Connect with us

Gulf

വി എഫ് എസ് ഗ്ലോബല്‍ വിസ അപേക്ഷാ കേന്ദ്രം അബൂദബിയില്‍ തുറന്നു

Published

|

Last Updated

അബൂദബി: വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനും സ്വപ്രേരിതവും തടസ്സമില്ലാത്തതുമായ പ്രക്രിയയിലൂടെ മെച്ചപ്പെട്ട വിസ അപേക്ഷാ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ള വിപുലമായ വിസ അപേക്ഷാ കേന്ദ്രം വി എഫ് എസ് ഗ്ലോബല്‍ ഓഫീസ് അബൂദബി വേള്‍ഡ് ട്രേഡ് സെന്റര്‍ ഡബ്ല്യു ടി സിയില്‍ തുറന്നു. അബൂദബി ഖലീഫ ബിന്‍ സായിദ് ഒന്നാം സ്ട്രീറ്റ്, എയര്‍പോര്‍ട്ട് റോഡില്‍ ബിസിനസ്, റെസിഡന്‍ഷ്യല്‍ ഏരിയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡബ്ല്യു ടി സി യിലെ ലെവല്‍ ബി 2 യില്‍ പുതുതായി തുറന്ന അപേക്ഷ കേന്ദ്രത്തില്‍ ഉയര്‍ന്ന സുരക്ഷാ നിയന്ത്രണവും വിശാലമായ പാര്‍ക്കിംഗ് സ്ഥലവും വാഗ്ദാനം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

പഴയ കേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ വിസ അപേക്ഷാ കേന്ദ്രം അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തടസ്സരഹിതമായ അനുഭവം നല്‍കും. 24,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ പുതിയ കേന്ദ്രത്തില്‍ 28 ഗവണ്‍മെന്റ് സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുമെന്ന് വി എഫ് എസ് അധികൃതര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിന് 72 അപേക്ഷാ കൗണ്ടറുകളാണ് കേന്ദ്രത്തിലുള്ളത്. ഒരു ദിവസം 1,500 അപേക്ഷകരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

ആഡംബര സൗകര്യം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രീമിയം ലോഞ്ചുകളില്‍ 24 കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പ്ലാറ്റിനം ലോഞ്ച് സേവനത്തില്‍ വ്യക്തിഗത സേവനം മുതല്‍ വിസ അപേക്ഷാ വരെയുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നു. അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനും പണമടക്കുന്നതിനുള്ള സഹായവും ഇവിടെ ഉണ്ട്. യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തില്‍ സ്ഥാപിച്ച യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പ്രതിമ ഡോക്ടര്‍ അല്‍ ബന്ന അനാച്ഛാദനം ചെയ്തു. യു എ ഇ യിലുള്ള സ്വദേശികളും, വിദേശികളും വിദേശ യാത്ര നടത്താന്‍ ആഗ്രഹമുള്ളവരാണ്. കഴിഞ്ഞ കാലങ്ങളില്‍ വി എഫ് എസ് വഴി സമര്‍പ്പിച്ച കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. തലസ്ഥാനത്ത് പുതിയ കേന്ദ്രം ആരംഭിക്കുന്നത് നഗരത്തിന്റെ വികാസത്തില്‍ നിര്‍ണായക പങ്കുവഹിക്കും. ഡോക്ടര്‍ അല്‍ ബന്ന പറഞ്ഞു. ഈ കേന്ദ്രത്തില്‍ നിന്ന് ആസ്‌ത്രേലിയ, ഓസ്ട്രിയ, ബെലാറസ്, ബെല്‍ജിയം, ബള്‍ഗേറിയ, കാനഡ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്വിയ, മലേഷ്യ, മാള്‍ട്ട, നോര്‍വേ, പോര്‍ച്ചുഗല്‍, സ്ലൊവാക്യ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്റ്‌സ്, തുര്‍ക്കി, യു കെ, ഉക്രെയ്ന്‍ എന്നിവിടങ്ങളിലേക്ക് വിസക്ക് അപേക്ഷിക്കാം.