ഫസൽ വധം: തുടരന്വേഷണം ആവശ്യപ്പെട്ട് സി ബി ഐക്ക് വീണ്ടും നിവേദനം

Posted on: October 14, 2019 11:38 pm | Last updated: October 14, 2019 at 11:38 pm


കണ്ണൂർ: തലശ്ശേരി ഫസൽ കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കമുള്ള പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. കേസിൽ തുടരന്വേഷണം നടത്താൻ സിബിഐയോട് ആവശ്യപ്പെടണമെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
തുടരന്വേഷണം ആവശ്യപ്പെട്ട് രാജന്റെയും ചന്ദ്രശേഖരന്റെയും ഭാര്യമാർ വീണ്ടും സി ബി ഐക്ക് നിവേദനം നൽകുമെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുവായൂർ തൊഴിയൂരിലെ സുനിൽ വധക്കേസിന് സമാനമാണ് ഫസൽ കേസുമെന്ന് അദ്ദേഹം പറഞ്ഞു. പടുവിലായി മോഹനൻ വധക്കേസിലെ ചോദ്യം ചെയ്യലിനിടെ ആർ എസ് എസ്സുകാരനായ കുപ്പി സുബീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യം പോലീസിന്റെ കൈവശമുണ്ട്.

സുബീഷും മറ്റൊരു ആർ എസ് എസ് പ്രവർത്തകനായ പ്രജോഷും ഫോണിലൂടെ സുഹൃത്തുക്കളോട് പറഞ്ഞ കാര്യങ്ങളുടെ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, കുറ്റപത്രം സമർപ്പിച്ച രണ്ട് കേസുകളിൽ കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ പ്രതി ചേർത്തു. സി ബി ഐ അന്വേഷിക്കുന്ന ഫസൽ കേസിൽ പുതുതായി ലഭിച്ച തെളിവുകളും രേഖകളും അവർക്ക് കൈമാറാനേ പോലീസിന് കഴിയൂ. തുടരന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിന് മുന്പിൽ കൊണ്ട് വരേണ്ടത് സി ബി ഐയാണ്. അവർ അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. രണ്ട് തരത്തിലുള്ള നീതി നിഷേധമാണ് കാരായി രാജനും ചന്ദ്രശേഖരനും അനുഭവിക്കുന്നത്.

സി ബി ഐ കോടതി ഏർപ്പെടുത്തിയ ജാമ്യ വ്യവസ്ഥ കാരണം എട്ട് വർഷമായി വീട്ടിലേക്കും നാട്ടിലേക്കും വരാനാകുന്നില്ല. യഥാർഥ പ്രതികളാരെന്ന് വ്യക്തമായിട്ടും ഇവരുടെ നിരപരാധിത്വം അംഗീകരിക്കപ്പെടുന്നില്ലെന്നത് കടുത്ത നീതിനിഷേധമാണെന്നും എം വി ജയരാജൻ പറഞ്ഞു.