Connect with us

Ongoing News

തീയിൽ കുരുത്ത അക്ഷരങ്ങളുമായി ഒരാൾ

Published

|

Last Updated

“മെല്ലെ വളരുന്നതിൽ പരിഭ്രമിക്കാതിരിക്കുക”- ഉള്ളുണർത്തുന്ന ഈ വരികൾ ഒരു അഗ്നിശമനസേനാംഗത്തിന്റെതാണ്; ഒന്നിന് പിറകെ ഒന്നായെത്തുന്ന ദുരന്തങ്ങൾക്ക് പിന്നാലെ സൈറൺ മുഴക്കി പായുമ്പോഴും അക്ഷരങ്ങൾ കൂട്ടിവെച്ച കാക്കിക്കുള്ളിലെ മനുഷ്യസ്‌നേഹിയുടെത്. ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ വാക്കുകൾ കോർത്തിണക്കിയതോടെ തൃക്കാക്കര സ്വദേശിയും ആലപ്പുഴ ഫയര്‍‌സ്റ്റേഷനിലെ ലീഡിംഗ് ഫയർമാനുമായ യു ഇസ്മാഈൽ ഖാനിലൂടെ വിരിഞ്ഞത് മികവാർന്ന തത്വചിന്തകളായിരുന്നു. ഇത് പുസ്തക രൂപത്തിലാക്കിയതോടെ അവശതയനുഭവിക്കുന്നവർക്ക് കൂടി പ്രയോജനകരമായി. ജീവകാരുണ്യ പ്രവർത്തനം മനസ്സിലേറ്റിയ ഒരു മനുഷ്യ മനസ്സിൽ ബീജാവാപം ചെയ്ത ചിന്തകളാണ് പുസ്തകങ്ങളായി മാറിയത്. തത്വചിന്തകളെ കൂടെക്കൂട്ടിയും ജീവകാരുണ്യ പ്രവർത്തനം നടത്താമെന്ന് തെളിയിച്ച ഇസ്മാഈലിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും ഇത്തരം ചിന്തകളാണ്.
കുട്ടിക്കാലം മുതൽ തന്നെ ഉമ്മയും ഉപ്പയും പറഞ്ഞുതന്ന പാഠങ്ങളാണ് ചിന്തകളുടെ ലോകത്തേക്കെത്തിച്ചതെന്ന് ഇസ്മാഈൽ പറയുന്നു. ആലോചനാ ശീലവും അന്വേഷണ ത്വരയും മുഖമുദ്രയാക്കിയ ഇദ്ദേഹം, ലളിതമായ വാക്കുകളിലൂടെ വിശാല അർഥതലങ്ങൾ വായനക്കാരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഷാൻ വട്ടപ്പള്ളി എന്ന തൂലികാ നാമത്തിലാണ് എഴുത്ത്. ആദ്യ പുസ്തകമായ “യാഥാർഥ്യം മനസ്സിലാകുമ്പോൾ” തത്വചിന്തകളുടെ ജീവപ്പകർപ്പായിരുന്നു. പ്രശസ്തരായവരുടെ തത്വചിന്താശകലങ്ങളോടൊപ്പം ഇസ്മാഈൽ സ്വന്തമായുണ്ടാക്കിയ 180ഓളം തത്വചിന്തകളാണ് പുസ്‌കത്തിലുള്ളത്. ഒപ്പം തിരഞ്ഞെടുത്ത തത്വചിന്തകളുടെ വ്യാഖ്യാനവും നാല് ലേഖനങ്ങളും. പിന്നീട് “അർഥമപൂർണമായ ജീവിതത്തിന്” എന്ന പുസ്തകവും രചിച്ചു.

ശേഷം രചിച്ച “തത്വചിന്തകളും ആപ്ത വാക്യങ്ങളും”, “മനസ്സുഖം തിരിച്ചറിവിലൂടെ” എന്നീ പുസ്തകങ്ങളും തത്വചിന്തകൾ തൊട്ടുണർത്തുന്നതാണ്. ജീവിതത്തെ അർഥ പൂർണമാക്കിത്തീർക്കാൻ സ്വാധീനം ചെലുത്തുന്ന തത്വചിന്തകളും അതിന്റെ വ്യാഖ്യാനവും ഉൾപ്പെടുത്തി “തത്വചിന്തകളിലെ മാന്ത്രിക സ്പർശം” എന്ന പേരിൽ അഞ്ചാമത്തെ പുസ്തക രചനയിലാണിപ്പോൾ ഇസ്മാഈൽ.
ഇസ്മാഈലിന്റെ ആശയങ്ങൾ കേട്ട ജസ്റ്റിസ് കൃഷ്ണയ്യർ ഒരിക്കൽ പറഞ്ഞത് ഇസ്മാഈലിന് എന്നും പ്രചോദനമാണ്. “ഇത്രത്തോളം ഉറച്ച മനഃസാക്ഷിയുള്ള വ്യക്തിയാണല്ലോ ഷാൻ. നിങ്ങൾ പുസ്തകമെഴുതുക മാത്രമല്ല. സമൂഹത്തിന് പ്രയോജനകരമായ ഒരു സാമൂഹിക സംഘടനക്ക് പോലും രൂപം കൊടുക്കുകയും ചെയ്യും”- വർഷങ്ങൾക്ക് മുമ്പ് കൃഷ്ണയ്യർ പറഞ്ഞത് ഇസ്മാഈൽ ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് റൈൻ ഫൗണ്ടേഷൻ രൂപവത്കരണത്തിനിടയാക്കിയതെന്നാണ് ഇസ്മാഈലിന്റെ പക്ഷം. റൈൻ ഫൗണ്ടേഷന്റെ അഞ്ചാം വാർഷികത്തിൽ ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്മരണിക പുറത്തിറക്കാനായത് ചാരിതാർഥ്യത്തോടെയാണ് ഇസ്മാഈൽ പറയുന്നത്. ഈ സംഘടന തന്നെയാണ് നാല് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. ആദ്യ പുസ്തകത്തിന്റെ പകുതി ലാഭവും ദുരിതമനുഭവിക്കുന്നവർക്കായാണ് മാറ്റിവെച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ലാഭം ചെലവഴിക്കുന്നതെന്ന് അറിഞ്ഞതോടെ അധിക പണം നൽകി പുസ്തകം സ്വന്തമാക്കി ഇസ്മാഈലിന് പ്രചോദനം നൽകിയവരുമുണ്ട്. രോഗികൾക്കും നിർധനരർക്കും സൗജന്യമായി പുസ്തകമെത്തിച്ച് വായന വളർത്താനും ഇദ്ദേഹം മറന്നില്ല. പുസ്തകം വിറ്റ് ലഭിച്ച പകുതി പണം അടുത്ത പുസ്തകം പുറത്തിറക്കാനും മാറ്റിവെച്ചു.

ലയൺസ് ക്ലബ്ബ് ഇന്റർനാഷനലിന്റെ സാമൂഹിക പ്രതിബദ്ധതക്കുള്ള പുരസ്‌കാരം, കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ഇസ്മാഈലിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ പർവീൺ, മക്കളായ ജസീല ഖാൻ, ജസീനഖാൻ എന്നിവർക്കൊപ്പം തൃക്കാക്കരയിലാണ് ഇസ്മാഈലിന്റെ താമസം. സർക്കാർ വകുപ്പിൽ ജോലി കിട്ടിയതോടെയാണ് ജനിച്ച് വളർന്ന ആലപ്പുഴയിലെ സക്കറിയ ബസാറിൽ നിന്ന് എറണാകുളത്തേക്ക് താമസം മാറ്റിയത്.

പി പി ജാഫർ അബ്ദുർറഹീം
• jafarabdulrahim@gmail.com gmail.com

---- facebook comment plugin here -----

Latest