1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എര്‍ട്ടിഗ ടൂര്‍ എം വിപണിയില്‍

Posted on: October 14, 2019 8:01 pm | Last updated: October 14, 2019 at 8:01 pm

മുംബൈ: മാരുതി സുസുക്കി എര്‍ട്ടിഗയുടെ പുതിയ ടാക്‌സി വേരിയന്റ് പുറത്തിറക്കി. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനോട് കൂടിയ ടൂര്‍ എം എന്ന ഈ എര്‍ട്ടിഗക്ക് 9.81 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

മാരുതി സ്വയം വികസിപ്പിച്ച 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍, 94 ബിഎച്ച്പി കരുത്തും 225 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഈ വാഹനത്തിന് 24.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. ടൂര്‍ എം പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയിരുന്നു.

എര്‍ട്ടിഗയുടെ വിഎക്‌സി ട്രിം അടിസ്ഥാനമാക്കിയുള്ളതാണ് മാരുതി ടൂര്‍ എം. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രോം ഗ്രില്‍, ത്രീഡി എല്‍ഇഡി ടൈല്‍ലൈറ്റുകള്‍, ബോഡികളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഒആര്‍വിഎമ്മുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് കാറിന്റെ സവിശേഷതകള്‍. പവര്‍ വിന്‍ഡോകള്‍, മൂന്ന് നിര സീറ്റുകള്‍ക്കും ആംറെസ്റ്റുകള്‍, കീലെസ് എന്‍ട്രി, ഓഡിയോ കണ്‍ട്രോളുകളുള്ള ടില്‍റ്റ് സ്റ്റിയറിംഗ്, പിന്‍സീറ്റുകള്‍ക്ക് എസി വെന്റുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 2ഡിന്‍ ഓഡിയോ സിസ്റ്റം എന്നിവയും ലഭ്യാമണ്.

എര്‍ട്ടിഗ ടാക്‌സി വേരിയന്റിന് ഫാബ്രിക് സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, പ്രീടെന്‍ഷനറുകളുള്ള ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്‌സ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാക്‌സി പതിപ്പായതിനാല്‍ പരമാവധി 80 കിലോമീറ്ററായിരിക്കും വേഗപരിധി. പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ മാരുതി ടൂര്‍ എം ലഭ്യമാണ്.

രണ്ടാം തലമുറ മാരുതി സുസുക്കി എര്‍ട്ടിഗ 2019 നവംബറില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മാരുതി പോര്‍ട്ട്‌ഫോളിയോയിലെ ശക്തമായ വില്‍പ്പനക്കാരില്‍ ഒരാളായി ഈ മോഡല്‍ തുടരുന്നു. ഇന്ത്യന്‍ വാഹനമേഖലയിലെ മൊത്തത്തിലുള്ള മാന്ദ്യത്തിനിടയിലും, എര്‍ട്ടിഗ പ്രതിമാസം ശരാശരി 8000 യൂണിറ്റ് ചില്ലറ വില്‍പ്പന നടത്തുന്നുണ്ട്.