അമാനവികമാണ് ഇരകളോടുള്ള ഈ ഭാഷ

പൗര സ്വാതന്ത്ര്യവും നിയമ വാഴ്ചയുമാണ് ഒരു സര്‍ക്കാറിന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാവുന്നതില്‍ ഏറ്റവും പ്രധാനമായ അവകാശങ്ങള്‍. അതാണെങ്കില്‍ ഭരണകൂടത്തിന്റെ മൗലിക കര്‍ത്തവ്യങ്ങളില്‍ പെട്ടതുമാണ്. നിയമത്തിന് മുമ്പില്‍ രാജ്യത്തെ സകല പൗരന്‍മാരും തുല്യരായിരിക്കുകയും തുല്യ സംരക്ഷണം ലഭ്യമാകുകയും ചെയ്യുമ്പോഴാണ് അവിടെ നിയമവാഴ്ച ഉണ്ടെന്ന് പറയാനാകുക. എങ്കില്‍ മനുഷ്യരെ തല്ലിക്കൊന്നും മാനം പിച്ചിച്ചീന്തിയും നിയമ നടപടികളിലൂടെ കടന്നുപോകാതെയും ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിയമവാഴ്ച അമ്പേ തകര്‍ച്ചയിലാണെന്ന് ബോധ്യപ്പെടും. അതില്‍ ഭരണ തലപ്പത്തിരിക്കുന്നവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളോട് ഭരണകൂടം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാട് കാണുമ്പോള്‍ പഴയ രാജഭരണ കാലം ഓര്‍മയിലെത്തും. ഈയിടെ മാത്രം ഉത്തര്‍ പ്രദേശിലെ പ്രമുഖ ഭരണകക്ഷി നേതാക്കളുള്‍പ്പെട്ട രണ്ട് പീഡന കേസുകളുടെ വൃത്താന്തങ്ങള്‍ അത്തരമൊരു മറുവാക്കില്ലാ കാലത്തെ ഭീകരതയെ വിളിച്ചറിയിക്കുന്നതാണ്. നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നതെന്ന് തെല്ലിട ഓര്‍ത്തു പോകുന്ന സാഹചര്യം. ശരീരത്തിനും മനസ്സിനും മുറിവേറ്റ് നീതിക്കു വേണ്ടി യാചിച്ചു നില്‍ക്കുന്ന ഇരകളെ കുറ്റവാളികളുള്‍പ്പെടുന്ന ഭരണകൂടം വേട്ടയാടുന്നെങ്കില്‍ അത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ്.
Posted on: October 15, 2019 10:16 am | Last updated: October 15, 2019 at 10:16 am

“പേടികൊണ്ടല്ലാതെ പൗരബോധത്തിന്നു വേരുപിടിക്കാത്ത നാടാണു കേരളം’ എന്ന് യശഃശ്ശരീരനായ കവി ചെമ്മനം ചാക്കോ എഴുതിയത് ഏറെക്കുറെ ശരിയാണ്. പേടി കൊണ്ടെങ്കിലും പൗരബോധത്തിന് വേരുള്ള, നിയമവാഴ്ചയുള്ള മണ്ണാണ് കേരളം. അതിനാല്‍ ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് മുമ്പന്തിയിലാണ് നമ്മുടെ നാട്.

പൗര സ്വാതന്ത്ര്യവും നിയമ വാഴ്ചയുമാണ് ഒരു സര്‍ക്കാറിന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാവുന്നതില്‍ ഏറ്റവും പ്രധാനമായ അവകാശങ്ങള്‍. അതാണെങ്കില്‍ ഭരണകൂടത്തിന്റെ മൗലിക കര്‍ത്തവ്യങ്ങളില്‍ പെട്ടതുമാണ്. നിയമത്തിന് മുമ്പില്‍ രാജ്യത്തെ സകല പൗരന്‍മാരും തുല്യരായിരിക്കുകയും തുല്യ സംരക്ഷണം ലഭ്യമാകുകയും ചെയ്യുമ്പോഴാണ് അവിടെ നിയമവാഴ്ച ഉണ്ടെന്ന് പറയാനാകുക.

എങ്കില്‍ മനുഷ്യരെ തല്ലിക്കൊന്നും മാനം പിച്ചിച്ചീന്തിയും നിയമ നടപടികളിലൂടെ കടന്നുപോകാതെയും ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിയമവാഴ്ച അമ്പേ തകര്‍ച്ചയിലാണെന്ന് ബോധ്യപ്പെടും. അതില്‍ ഭരണ തലപ്പത്തിരിക്കുന്നവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളോട് ഭരണകൂടം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാട് കാണുമ്പോള്‍ പഴയ രാജഭരണ കാലം ഓര്‍മയിലെത്തും. ഈയിടെ മാത്രം ഉത്തര്‍ പ്രദേശിലെ പ്രമുഖ ഭരണകക്ഷി നേതാക്കളുള്‍പ്പെട്ട രണ്ട് പീഡന കേസുകളുടെ വൃത്താന്തങ്ങള്‍ അത്തരമൊരു മറുവാക്കില്ലാ കാലത്തെ ഭീകരതയെ വിളിച്ചറിയിക്കുന്നതാണ്. നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നതെന്ന് തെല്ലിട ഓര്‍ത്തു പോകുന്ന സാഹചര്യം.

ദൈവ സമാനനായി കരുതേണ്ടിയിരുന്ന ഉഗ്ര പ്രതാപിയുടെ രാജനീതിയില്‍ മറു ചോദ്യമില്ലാത്ത ഫ്യൂഡല്‍ കാലമല്ല ജനാധിപത്യ വാഴ്ചയുടെ വര്‍ത്തമാന കാലം. അവിടെ ശരീരത്തിനും മനസ്സിനും മുറിവേറ്റ് നീതിക്കു വേണ്ടി യാചിച്ചു നില്‍ക്കുന്ന ഇരകളെ കുറ്റവാളികളുള്‍പ്പെടുന്ന ഭരണകൂടം വേട്ടയാടുന്നെങ്കില്‍ അതത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ്.

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ അദ്ദേഹം മാനേജറായ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനി ബലാത്സംഗ പരാതി ഉന്നയിച്ചതിന് പിറകെ പെണ്‍കുട്ടിയെ കാണാതാകുകയുണ്ടായി. തുടര്‍ന്ന് വിഷയം പൊതുജന ശ്രദ്ധയിലെത്തിയപ്പോള്‍ ബലാത്സംഗ കുറ്റം ചുമത്താത്ത വിധം ഗുരുതരമല്ലാത്ത വകുപ്പ് ചേര്‍ത്തായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒപ്പം ചിന്മയാനന്ദിന്റെ പരാതിയില്‍ ബലാത്സംഗ ഇരക്കെതിരെ കവര്‍ച്ചാ കേസ് ചുമത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇരയായ പെണ്‍കുട്ടിക്ക് നീതി നിഷേധിച്ചെന്ന് മാത്രമല്ല, അവഹേളിക്കുക കൂടെയായിരുന്നു ഉത്തര്‍ പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥിന്റെ പോലീസ്. ആത്മീയാചാര്യനും പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മാനേജറുമായ കുറ്റാരോപിതന്‍ പ്രസ്തുത പദവിയും സ്വാധീനവും ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കോളജ് ഹോസ്റ്റലിന് പുറത്ത് തോക്കുധാരികള്‍ ചിന്മയാനന്ദിന്റെ അടുത്തേക്ക് തന്നെ നയിച്ചെന്നും ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) വകുപ്പിനൊപ്പം കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം കാണിക്കുന്ന മറ്റു ഉപവകുപ്പുകളും കൂടെ ചേര്‍ത്ത് ഫയല്‍ ചെയ്യേണ്ട കേസാണിതെന്ന് ഏത് പോലീസുകാരനും അറിയേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന ഗുരുതരമായ ലൈംഗിക കുറ്റകൃത്യമാണിത്.

എന്നാല്‍ ഇരയെയും അവരെ പിന്തുണക്കുന്ന പൊതു സമൂഹത്തെയും അപഹസിക്കുന്ന വിധത്തിലാണ് പോലീസ് കേസ് കൈകാര്യം ചെയ്തത്. കുറ്റാരോപിതനെതിരെ ചുമത്തിയ ഐ പി സി 376 (സി) പ്രകാരം സ്വാമി ചിന്മയാനന്ദ് ബലാത്സംഗമേ ചെയ്തിട്ടില്ല! ഭരണ സ്വാധീനവും ഇരയിലെ തന്റെ രക്ഷാകര്‍തൃത്വവും ഉപയോഗിച്ച് ലൈംഗിക ചൂഷണം ചെയ്തു എന്ന രൂപത്തില്‍ താരതമ്യേനെ നിസാരമായ വകുപ്പ് ചുമത്തുമ്പോള്‍ ബലാത്സംഗ പരാതി നല്‍കിയ ഇരയെ അപമാനിക്കുക കൂടെയാണ് ചെയ്യുന്നത്. തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് ഇര പറയുമ്പോഴും ഇന്ത്യന്‍ ശിക്ഷാ നിയമ പുസ്തകത്തിലെ “റേപ്പും’ “സെക്ഷ്വല്‍ ഇന്റര്‍കോഴ്‌സും’ തമ്മിലുള്ള അര്‍ഥാന്തരം അറിയാത്തവരല്ല നമ്മുടെ ഏമാന്‍മാരൊന്നും.

നടാടെയല്ല സ്വാമി ചിന്മയാനന്ദിനെതിരെ സമാന പരാതിയുയരുന്നത്. 2011ല്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു പെണ്‍കുട്ടി പരാതിയുമായി രംഗത്തുവന്നിരുന്നു. അന്നും ഇതൊക്കെ ആവര്‍ത്തിച്ചു. പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ചിന്മയാനന്ദിന്റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ കവര്‍ച്ചാ കുറ്റം ചുമത്തുകയും ചെയ്തു.
അതിനപ്പുറം ഭരണത്തണലില്‍ അരങ്ങേറുന്ന നെറികേടുകള്‍ക്ക് പിന്തുണ നല്‍കുന്നതായിരുന്നു 2017 ഡിസംബറില്‍ യോഗി സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇരുപതിനായിരത്തോളം കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാറെടുത്ത വിവാദ തീരുമാനത്തിന്റെ മറവിലായിരുന്നു അന്ന് സ്വാമി ചിന്മയാനന്ദിനെ രക്ഷിച്ചെടുത്തത്. കേസ് പിന്‍വലിക്കാന്‍ താനൊരു സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടിയും കുടുംബവും രംഗത്തുവരികയും ചെയ്തിരുന്നു.

ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥ വൃന്ദവും പൗരന്‍മാരില്‍ പല വിധേനെ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന പദവികളിലാണിരിക്കുന്നത്. അവര്‍ രാജവാഴ്ചക്കാലത്ത് സംവരണം ചെയ്തു കിട്ടിയ പട്ടും വളയുമായി ആസനസ്ഥരല്ല. ജനങ്ങളെ സേവിക്കാന്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ നിയുക്തരായവര്‍ പദവികളുടെ തിണ്ണബലത്തില്‍ അനീതിയുടെ ഉപാസകരായി മാറുന്നത് അപകടകരമായ പ്രവണതയാണെങ്കില്‍ കുറ്റവാളികളെ ഭരണകൂടം ചിറകിലൊളിപ്പിക്കുന്നത് ഒരു നീതിബോധവും അതിലുപരി ജനാധിപത്യ മൂല്യ വിചാരങ്ങളും അവരെ സ്പര്‍ശിച്ചിട്ടില്ലെന്നതിന് തെളിവാണ്.

സ്വാമി ചിന്മയാനന്ദ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറ്റു പല ബി ജെ പി ജനപ്രതിനിധികളും നേതാക്കളും ഇത്തരം ചില “സൗകര്യങ്ങള്‍’ ഉപയോഗപ്പെടുത്തിയവരും ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നവരുമാണ്. യു പിയിലെ തന്നെ ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും തുടര്‍ ജീവിതാവസ്ഥ എന്തായിരുന്നു എന്നത് ഞെട്ടലുളവാക്കുന്ന ഒരു സ്റ്റോറിയാണ്. ലോകത്തെ വലിയ ജനാധിപത്യ സമൂഹത്തിന്റെ നീതിചക്രവാളത്തില്‍ പൂര്‍ണമായ കൂരിരുട്ട് പരക്കുകയാണെന്ന് തോന്നും വിധമല്ലേ ഇരയും കുടുംബവും തുടര്‍ച്ചയായി അപമാനിക്കപ്പെട്ടതും കുടുംബാംഗങ്ങളില്‍ പലരും കൊല്ലപ്പെട്ടതും. എല്ലാം കഴിഞ്ഞിട്ടാണെങ്കിലും രാജ്യത്തെ പരമോന്നത നീതിപീഠം ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കനത്തില്‍ ചോദിക്കുകയുണ്ടായി.

അവിടെയും കുറ്റവാളികള്‍ക്ക് കുട പിടിച്ചത് ഒരേ ഭരണകൂടമായിരുന്നു എന്നത് അധികാര ലഹരിയുടെ അര്‍മാദമാണ് രാജ്യഭരണാധികാരികള്‍ താത്പര്യപ്പെടുന്നതെന്നാണ് നമ്മെ തെര്യപ്പെടുത്തുന്നത്. മത നാമത്തിലുയര്‍ത്തുന്ന വൈകാരികതയും ദേശീയതയുടെ പേരിലുള്ള കപട നാട്യങ്ങളും അധികാരവും അതിന്റെ പിന്നില്‍ അരങ്ങേറുന്ന അവിഹിതങ്ങളും പിടിച്ചു നിര്‍ത്താനുള്ള ആയുധങ്ങള്‍ മാത്രമാണ്.

അപരമത വിദ്വേഷം പടര്‍ത്തിവിട്ട വെറുപ്പില്‍ നിന്ന് ഉത്ഭൂതമായ കീഴ്‌പ്പെടുത്തലിന്റെ ഏറ്റവും മ്ലേഛവും അമാനവികവുമായ ഭാഷയിലായിരുന്നു ഫാസിസം കശ്മീരിലെ കത്വയിലെ പെണ്‍കുട്ടിയോട് സംസാരിച്ചതെങ്കില്‍ ഉന്നാവോയിലെയും ഷാജഹാന്‍പൂരിലെയും പെണ്‍കൊടികള്‍ ഫാസിസ്റ്റ് അധികാര പ്രയോഗത്തിന്റെ മേധാവിത്ത മനോഭാവത്തിന്റെ ഇരകളാണ്. അടിസ്ഥാനപരമായി ഫാസിസം മാനവികതയുടെ ശത്രുപക്ഷത്താണെന്ന ബോധ്യത്തില്‍ നിന്നാണ് നാം ഒന്നിക്കേണ്ടതും ഒച്ചവെക്കേണ്ടതും.