Connect with us

National

'നികമ്മ'യിൽ തട്ടി മഹാരാഷ്ട്ര കോൺഗ്രസ്

Published

|

Last Updated

സഞ്ജയ് നിരുപം

മുംബൈ: 21ന് ബൂത്തിലേക്ക് നീങ്ങുന്ന മഹാരാഷ്ട്രയിലെ കോൺഗ്രസ് ക്യാമ്പിൽ ഇപ്പോൾ ചർച്ച നികമ്മ എന്ന പദമാണ്. രാഹുൽ നീണ്ട ഇടവേളക്ക് ശേഷം ഫോമിലേക്ക് ഉയർന്ന് പ്രചാരണത്തിലേക്ക് റാഫേൽ തന്നെ എടുത്തിടുകയും ജനം ചൗക്കി ദാർ ചോർ ഹേ എന്ന മുദ്രാവാക്യം ആർത്തു വിളിക്കുകയും ചെയ്തിട്ടും അതൊന്നുമല്ല വാർത്തയിൽ നിറയുന്നത്, നികമ്മയാണ്. ഈ മറാഠി വാക്കിന്റെ അർഥം കഴിവുകെട്ടവൻ എന്നാണ്.

വിമത സ്വരമുയർത്തുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് കഴിവുകെട്ടവൻ (നികമ്മ) എന്ന വാക്കുപയോഗിച്ചിരിക്കുന്നത്. ഇതോടെ പാർട്ടിയിലെ വിഭാഗീയതക്ക് ഒരിക്കൽ കൂടി തീപ്പിടിച്ചിരിക്കുകയാണ്.
സഞ്ജയ് നിരുപം പാർട്ടിയിലെ തന്റെ എതിരാളിയായ മിലിന്ദ് ദിയോറയെ ലക്ഷ്യമിട്ടാണ് ഈ വാക്കുപയോഗിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

“രാഹുൽ ഗാന്ധിയുടെ മഹാരാഷ്ട്ര റാലികളിലെ എന്റെ അസാന്നിധ്യത്തെ കുറിച്ചുള്ള ഊഹങ്ങളും ആശങ്കകളും അടിസ്ഥാനരഹിതമാണ്. കുടുംബത്തിൽ ഒരു പ്രധാന ചടങ്ങ് ഉണ്ടായിരുന്നതിനാൽ ആ ദിവസം രാത്രി വരെ തിരക്കിലായിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തോട് നേരത്തേ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം എന്റെ നേതാവാണ്, അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും. പക്ഷേ “കഴിവുകെട്ടവൻ” (നികമ്മ) എന്താണ് വരാതിരുന്നത്?”- സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തു. രാഹുൽ പങ്കെടുത്ത പരിപാടികളിൽ ഒരിടത്തും സഞ്ജയും മിലിന്ദും പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് ട്വീറ്റ്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കിയിരുന്നു. താൻ നിർദേശിച്ചവരെ സ്ഥാനാർഥികളായി പരിഗണിക്കാതിരുന്നതാണ് സഞ്ജയ് നിരുപത്തെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാക്കളെ അധികാര സ്ഥാനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് കോൺഗ്രസിൽ നടക്കുന്നതെന്നും സഞ്ജയ് ആരോപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് മുംബൈ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സഞ്ജയ് നിരുപത്തെ മാറ്റുന്നത്. മിലിന്ദ് ദിയോറയെയാണ് പകരം പാർട്ടി നിയമിച്ചത്. തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോടെ മിലിന്ദിനെയും കോൺഗ്രസ് മാറ്റിയിരുന്നു. മുംബൈയിലെ ആറ് ലോക്‌സഭ സീറ്റുകളിൽ ഒന്നിൽ പോലും വിജയിക്കാൻ കോൺഗ്രസിനായിരുന്നില്ല.

Latest