Connect with us

Editorial

സീരിയലുകള്‍ക്ക് കടിഞ്ഞാണ്‍ വേണം

Published

|

Last Updated

കൂടത്തായി ജോളിയാണ് ഇപ്പോള്‍ മാധ്യമങ്ങളുടെയും ചാനലുകളുടെയും സോഷ്യല്‍ മീഡിയയുടെയും സിംഹഭാഗം കവരുന്നത്. കവല ചര്‍ച്ചകളിലും മുഖ്യവിഷയം ജോളി നടത്തിയ കൊലകളുടെ പരമ്പര തന്നെ. ആലുവ നഗര മധ്യത്തിലെ ഒരു വീട്ടമ്മയെയും എട്ടും അഞ്ചും വയസ്സായ മക്കളെയും സയനൈഡ് കൊടുത്തു കൊന്ന അമ്മിണിയും പിതാവിനെയും മാതാവിനെയും മകളെയും എലിവിഷം കൊടുത്തു കൊന്ന കണ്ണൂര്‍ പിണറായിയിലെ സൗമ്യയും വാടകക്കൊലയാളികളെക്കൊണ്ട് സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ ബെംഗളൂരുവിലെ ഡൊറീനയും മറ്റും ചര്‍ച്ചകളില്‍ കടന്നു വരുന്നു. ഇവരുടെ ക്രൂരതകളെയും ദുഷ്ടതകളെയും പഴിക്കുന്ന സമൂഹത്തില്‍ പക്ഷേ അതിനവര്‍ക്ക് പ്രചോദനം നല്‍കിയ ഘടകങ്ങളും സാമൂഹിക പരിസരങ്ങളും ചര്‍ച്ചകളില്‍ വരാറില്ല.

സ്ത്രീകള്‍ ലോല മാനസരാണെന്നാണ് പൊതുവേ പറയപ്പെടാറുള്ളത്. ചെറിയ കുറ്റകൃത്യങ്ങളല്ലാതെ കൊടും ക്രൂരതകള്‍ കാണിക്കാന്‍ സ്ത്രീകള്‍ക്കാകില്ലെന്നു വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ സമീപ കാലത്ത് നടന്ന പല കുപ്രസിദ്ധ കൊലകളുടെയും തട്ടിപ്പുകളുടെയുമെല്ലാം പിന്നില്‍ സ്ത്രീകളാണ്. രാജ്യത്ത് സ്ത്രീ കുറ്റവാളികളുടെ എണ്ണമിപ്പോള്‍ പൂര്‍വോപരി വര്‍ധിച്ചു വരികയുമാണ്. എന്തേ ഈ മാറ്റത്തിനു കാരണം? അവര്‍ കൊലയാളികളും ക്രൂര മാനസരുമായി മാറുന്നത് എന്തുകൊണ്ട്? വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാകാം. സീരിയലുകള്‍ക്കും സിനിമകള്‍ക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ കൊലപാതക മാര്‍ഗങ്ങള്‍ മനസ്സിലാക്കിയത് സീരിയലില്‍ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജോളിയെ കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ അവരുടെ ചെയ്തികളിലും സീരിയലുകളുടെ സ്വാധീനം കണ്ടെത്താനായേക്കും.
അമ്മയെ തല്ലുന്ന മക്കള്‍, അമ്മായിയമ്മയെ തെറി പറയുന്ന മരുമകള്‍, മരുമകളെ കുഴിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന അമ്മായിയമ്മ, അനുജന്റെ ഭാര്യയെ വലവീശിപ്പിടിക്കുന്ന ജ്യേഷ്ഠന്‍, ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുന്ന ഭാര്യ, നിഷ്‌കളങ്കരായ കുട്ടികളെ ഉപദ്രവിക്കുന്ന രണ്ടാനമ്മ തുടങ്ങി പ്രേക്ഷകരെ സാംസ്‌കാരികമായും ധാര്‍മികമായും അധഃപതിപ്പിക്കാന്‍ വഴിയൊരുക്കുന്നവരാണ് സീരിയലുകളിലെ കഥാപാത്രങ്ങളില്‍ നല്ലൊരു പങ്കും.

അവിഹിത ബന്ധങ്ങളും മദ്യ, മയക്കുമരുന്നുപയോഗവും നിയമ ലംഘനത്തെ നിസ്സാരവത്കരിക്കുകയും ചെയ്യാത്ത സീരിയലുകള്‍ വിരളം. ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവും ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയും സീരിയലില്‍ മിടുക്കിന്റെയും സാമര്‍ഥ്യത്തിന്റെയും അവതാരങ്ങളാണ്. മാതാപിതാക്കളെ എങ്ങനെ അനുസരിക്കാതിരിക്കാം, കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതെങ്ങനെ, നിയമത്തിന്റെ കണ്ണിൽപ്പെടാതെ എങ്ങനെ കൃത്യങ്ങള്‍ ചെയ്യാം, കൊലകള്‍ ആസൂത്രണം ചെയ്യേണ്ടതും നടപ്പാക്കേണ്ടതുമെങ്ങനെ എന്നൊക്കെ പഠിക്കാനുള്ള മാധ്യമമായി മാറിയിരിക്കുന്നു നിലവില്‍ സീരിയലുകളും സിനിമകളും. സമൂഹം സ്ത്രീകളെ ബഹുമാനിക്കണമെന്ന് പറയുമ്പോഴും അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെയാണ് പരമ്പരകളില്‍ കാണിക്കുന്നത്. പഴയകാല സിനിമകളിലും നാടകങ്ങളിലുമെല്ലാം പുരുഷന്മാരായിരുന്നു വില്ലന്മാര്‍. വല്ലപ്പോഴും അമ്മായിപ്പോര് കടന്നു വരുമ്പോള്‍ മാത്രമായിരുന്നു സ്ത്രീയുടെ ക്രൂരത ചിത്രീകരിക്കപ്പെട്ടിരുന്നത്. ഇന്നാകട്ടെ എല്ലാ ക്രൂരകൃത്യങ്ങളിലും സ്ത്രീകള്‍ മുന്‍പന്തിയിലുണ്ട്. ഇത് സ്ത്രീകളുടെ സ്വഭാവത്തിലും സംസ്‌കാരത്തിലും ചെലുത്തുന്ന മോശപ്പെട്ട സ്വാധീനം ചെറുതല്ല. സ്ഥിരമായി സീരിയലുകള്‍ കാണുന്ന സ്ത്രീകളെ പഠനത്തിനു വിധേയമാക്കിയാല്‍ പലതരം മാനസിക വൈകല്യങ്ങള്‍ക്കും അവര്‍ വിധേയപ്പെട്ടതായി കണ്ടെത്താനാകുമെന്നാണ് മനോരോഗ വിദഗ്ധരുടെ അഭിപ്രായം.

മദ്യത്തേക്കാള്‍ അപകടകരമായ സാമൂഹിക പ്രശ്‌നമായി മാറിയിട്ടുണ്ടിപ്പോള്‍ സീരിയലുകള്‍. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ സംസാരിക്കാനോ, അതിഥികള്‍ വന്നാല്‍ മാന്യമായി സ്വീകരിക്കാനോ ടി വിയില്‍ കണ്ണു നട്ടിരിക്കുന്ന വീട്ടമ്മമാര്‍ക്ക് സാധിക്കുന്നില്ല. സ്ത്രീ പുരുഷ ഇടകലരൽ വരുത്തുന്ന പ്രശ്നങ്ങളോട് പലപ്പോഴും സമൂഹം ജാഗരൂകരാകാറുണ്ട്. എന്നാല്‍ അവിഹിത ബന്ധങ്ങളും ക്രൂരകൃത്യങ്ങളും പഠിപ്പിക്കുന്ന സീരിയലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരും മുന്നോട്ടു വരുന്നതായി കാണാനില്ല.
സമൂഹത്തില്‍ മൂല്യച്യുതി സൃഷ്ടിക്കുന്ന സീരിയലുകള്‍ക്കെതിരെ നിയമസഭാ സമിതി ഇതിനിടെ ശക്തമായി പ്രതികരിക്കുകയുണ്ടായി. സ്ത്രീകളെയും കുട്ടികളെയും തെറ്റായ രീതിയില്‍ വരച്ചുകാട്ടുന്ന സീരിയലുകള്‍ക്കും അവ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബ ബന്ധങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിക്കാത്ത സീരിയലുകള്‍ക്ക് മാത്രമേ സംപ്രേക്ഷണ അനുമതി നല്‍കാവൂവെന്നും ആയിഷാ പോറ്റി അധ്യക്ഷയായ സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. സീരിയലുകളിലെ ഉള്ളടക്കം നിരീക്ഷിക്കാനായി സമിതിയെ നിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. കുടുംബ ശൈഥില്യവും സ്ത്രീകളിലെ കുറ്റവാസനയും ക്രമാതീതമായി വര്‍ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ സമിതിയുടെ ഈ ശിപാര്‍ശ അതീവ പ്രസക്തമാണ്.

Latest