Connect with us

Editors Pick

നാടിന്റെ കണ്ണാകാൻ പ്രഞ്ജിൽ പാട്ടീൽ; കാഴ്ചയില്ലാത്ത ആദ്യ ഐ എ എസ് ഉദ്യോഗസ്ഥ

Published

|

Last Updated

തിരുവനന്തപുരം: കാഴ്ചയില്ലാത്ത ആദ്യ ഐ എ എസ് ഉദ്യോഗസ്ഥയായി പ്രഞ്ജിൽ പട്ടീൽ തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റു. മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയാണ് പ്രഞ്ജിൽ പാട്ടീൽ. കേരള കേഡറിൽ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ എ എസ് ഉദ്യോഗസ്ഥ കൂടിയാണ് പ്രഞ്ജിൽ.  ഇന്ന് രാവിലെയാണ് പ്രഞ്ജില്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചത്.

ആറാം വയസ്സിലാണ് പ്രഞ്ജിലിന് കാഴ്ച നഷ്ടപ്പെട്ടത്.
സബ് കലക്ടറും തിരുവനന്തപുരം ആർ ഡി ഒയുമായി ചുമതലയേറ്റ പ്രഞ്ജിലിനെ ആർ ഡി ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി എസ് അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ പ്രഞ്ജിൽ സർവീസിലെത്തി രണ്ട് വർഷം പൂർത്തിയായ ഉടനെയാണ് സബ് കലക്ടറായി ചുമതലയേൽക്കുന്നത്.

2017ൽ 124ാം റാങ്ക് നേടിയാണ് മഹാരാഷ്ട്ര ഉല്ലാസ്‌നഗർ സ്വദേശിയായ പ്രഞ്ജിൽ പാട്ടീൽ സർവീസിലെത്തുന്നത്. 2016 ൽ ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 773ാം റാങ്ക് സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് വിഭാഗത്തിൽ അവസരം ലഭിച്ചു. റെയിൽവേ പരിശീലനത്തിന് ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താൽ തഴഞ്ഞു. തിരിച്ചടികളിൽ തളരാതെ പോരാടിയ പ്രഞ്ജിൽ അടുത്ത തവണ തിളക്കമാർന്ന നേട്ടം കൈവരിക്കുകയായിരുന്നു.

മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം, ഡൽഹി ജവഹർലാൽ നെഹ്‌റു സർവലാശാലയിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയ ശേഷമാണ് സിവിൽ സർവീസിനായുള്ള പ്രഞ്ജിലിന്റെ ശ്രമം.

വ്യവസായിയായ കോമൾ സിംഗ് പാട്ടീലാണ് ഭർത്താവ്. അമ്മ ജ്യോതി പാട്ടീൽ, പിതാവ് എൽ ബി പാട്ടീൽ, സഹോദരൻ നിഖിൽ.