Connect with us

National

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ പടയൊരുക്കം

Published

|

Last Updated

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിളങ്ങിയാല്‍ നേരെ ഇന്ത്യയുടെ ദേശീയ ടീമിലേക്കാണ്. സന്ദേശ് ജിംഗന്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിലെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായതോടെയാണ്. ദേശീയ ടീമില്‍ നിന്ന് പുറത്തായവര്‍ക്ക് ഫോം വീണ്ടെടുത്ത് തിരികെ കയറാനുള്ള അവസരം കൂടിയാണ് ഐ എസ് എല്‍ സീസണ്‍.

ജെജെ ലാല്‍പെഖുല (ചെന്നൈയിന്‍)

1- ജെജെ ലാല്‍പെഖുല:

ഇന്ത്യന്‍ ടീമില്‍ സുനില്‍ ഛേത്രി-ജെജെ ദ്വന്ദം എതിരില്ലാത്തതാണ്. രാജ്യാന്തര നിലവാരത്തിലുള്ള സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍മാര്‍. എ എഫ് സി ഏഷ്യന്‍ കപ്പിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് ജെജെയുടെ ഫോം നഷ്ടപ്പെടുത്തി. കിംഗ്‌സ് കപ്പ്, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ എല്ലാം നഷ്ടമായി. ചെന്നൈയിന്‍ എഫ് സിയുടെ എ എഫ് സി കപ്പ് മത്സരം നടക്കുമ്പോള്‍ ജെജെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ജെജെയുടെ അഭാവത്തിലാണ് പുതിയ ഇന്ത്യന്‍ കോച്ച് സ്റ്റിമാക് സ്‌ട്രൈക്കര്‍മാരെ റൊട്ടേറ്റ് ചെയ്ത് പരീക്ഷിക്കുന്നത്. മന്‍വീര്‍ സിംഗ്, ബല്‍വന്ദ് സിംഗ്, ഫാറൂഖ് ചൗദരി എന്നിവര്‍ക്ക് അവസരം ലഭിച്ചു. ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിയുടെ ആദ്യ മത്സരം 23ന് എഫ് സി ഗോവക്കെതിരെയാണ്. ജെജെ കളിക്കുന്ന കാര്യം ഉറപ്പില്ല. ഫിറ്റ്‌നെസ് വീണ്ടെടുക്കുകയും ടൂര്‍ണമെന്റില്‍ തിളങ്ങുകയും ചെയ്താല്‍ സ്റ്റിമാക്കിന്റെ ഇന്ത്യന്‍ ടീമില്‍ ജെജെയെ കാണാന്‍ സാധിക്കും.

വിശാല്‍ (ചെന്നൈയിന്‍)

2-വിശാല്‍ കെയ്ത്:

ഇന്ത്യന്‍ ഗോള്‍ വല കാക്കാന്‍ ഇപ്പോള്‍ ഒരു സൂപ്പര്‍ താരമുണ്ട്. ഗുര്‍പ്രീത് സിംഗ് സന്ധു. കോണ്‍സ്റ്റന്റൈന്‍ പരിശീലകനായിരുന്നപ്പോള്‍ ടീമിലെ മൂന്നാം ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തായിരുന്നു. സ്റ്റിമാക് പരിശീലകനായി വന്നതോടെ വിശാല്‍ തെറിച്ചു. കമല്‍ജിത് സിംഗാണ് മൂന്നാം നമ്പര്‍ ഗോളി. ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിയുടെ താരമാണ് വിശാല്‍. കരണ്‍ജിത് സിംഗ്, സഞ്ജിബാന്‍ ഘോഷ് എന്നിവരോട് മത്സരിച്ചു വേണം ക്ലബ്ബില്‍ ഒന്നാം നിരയിലെത്താന്‍. ഒരവസരം ലഭിച്ചാല്‍ അത് മുതലെടുക്കുക എന്നതാകും വിശാലിന്റെ മനസില്‍. ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുക വിശാലിന്റെ സ്വപ്‌നമാണ്.

ജോബി ജസ്റ്റിന്‍ (എടികെ)

3-ജോബി ജസ്റ്റിന്‍:

ഈസ്റ്റ്ബംഗാളിനായി ഐ ലീഗില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയ ചെറുപ്പക്കാരനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ശ്രദ്ധിച്ചു. ആള് മലയാളിയാണ് – ജോബി ജസ്റ്റിന്‍. തലമുടിയില്‍ നിറം ചാര്‍ത്തിയും പലതരം ഹെയര്‍സ്റ്റൈലിലൂടെയും ആരാധകരെ സൃഷ്ടിക്കുന്ന ജോബി കളിക്കളത്തിലും ആ താരത്തിളക്കം നിലനിര്‍ത്തുന്നു. കഴിഞ്ഞ സീസണില്‍ പതിനേഴ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളാണ്് നേടിയത്. കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ യുവരാജയായി ജസ്റ്റിന്‍ മാറിക്കഴിഞ്ഞു. ഇതാണ് ഐ എസ് എല്‍ ക്ലബ്ബായ എടികെയിലേക്ക് ജസ്റ്റിന് വഴിയൊരുക്കിയത്. ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളാണ് ജസ്റ്റിന്‍. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഏതാനും മിനുട്ടുകള്‍ കളിക്കാനുള്ള അവസരമാണ് സ്റ്റിമാക് ജസ്റ്റിന് നല്‍കിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള സ്‌ക്വാഡിലും ഇടമില്ല.
എടികെയുടെ ലൈനപ്പില്‍ ജസ്റ്റിനുണ്ടാകും. ഏറ്റവും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം.

മൈക്കല്‍ (എടികെ)

4-മൈക്കല്‍
സൂസായ്‌റാജ് :

ഐ ലീഗില്‍ ചെന്നൈ സിറ്റിക്കായി പ്രഥമ സീസണില്‍ തന്നെ തിളങ്ങിയ താരമാണ് മൈക്കല്‍ സൂസായ്‌റാജ്. പ്ലെയര്‍ മാര്‍ക്കറ്റില്‍ വില കൂടിയതോടെ ഐ എസ് എല്‍ ടീം ജംഷഡ്പുര്‍ എഫ് സി മൈക്കലിനെ റാഞ്ചി. അവിടെയും നിന്നില്ല മൈക്കലിന്റെ താരമൂല്യം.
കൊല്‍ക്കത്ത എടികെയുടെ താരമാണിപ്പോള്‍. തായ്‌ലന്‍ഡില്‍ നടന്ന കിംഗ്‌സ് കപ്പില്‍ മൈക്കല്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു.

പക്ഷേ, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് ക്ഷണം ലഭിച്ചില്ല.
എടികെ യെ വീണ്ടും ഐ എസ് എല്‍ കിരീടത്തിലേക്ക് നയിക്കാന്‍ ഹബാസ് പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്.

ജാവിയര്‍ ഹെര്‍നാണ്ടസ്, കാള്‍ മക്ഹു, ഡേവി#ഡ് വില്യംസ്, എഡു ഗാര്‍സിയ, ജോബി ജസ്റ്റിന്‍, റോയ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൈക്കലും ചേരുന്നതോടെ എടികെ കരുത്തുറ്റ നിരയായി മാറുന്നു.

നാരായണ്‍ ദാസ് (ഒഡിഷ എഫ് സി)

5-നാരായണ്‍ ദാസ്:

സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ നാരായണ്‍ ദാസ് അവിഭാജ്യ ഘടകമായിരുന്നു. പ്രീതം കോത്തലുംസന്ദേശ് ജിംഗനും അനസും ചേരുന്ന പ്രതിരോധ നിരയുടെ കാവലാള്‍. ഫോം നഷ്ടമായതോടെ ടീമില്‍ നിന്ന് പുറന്തള്ളപ്പെട്ടു. ഐ എസ് എല്ലില്‍ ഒഡിഷ എഫ് സിയുടെ ലെഫ്റ്റ് വിംഗില്‍ നാരായണ്‍ ദാസുണ്ട്. ടോപ് ഫോര്‍ ലക്ഷ്യമിടുന്ന ടീമിന്റെ പരിചയ സമ്പത്താണ് നാരായണ്‍ ദാസ്.
ഇന്ത്യന്‍ ടീമിലെ ലെഫ്റ്റ് വിംഗ് സുബാശിഷ് ബോസും ഒഡിഷ എഫ് സിയുടെ താരമാണ്. രാജ്യാന്തര മത്സരങ്ങളുടെ തിരക്കുള്ളതിനാല്‍ സുബാശിഷിന് പകരം ഒഡീഷ എഫ് സിയുടെ ആദ്യ ലൈനപ്പില്‍ നാരായണ്‍ ദാസാകും ഇടം പിടിക്കുക. മികച്ച പ്രകടനം വീണ്ടും ബ്ലൂ ടൈഗേഴ്‌സിന്റെ ജഴ്‌സിയിലെത്താന്‍ നാരായണ്‍ ദാസിന് അവസരമൊരുക്കും.

Latest