Connect with us

Articles

നൊബേൽ വരുന്നത് ന്യായ് ഉപദേശകന്റെ കൈയിലേക്ക്

Published

|

Last Updated

ലോകത്തെ ദാരിദ്ര്യം തുടച്ചുനീക്കാനാകില്ലെങ്കിലും കുറച്ചുകൊണ്ടുവരാൻ പരീക്ഷണാത്മക സമീപനം എന്ന കാഴ്ചപ്പാടിന്റെ പ്രയോക്താവാണ് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ജേതാക്കളിലൊരാളായ അഭിജിത് ബാനർജി. ആഗോള ദാരിദ്ര്യത്തെനെതിരായ പോരാട്ടത്തിന് വിശ്വസനീയ ഉത്തരങ്ങൾ ലഭിക്കുന്ന പുതിയ സമീപനം പരിചയപ്പെടുത്തിയതാണ് അഭിജിത് ബാനർജിയെയും ഭാര്യ എസ്തർ ദഫ്‌ലോയെയും മൈക്കൽ ക്രിമറിനെയും നൊബേൽ ലബ്ധിയിലേക്ക് നയിച്ചത്.

ഇവരുടെ രീതിശാസ്ത്രം ചെറുതും കൂടുതൽ കൈകാര്യം ചെയ്യനാവുന്നതുമായ ചോദ്യങ്ങളായി ദാരിദ്ര്യ വിഷയത്തെ വിഭജിക്കുന്നു. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ വേണമെന്ന ആശയം ഉദാഹരണമാണ്. “ദരിദ്ര സാമ്പത്തിക ശാസ്ത്രം” എന്ന പേരിൽ പുസ്തകം രചിച്ചവരാണ് ഈ സാമ്പത്തിക ശാസ്ത്ര ദമ്പതികൾ. ഈ പുസ്തകത്തിന് 2011ലെ ഗോൾഡ്മാൻ സാച്ച്‌സ് ബിസിനസ്സ് ബുക് അവാർഡ് ലഭിച്ചിട്ടുണ്ട്. 17 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. ഇരുവരും മസ്സാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകരാണ്. ക്രീമർ ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിലാണ്.

അമേരിക്കയിൽ സ്ഥിര താമസമാണെങ്കിലും ഇന്ത്യൻ സമ്പദ്‌രംഗം, സാമൂഹിക ഇടപെടൽ അടക്കമുള്ളവയിൽ അതീവ തത്പരനാണ് ബാനർജി. കൽക്കട്ട, ജെ എൻ യു യൂനിവേഴ്‌സിറ്റികളിൽ നിന്ന് ഡിഗ്രിയെടുത്തു. ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 1988ൽ പി എച്ച് ഡി നേടി. എസ്തർ ദഫ്‌ലോ, സെന്തിൽ മുല്ലൈനാഥൻ എന്നിവരുമായി ചേർന്ന് അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് (ജെ- പാൽ) എന്ന സംരംഭം തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക താത്പര്യത്തിൽ കൊണ്ടുവന്ന പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേശകൻ ബാനർജി ആയിരുന്നു. ബ്യൂറോ ഫോർ ദ റിസർച്ചിന്റെ മുൻ അധ്യക്ഷൻ, എൻ ബി ഇ ആർ റിസർച്ച് അസോസിയേറ്റ്, സി ഇ പി ആർ റിസർച്ച് ഫെലോ, കീൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർനാഷനൽ റിസർച്ച് ഫെലോ തുടങ്ങിയവയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കുക വഴി ഇന്ത്യൻ റോഡുകളിലുണ്ടായ അപകടങ്ങളെകുറിച്ച് എസ്തർ ദഫ്‌ലോ, ഡാൻ കെനിസ്റ്റൺ, നൈന സിംഗ് എന്നിവരുമായി ചേർന്ന് 2017ൽ പുസ്തകമെഴുതിയിരുന്നു. ഇന്ത്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള പദ്ധതികളുടെ വിജയവും പരാജയവും വിവിധ പരീക്ഷണങ്ങളിലൂടെ ബാനർജിയും എസ്തറും പഠിച്ചിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാൻ ജെ പാൽ മുഖേന ജോലി സ്ഥലങ്ങളിൽ പോയി പരിശോധിച്ചു.

മാർക്കിനേക്കാളുപരി പഠന തോത് അടിസ്ഥാനമാക്കി കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്താൻ സന്നദ്ധ സ്ഥാപനമായ പ്രഥം മുഖേനയും ഇരുവരും നിരവധി പരിപാടികൾ നടത്തി. രണ്ട് ഡോക്യുമെന്ററികളുടെ സഹസംവിധായകനുമായി.

Latest