായുധം. വോട്ടുറപ്പിക്കാൻ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങുന്നു. ശബരിമലയും കൊലപാതക രാഷ്‌ട്രീയമുൾപ്പടെ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയുള്ള പ്രചാരണങ്ങളും ശക്തമാണ്.

കോൺഗ്രസ് പാർട്ടി ഗ്രൂപ്പിനതീതമായി വിനോദിനൊപ്പം നിൽക്കുന്നുണ്ടെന്നതാണ് മറ്റൊരു അനുകൂല ഘടകം. യു ഡി എഫ് കേന്ദ്രങ്ങളെന്ന് തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് സി പി എം മുന്നോട്ട് നീങ്ങുന്നത്. സി പി എം അണികളിൽ ഉണർവുണ്ടാക്കാൻ മനുറോയിയുടെ സ്ഥാനാർഥിത്വം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. മണ്ഡലം പിടിച്ചെടുക്കാനുള്ള ദൗത്യത്തിന് തുടക്കമിടാൻ പാർട്ടി ഒരു ചെറുപ്പക്കാരനെ ഇറക്കിയെന്നതാണ് ഇത്തവണത്തെയും പ്രത്യേകത. മുഖ്യമന്ത്രി പിണറായിവിജയനുൾപ്പടെ എറണാകുളം മണ്ഡലത്തിൽ ഇതിനകം പ്രചാരണത്തിനായെത്തിയിരുന്നു. അതിന്റെ ആവേശം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാകെ കാണുന്നുണ്ട്. ഭരണ നേട്ടം തന്നെയാണ് എൽ ഡി എഫിന്റെ പ്രധാന പ്രചാരണായുധം.

സാംസ്‌കാരിക മേഖലയിലെ സാന്നിധ്യമായ രാജഗോപാലിനെ എറണാകുളത്ത് ബി ജെ പി ഇറക്കിയിരിക്കുന്നത് ഇരുമുന്നണികളുടെയും വോട്ടുബേങ്കിൽ വീള്ളൽ വീഴ്ത്തുകയെന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ്. അൽഫോൻസ് കണ്ണന്താനമെന്ന കേന്ദ്രമന്ത്രിയെ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയിട്ടും വലിയ ഓളങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതിരുന്നത് എൻ ഡി എയെ കുഴക്കുന്നുണ്ടെങ്കിലും കോൺഗ്രസ് വികാരം അലയടിക്കുന്ന മണ്ഡലത്തിൽ 2016ലേതിനേക്കാൾ വലിയ തോതിൽ വോട്ടു നേടാനാവുകയെന്നതാണ് എൻ ഡി എയുടെ പ്രധാന ലക്ഷ്യം. സ്മാർട്ട് സിറ്റിയടക്കം കേന്ദ്ര സർക്കാർ കൊച്ചി നഗരത്തിന് നൽകിയിട്ടുള്ള സംഭാവനകളാണ് പ്രധാന പ്രചാരണായുധം.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇരുമുന്നണികളും ഇവിടെ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.

നഗരത്തിലെ തകർന്ന് കിടക്കുന്ന റോഡുകളും കടുത്ത ഗതാഗതക്കുരുക്കുകളുമൊക്കെ എറണാകുളത്ത് വോട്ടർമാരെ ആഴത്തിൽ സ്വാധീനിക്കുന്ന വിഷയങ്ങളാണ്. കൊച്ചിൻ കോർപറേഷനിലെ 16 ഡിവിഷനുകളും ചേരാനെല്ലൂർ പഞ്ചായത്തും അടങ്ങുന്നതാണ് പുനർനിർണയിക്കപ്പെട്ട എറണാകുളം നിയോജകമണ്ഡലം. കന്നിവോട്ടർമാരായ 2,936 പേർ ഉൾപ്പെടെ 1,53,837 വോട്ടർമാരാണ് ഇക്കുറി മണ്ഡലത്തിൽ ജനവിധിയെഴുതുക. ഇതിൽ 78,302 പേർ സ്ത്രീകളും രണ്ട് പേർ ഭിന്നലിംഗക്കാരുമാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest