Connect with us

Kerala

മന്ത്രി ജലീലിനെതിരെ മാര്‍ക്ക്ദാന ആരോപണവുമായി ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: എം ജി സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് ചട്ടം ലംഘിച്ച് മാര്‍ക്ക് കൂട്ടി നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ഫെബ്രുവരിയില്‍ എം ജി സര്‍വകലാശാലയുടെ കീഴിലുള്ള കോതമംഗലത്തെ സ്വാശ്രയ കോളജില്‍ പഠിക്കുന്ന ബി ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയില്‍ മാര്‍ക്ക് കൂട്ടി നല്‍കിയെന്നാണ് ആരോപണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരിയില്‍ സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം പ്രകാരം മാര്‍ക്ക് കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദാലത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഫയല്‍ സിന്‍ഡിക്കേറ്റിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റില്‍ മാര്‍ക്ക് കൂട്ടിനല്‍കാനാവാത്തതിനാല്‍ സര്‍വകലാശാലാ നിയമം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ റെഗുലര്‍ അജണ്ടയില്‍ വെ്ക്കാതെ ഔട്ട് ഓഫ് അജണ്ടയായാണു വെച്ചത്. തുടര്‍ന്ന് ഒരു വിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും മോഡറേഷനു പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു

ഇടത് യ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നില്‍. അങ്ങനെ മാര്‍ക്ക് കൂട്ടിനല്‍കിയത് ചട്ടലംഘനണ്. അതിന് സിന്‍ഡിക്കേറ്റിന് അധികാരമില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ത് അധികാരത്തിലാണ്  അദാലത്തില്‍ പങ്കെടുത്തതും വിഷയത്തില്‍ ഇടപെട്ടതും.  ഇതു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലാ ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ലെന്നും ഇവിടെ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. ഇത്തരം വെടികള്‍ മുമ്പും പ്രതിപക്ഷ നേതാവ് പൊട്ടിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ഇത്തര കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിന്‍ഡിക്കേറ്റാണ്. സിന്‍ഡിക്കേറ്റ് തീരുമാനങ്ങളുടെ ഉത്തരവാദിത്വം വി സിക്കാണ്. ഇക്കാര്യം വൈസ് ചാന്‍സിലറോട് ചോദിച്ചാല്‍ മനസ്സിലാകും. മന്ത്രി എന്ന നിലയില്‍ ചട്ടവിരുദ്ധമായ ഒരു പ്രവര്‍ത്തനവും താന്‍ നടത്തിയിട്ടില്ല. പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം.

അദാലത്തില്‍ തന്റെ പി എ പങ്കെടുത്തതില്‍ തെറ്റില്ല. ഹയര്‍ എഡ്യൂക്കേഷന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. അദാലത്തിലല്ല മാര്‍ക്ക് കൂട്ടി നല്‍കുന്നത്. അദാലത്തിലുണ്ടാകുന്ന തീരുമാനങ്ങള്‍ പരിശോധിച്ച് തീരുമാനം എടുക്കുക സിന്‍ഡിക്കേറ്റും വി സിയുമെല്ലാമാണ്. ഇതൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവിന് അറിയാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ട എല്ലാ സഹായവും ഈ ഭരണകാലത്ത് ഉണ്ടാകും. അതിനെതിരെ പ്രതിപക്ഷ നേതാവാല്ല, ഏത് നേതാവ് നിലപാടെടുത്താലും സര്‍ക്കാറിന് ഒരു പ്രശ്‌നവുമില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. തനിക്ക് എതിരെ ഒരു തെളിവ് എങ്കിലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നതായും കെ ടി ജലീല്‍ പറഞ്ഞു.

Latest