Connect with us

Kerala

കര്‍ശന ഉപാധിയോടെ ആണെങ്കിലും ദിലീപിന്ന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമിക്കപ്പെട്ട നടി

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ശന ഉപാധിയോടെയാണെങ്കിലും നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന ആവശ്യവുമായി ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയില്‍. നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ല. എന്നാല്‍ പകര്‍പ്പ് നല്‍കരുതെന്ന് രേഖാമൂലം സമര്‍പ്പിച്ച വാദമുഖത്തില്‍ നടി ആവശ്യപ്പെട്ടു. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതിനല്‍കി.

സ്വകാര്യത മാനിക്കണമെന്നാണ് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. സൈ്വര്യ ജീവിതം നയിക്കാന്‍ തനിക്ക് അജ്ഞാത ആയി തുടരേണ്ടതുണ്ട്. പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് തന്നെ വിധി പ്ര്‌സ്താവിച്ചിട്ടുണ്ട്. നിക്ഷ്പക്ഷമായ വിചാരണ പ്രതിയുടെ അവകാശമാണെങ്കിലും തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ഇത് അനുവദിക്കരുത്.

ദിലീപിനോ അദ്ദേഹം ചുമതലപെടുത്തുന്നവര്‍ക്കോ ദൃശ്യങ്ങള്‍ കാണുന്നതിന് എതിര്‍പ്പില്ല എന്നാല്‍ പകര്‍പ്പ് കൈമാറരുത് എന്നും നടി വാദമുഖത്തില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഏത് ഉപാധിയ്ക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുത്. ദൃശ്യങ്ങളില്‍ പ്രത്യേകതരം വാട്ടര്‍ മാര്‍ക്കിടണമെന്നും ഇതിലൂടെ ഏതു വ്യക്തിക്കാണ് ദൃശ്യങ്ങള്‍ നല്‍കിയതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും ദിലീപ് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നിരുന്നാലും ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും നടി വ്യക്തമാക്കി.

ദൃശ്യങ്ങള്‍ കേസിലെ രേഖ ആണെങ്കില്‍ പോലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത് എന്നാണ് സര്‍ക്കാര്‍ ആവശ്യം. ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതല്‍ ആണ്. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ കേസിലെ രേഖ ആണ്. പക്ഷേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അവ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും, നടിയുടെ സ്വകാര്യതയെ അത് ബാധിക്കും എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപും നടിയും സംസ്ഥാന സര്‍ക്കാരും വാദം എഴുതി നല്‍കിയ സാഹചര്യത്തില്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ വൈകാതെ വിധി പ്രസ്താവിച്ചേക്കും.