Connect with us

Saudi Arabia

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സഊദി അറേബ്യയില്‍

Published

|

Last Updated

റിയാദ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഹൃസ്വ സന്ദര്‍ശനാര്‍ഥം സഊദി അറേബ്യയിലെത്തി. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് പുടിനെ സ്വീകരിച്ചു.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പുടിന്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി 2017 ല്‍ സല്‍മാന്‍ രാജാവ് റഷ്യ സന്ദര്‍ശിച്ചിരുന്നു. 2007 ലാണ് അവസാനമായി പുടിന്‍ സഊദിയിലെത്തിയത്. യാത്രക്ക് മുമ്പ് റഷ്യയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഊദിയുമായി റഷ്യ നല്ല ബന്ധമാണ് പുലര്‍ത്തിവരുന്നതതെന്നും സഊദി അറേബ്യയെ സൗഹൃദ രാഷ്ട്രമായാണ് ഞങ്ങള്‍ കണക്കാക്കുന്നതെന്നും സഊദി രാജാവുമായും കിരീടാവകാശിയുമായും നല്ല ബന്ധമാണുള്ളതെന്നും പുടിന്‍ പറഞ്ഞു,

സന്ദശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലെയും വിവിധ കമ്പനികള്‍ തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അടുത്തിടെ നടന്ന എണ്ണ ടാങ്കറുകള്‍ക്ക് നേരെയും സഊദിയിലെ എണ്ണ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളെയും ബാധിക്കില്ലെന്നും അക്രമണങ്ങളെ റഷ്യ അപലപിക്കുന്നതായും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് റഷ്യക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും പ്രധാന എണ്ണ ഉല്‍പാദകരാണെന്നും ഉല്‍പാദനം നിയന്ത്രിച്ച് എണ്ണവിലയെ പിന്തുണയ്ക്കാന്‍ സഊദിയുമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും റഷ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സഊദി സന്ദര്‍ശനം കഴിഞ്ഞ് പ്രസിഡന്റ് പുടിന്‍ ചൊവ്വാഴ്ച യു എ ഇയി സന്ദര്‍ശനത്തിനായി റിയാദില്‍ നിന്നും യാത്ര തിരിക്കും.