ജോളിയുമായി തെളിവെടുപ്പ്; പൊന്നാമറ്റം വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയെന്ന് സംശയം

Posted on: October 14, 2019 11:43 pm | Last updated: October 15, 2019 at 10:22 am

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായി സൂചന. തിങ്കളാഴ്ച വൈകീട്ട് ജോളിയേയുമായി പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയ അന്വേഷണ സംഘത്തിന് വീട്ടില്‍ നിന്ന് സയനൈഡ് കുപ്പി ലഭിച്ചതായാണ് വിവരം. തെളിവെടുപ്പിനിടെ വീടിന്റെ അടുക്കളയിലെ ഒരു ചെമ്പിന്റെ ഭാഗത്ത് നിന്ന് ജോളി അന്വേഷണ സംഘത്തിന് ഒരു കുപ്പി എടുത്തു നല്‍കുകയായിരുന്നു. സയനൈഡ് ആണെന്ന് പറഞ്ഞാണ് ജോളി കുപ്പി കൈമാറിയത്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുപ്പി അന്വേഷണ സംഘം സീല്‍ ചെയ്തു.

ചോദ്യം ചെയ്യലില്‍ വീട്ടില്‍ ഒരു വസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക പരമ്പര അരങ്ങേറിയ പൊന്നാമറ്റം വീട്ടില്‍ ജോളിയെ ഇന്ന് വൈകീട്ട് വീണ്ടും കൊണ്ടുവന്നത്. കഴിഞ്ഞ തവണ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ അലമാറയില്‍ നിന്ന് ഒരു ബ്രൗണ്‍ നിറത്തിലുള്ള കുപ്പി പോലീസ് സംഘത്തിന് എടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സയനൈഡ് ആണെന്ന് പോലീസ് വിശ്വസിച്ചിരുന്നില്ല. കൂടുതല്‍ പരിശോധനക്കായി ഈ കുപ്പി രാസ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

രണ്ട് കുപ്പി സയനൈഡാണ് തനിക്ക് മാത്യു നല്‍കിയതെന്ന് നേരത്തെയുള്ള ചോദ്യം ചെയ്യലില്‍ ജോളി വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു കുപ്പി മാത്രമാണ് താന്‍ ഉപയോഗിച്ചതെന്നും ജോളി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ബാക്കിയുള്ള കുപ്പി കണ്ടെത്തുവാനായി അന്വേഷണ സംഘം പരിശോധന നടത്തിയത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് തിങ്കളാഴ്ച രാത്രി തന്നെ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. രാത്രി വെെകിയും പൊന്നാമറ്റം വീട്ടിൽ ഫോറൻസിക് സംഘം പരിശോധന തുടരുകയാണ്.

പരിശോധനയിൽ കണ്ടെത്തിയത് സയനെെഡ് ആണെന്ന് സ്ഥിരീകരിക്കാനായാൽ അത് നിർണായക തെളിവായി മാറും. ഭർത്താവാ് റോയി അടക്കം ആറു പേരെയും കൊലപ്പെടുത്താൻ ജോളി ഉപയോഗിച്ചത് സയനെെഡായിരുന്നു.