Connect with us

National

സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റ്

Published

|

Last Updated

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബി സി സി ഐയുടെ പുതിയ പ്രസിഡന്റ്. എതിരില്ലാതെയാണ് ഗാംഗുലി പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശക പത്രിക നല്‍കുന്നതിനുള്ള സമയം അല്‍പം മുമ്പ് അവസാനിച്ചു. മറ്റാരും പത്രിക നല്‍കിയിരുന്നില്ല. നേരത്തെ മുംബൈയില്‍ നടന്ന ബി സി സി ഐ യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജാണ് ജോയിന്റ് സെക്രട്ടറി. കെ സി എയുടെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് കെ നായര്‍, ടി സി മാത്യു എന്നിവരാണ് ഇതിനു മുമ്പ് ബി സി സി ഐ ഭാരവാഹികളായ മലയാളികള്‍. കേന്ദ്ര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ സെക്രട്ടറി. കേന്ദ്ര സഹമന്ത്രിയും മുന്‍ ബി സി സി ഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാല്‍ ട്രഷററാകും.

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ ചട്ട പ്രകാരം പത്ത് മാസം മാത്രമെ ഗാംഗുലിക്ക് പദവിയില്‍ ഇരിക്കാനാകൂ. അഞ്ചു വര്‍ഷത്തോളം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ സ്ഥാനങ്ങളിലിരുന്ന ഗാംഗുലി നിലവില്‍ അസോസിയേഷന്‍ പ്രസിഡന്റാണ്. തുടര്‍ച്ചയായി ആറു വര്‍ഷം മാത്രമെ ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭരണതല പദവികളില്‍ സേവനമനുഷ്ഠിക്കാനാകൂ എന്നാണ് പുതിയ ചട്ടം അനുശാസിക്കുന്നത്.

ചട്ടങ്ങളനുസരിച്ച് മുന്നോട്ടു പോകുമെന്ന് ബി സി സി ഐ സംസ്ഥാന ഘടകങ്ങളുടെ അനൗദ്യോഗിക യോഗത്തില്‍ തന്റെ പേര് അന്തിമമായി തീരുമാനിക്കപ്പെട്ട ശേഷം സംസാരിക്കവെ ഗാംഗുലി പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരുടെ കാര്യങ്ങള്‍ക്കാകും പ്രഥമ പരിഗണന നല്‍കുക. അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. രഞ്ജി ട്രോഫി ക്രിക്കറ്റ് കേന്ദ്രീകരിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക- ഗാംഗുലി വ്യക്തമാക്കി.

അടുത്തിടെ ബി സി സി ഐയുടെ സ്വാധീനശക്തിക്ക് ഐ സി സി ഐയില്‍ മങ്ങലേറ്റ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ല പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിനുള്ള വലിയ അവസരമായാണ് താനീ നിയോഗത്തെ കാണുന്നതെന്നും മുന്‍ നായകന്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്നത് എതിരില്ലാതെയായാലും മറിച്ചായാലും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ഒന്നായ ബി സി സി ഐയുടെ അധ്യക്ഷ പദവി വഹിക്കുന്നത് വളരെ വലിയ ഉത്തരവാദിത്തമായാണ് കാണുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് എന്നത് ഒരു പവര്‍ ഹൗസാണ്. അതുകൊണ്ടു തന്നെ ശക്തമായ ഒരു വെല്ലുവിളിയാണ് ഏറ്റെടുക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest