ചില്ലറ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറില്‍ 3.99 ശതമാനമായി ഉയര്‍ന്നു

Posted on: October 14, 2019 6:43 pm | Last updated: October 14, 2019 at 6:43 pm

ന്യൂഡല്‍ഹി: ചില്ലറ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറില്‍ 3.99 ശതമാനമായി ഉയര്‍ന്നു. 2018 ജൂലൈക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയാണിത്. അതേസമയം, ചില്ലറ അല്ലെങ്കില്‍ ഉപഭോക്തൃ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് കണക്കാക്കിയ 4 ശതമാനത്തില്‍ താഴെയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലെ ഉപഭോക്തൃ പണപ്പെരുപ്പം 3.21 ശതമാനത്തില്‍ നിന്ന് 3.28 ശതമാനമായി ഉയര്‍ന്നിരുന്നു.

പച്ചക്കറികള്‍, മാംസം- മത്സ്യം വിഭാഗങ്ങളിലെ ഉയര്‍ന്ന ഉപഭോക്തൃ പണപ്പെരുപ്പമാണ് ചില്ലറ പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. ഈ രണ്ട് വിഭാഗങ്ങളിലെ പണപ്പെരുപ്പം യഥാക്രമം 9.30 ശതമാനവും 9.99 ശതമാനവുമായിരുന്നു.

ഉപഭോക്തൃ നാണയപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ലക്ഷ്യ പരിധിയില്‍ തുടര്‍ച്ചയായി പതിനാലാം മാസവും തുടരുന്നത് ധനനയം കൂടുതല്‍ ലഘൂകരിക്കുന്നതിന് സെന്‍ട്രല്‍ ബാങ്കിനെ പര്യാപ്തമാക്കും. സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്ക് അഥവാ വാണിജ്യ ബാങ്കുകള്‍ക്ക് ഹ്രസ്വകാല ഫണ്ട് നല്‍കുന്ന പ്രധാന പലിശനിരക്ക് 1.35 ശതമാനം കുറച്ച് 5.15 ശതമാനമായി രേഖപ്പെടുത്തിയിരുന്നു.

ഡിസംബറില്‍ നടക്കാനിരിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടുത്ത ദ്വിമാസ അവലോകനത്തില്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.