Connect with us

National

ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക്; പരിഹാര മാര്‍ഗം തേടി എം പിമാരുടെ പാനല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗത തിരക്കും കുരുക്കും നിയന്ത്രിക്കുന്നതിന് അവലംബിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച് പാര്‍ലിമെന്റ് ആഭ്യന്തരകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പാനല്‍ അടുത്താഴ്ച ഡല്‍ഹി പോലീസുമായും മറ്റ് ഏജന്‍സികളുമായും ചര്‍ച്ച നടത്തും. രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയിലെ ഗുരുതരമായ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനെ കുറിച്ച് ഒക്ടോബര്‍ 11ന് പാനല്‍ ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയയം, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ്, ഹൗസിംഗ്-നഗരകാര്യം എന്നിവയിലെ ഉന്നതോദ്യോഗസ്ഥര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍, പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായും കുറിപ്പ് പറഞ്ഞു.

തുടര്‍ച്ചയായുള്ള ഗതാഗത സ്തംഭനം പരിഹരിക്കുന്നതിന് കൂട്ടായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് എം പിമാര്‍ പറഞ്ഞു. ഗതാഗതം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആനന്ദ് ശര്‍മ എം പിയുടെ നേതൃത്വത്തിലുള്ള പാനല്‍ ഡല്‍ഹി പോലീസിനോടും മുന്‍സിപ്പല്‍ കമ്മിറ്റികളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. റോഡുകളിലെ കൈയേറ്റങ്ങളും തടസ്സങ്ങളും നീക്കുന്നതിനും കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് പാനല്‍ പറഞ്ഞു. നഗരത്തില്‍ പെരുകിവരുന്ന ബൈക്ക് മോഷണക്കേസുകളിലും നടപടി വേണം. ഇത്തരത്തിലുള്ള എത്ര കേസുകളില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും എത്ര മോഷ്ടാക്കളെ പിടികൂടാനായെന്നും ഡല്‍ഹി പോലീസ് പാനലിനെ അറിയിക്കണം.

നഗരത്തില്‍ ഗതാഗത തിരക്ക് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നും റോഡുകളുടെ ശേഷിയെക്കാള്‍ എത്രയോ അധികം വാഹനങ്ങളാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നും ഡല്‍ഹി ട്രാഫിക് പോലീസ് മേയില്‍ വെളിപ്പെടുത്തിയിരുന്നു. ഔട്ടര്‍ റിംഗ് റോഡിലെയും ഗുരു രവി ദാസ് മാര്‍ഗിലെയും ട്രാഫിക് അനിയന്ത്രിതമായ തോതിലാണെന്നും റോഡുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് വ്യക്തമാക്കുകയുണ്ടായി.

ആയിരം പേര്‍ക്ക് 556 എന്നതാണ് നഗരത്തിലെ വാഹനങ്ങളുടെ കണക്കെന്ന് 2017-18ലെ സാമ്പത്തിക സര്‍വേയില്‍ കണ്ടെത്തുകയും ചെയ്തു.
ഗതാഗത ആസൂത്രണങ്ങളില്ലാത്ത വികസനമാണ് പ്രശ്‌നമാകുന്നതെന്ന് കേന്ദ്ര റോഡ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി ആര്‍ ആര്‍ ഐ) ഗതാഗത എന്‍ജിനീയറിംഗ് ആന്‍ഡ് സുരക്ഷാ വിഭാഗം തലവന്‍ സുഭാഷ് ചന്ദ് പറഞ്ഞു. പത്തു വര്‍ഷം മുമ്പ് ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ ആയിരുന്നു ഡല്‍ഹിയില്‍ വാഹനങ്ങളുടെ ശരാശരി വേഗത. എന്നാല്‍ ഇന്നത് മണിക്കൂറില്‍ 20 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെന്ന് സുഭാഷ് ചൂണ്ടിക്കാട്ടി. രൂക്ഷമായ ഗതാഗത തിരക്കിന് തെളിവാണിത്.

Latest