Connect with us

National

തീപാറും; ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇന്ന്

Published

|

Last Updated

ഫേവറിറ്റ് എന്ന വിശേഷണത്തില്‍ വലിയ കാര്യമില്ലെന്ന് ഇന്ത്യയുടെ കോച്ച് ഇഗോര്‍ സ്റ്റിമാക്. ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ ക്വാളിഫൈയറില്‍ ഗ്രൂപ്പ് ഇയില്‍ ബംഗ്ലാദേശിനെ നേരിടാന്‍ തയ്യാറെടുക്കുമ്പോഴാണ് സ്റ്റിമാകിന്റെ പ്രസ്താവന. അതിന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ഇന്ത്യ-ഖത്വര്‍ മത്സരമാണ്. ഏഷ്യന്‍ ചാമ്പ്യന്‍മാരായിരുന്നു ഫേവറിറ്റുകള്‍. മത്സരം ഗോള്‍ രഹിതമായി. ആരും പ്രതീക്ഷിച്ചിരുന്നില്ല ഇന്ത്യ തകര്‍ത്തു കളിക്കുമെന്ന്. പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. അതുകൊണ്ട് ഇന്ത്യക്കാര്‍ കരുതരുത് ബംഗ്ലാദേശ് അപ്രസക്തരാണെന്ന്. അവരെ കരുതിയിരിക്കുക തന്നെ വേണം.

പതിനൊന്ന് പേര്‍ തമ്മിലുള്ള പോരാട്ടമാണ്. അവിടെ ആര് മികച്ച് നില്‍ക്കുന്നുവോ അവര്‍ ജയിക്കും. ഖത്വറിനെതിരെ ബംഗ്ലാദേശിന്റെ പ്രകടനം മികച്ചതായിരുന്നു. പക്ഷേ, ജയിക്കാന്‍ ഗോളുകള്‍ വേണം. അവിടെ അവര്‍ പരാജയപ്പെട്ടു- സ്റ്റിമാക് പറഞ്ഞു.

ഖത്വറിനെതിരെ പൊരുതിയതിന്റെ ആത്മവിശ്വാസം ബംഗ്ലാദേശിനുണ്ട്. സമനില നേടിയതിന്റെ ഉള്‍ബലം നമുക്കും. എന്ത് തന്നെ വന്നാലും തോല്‍ക്കാന്‍ വേണ്ടിയാകില്ല ബംഗ്ലാദേശ് സാള്‍ട്ട്‌ലേക്കില്‍ ഇറങ്ങുക. അവര്‍ക്ക് വ്യക്തമായ ഗെയിം പ്ലാനുണ്ടാകും. അതിനെ തടയാനുള്ള തന്ത്രവുമായാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുക – സ്റ്റിമാക് പറഞ്ഞു.

ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റ് കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഐക്യത്തോടെ കളിക്കുന്ന ടീമിനെ ഒരുക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് സ്റ്റിമാക്. 20-25 ദിവസങ്ങള്‍ മാത്രമാണ് ദേശീയ ടീമിനെ ഒരുക്കാന്‍ ലഭിച്ചത്. ഇത് കുറഞ്ഞ കാലപരിധിയാണ്. യുവത്വവും പരിചയ സമ്പത്തും ഒരുമിക്കുന്നതാണ് തന്റെ ടീം. നാല്‍പത് പേരാണ് എന്റെ പട്ടികയിലുള്ളത്. അവരെ നിരീക്ഷിക്കും. പക്ഷേ, മറ്റുള്ളവര്‍ക്ക് മുന്നില്‍ വാതില്‍ അടഞ്ഞ് കിടക്കില്ല. ഐ എസ് എല്‍ 20ന് ആരംഭിക്കുകയാണല്ലോ. എല്ലാ കളിയും ഞാന്‍ കാണും. ഈ ക്വാളിഫൈയിംഗ് റൗണ്ട് മാത്രമല്ല ലക്ഷ്യം. 2026 ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ദീര്‍ഘകാല പദ്ധതികളാണ് വേണ്ടത്- സ്റ്റിമാക് അഭിപ്രായപ്പെട്ടു.

ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റോടെ ഇന്ത്യ നാലാം സ്ഥാനത്താണ്. ബംഗ്ലാദേശ് എക്കൗണ്ട് തുറന്നിട്ടില്ല. അഫ്ഗാനിസ്ഥാനോടും ഖത്വറിനോടും ബംഗ്ലാദേശ് തോറ്റു. ഇന്ത്യ 1-2ന് ഒമാനോട് ആദ്യ കളിയില്‍ പരാജയപ്പെട്ടിരുന്നു.

ഇന്ത്യയെ അട്ടിമറിക്കണം എന്നത് മാത്രമാണ് ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീം നായകന്‍ ജമാല്‍ ഭുയാന്റെ മനസില്‍. അത് മറ്റൊന്നും കൊണ്ടല്ല, വേണ്ടത്ര സ്‌പോണ്‍സര്‍ഷിപ്പോ നിക്ഷേപമോ ഇല്ലാത്ത ബംഗ്ലാദേശ് ഫുട്‌ബോളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.
മികച്ചൊരു യൂത്ത് സിസ്റ്റമോ, ലീഗോ, അക്കാദമിയോ ബംഗ്ലാദേശില്‍ ഇല്ല. ഇതിനെല്ലാം ഒരു മാറ്റം വരുത്താന്‍ ലോകഫുട്‌ബോളില്‍ മികച്ച വിജയങ്ങള്‍ അനിവാര്യമാണ്. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യയെ വീഴ്ത്തിയാല്‍ അതൊരു ടേര്‍ണിംഗ് പോയിന്റാകുമെന്ന് ബംഗ്ലാ നായകന്‍ വിശ്വസിക്കുന്നു.

സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദം ഇന്ത്യക്കാണ്. ഞങ്ങള്‍ ആസ്വദിച്ചു കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ടീം അംഗങ്ങളോട് പറഞ്ഞിട്ടുള്ളത് ഇന്ത്യയാണ് ഫേവറിറ്റുകള്‍ എന്നാണ്. പക്ഷേ, നമുക്കവരെ തോല്‍പ്പിക്കണം. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം – ക്യാപ്റ്റന്റെ വാക്കുകള്‍.
ഖത്വറിനെതിരെ ഇല്ലാതിരുന്ന സുനില്‍ ഛേത്രി തിരിച്ചെത്തുന്നത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും. ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രതിരോധ ഗെയിം കാഴ്ചവെച്ചതും ബംഗ്ലാദേശിന്റെ ഉറക്കം കെടുത്തുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഭുയാന്റെ നിരീക്ഷണം മത്സരം മധ്യനിര കേന്ദ്രീകരിച്ചാകും എന്നാണ്.

ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്വറിനെ ഇന്ത്യ സമനിലയില്‍ തളച്ചപ്പോള്‍ ബംഗ്ലാദേശ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഖത്വറിനോട് തോറ്റിരുന്നു.
ഖത്വറിനെതിരെ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ ന്യായീകരിക്കുന്നു. ടീം ആത്മാര്‍ഥമായിട്ടാണ് കളിച്ചത്. ചില മേഖലകളില്‍ ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാല്‍, ആത്മവിശ്വാസം ടീമിനുണ്ട് – ഭുയാന്‍ പറഞ്ഞു.
ആതിഥേയര്‍ക്കെതിരെ ഏറ്റവും മികച്ച കളി തന്നെ ബംഗ്ലാദേശ് പുറത്തെടുക്കുമെന്ന് കോച്ച് ജാമി ഡേ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയില്‍ എത്തിയതിന്റെ ആവേശത്തിലാണ് ജാമി ഡേ.
എവിടെ നോക്കിയാലും ഫുട്‌ബോള്‍ മാത്രം. ഞാന്‍ എന്റെ കുട്ടികളോട് പറഞ്ഞിരിക്കുന്നത് ഇതൊരു വലിയ അവസരമാണെന്നാണ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കാണിക്കൂട്ടത്തിന ്മുന്നില്‍ ഏറ്റവും മനോഹരമായി കളിക്കുക. കൈയ്യടി നേടുക, ജയം സ്വന്തമാക്കുക- ജാമി ഡേ പറഞ്ഞു.

ഫുട്‌ബോളില്‍ ഇന്ത്യയുമായുള്ള പ്രകടമായ വ്യത്യാസം മികച്ച ലീഗ് ഘടനം ബംഗ്ലാദേശിനില്ല എന്നതാണ്.
ഇതിനൊരു മാറ്റം വരണം. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ ഗ്രൗണ്ടില്‍ നടത്തുന്നത് – ജാമി ഡേ പറഞ്ഞു.

ഇതിഹാസത്തിന് ടിക്കറ്റില്ല !

കൊല്‍ക്കത്ത: എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ടീം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നു. അതും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ. കൊല്‍ക്കത്തയ്ിലെങ്ങും ഈ മത്സരത്തെ കുറിച്ച് മാത്രമാണ് ചര്‍ച്ച.

സ്‌റ്റേഡിയത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജിക്ക് കളി കാണാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷേ, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതുവരെ ബാനര്‍ജിയെ ഒന്ന് ക്ഷണിച്ചിട്ട് പോലുമില്ല. അധികൃതര്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ സ്‌റ്റേഡിയത്തിലെത്തും- എണ്‍പത്തിമൂന്നു വയസുള്ള ബാനര്‍ജി പറഞ്ഞു.
ഇന്ത്യക്ക് ബംഗ്ലാദേശ് വലിയ വെല്ലുവിളിയാകുമെന്ന് ബാനര്‍ജി നിരീക്ഷിച്ചു.

Latest