നദിക്കരയിലെ സ്ഫടികത്തെളിമയിൽ…

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്നും 80 കിലോമീറ്ററോളം മാറിയാണ് ദൗകി. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തി പങ്കിടുന്ന, അവസാന ഇന്ത്യൻ ഗ്രാമമായ "ദൗകി' എന്ന ചെറുഗ്രാമം ഏത് ശിലാഹൃദയന്റെയും മനം കവരുന്ന കാഴ്ചയുടെ നവ്യാനുഭവം പകർന്നു തരുന്നു...
യാത്ര
Posted on: October 14, 2019 12:19 am | Last updated: October 14, 2019 at 12:21 am

ഷില്ലോംഗിന്റെ കിഴക്ക് ഭാഗത്തുനിന്നും ഉത്ഭവിച്ചു, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തി പങ്കിടുന്ന, അവസാന ഇന്ത്യൻ ഗ്രാമമായ “ദൗകി’ എന്ന ചെറുഗ്രാമത്തിലൂടെ ബംഗ്ലാദേശിലേക്കൊഴുകുന്ന “ഉമംഗോട്ട്’ നദി ദൗകിയിലെത്തുമ്പോൾ “ദൗകി നദി’ എന്ന് വിളിക്കപ്പെടുന്നു. സ്ഫടികം പോലെ തെളിമയാർന്ന ജലത്തിന് മരതക വർണം ചാലിച്ചു കൊടുത്ത പ്രകൃതിയുടെ കരങ്ങൾ എത്ര മനോഹരമെന്നു ചിന്തിച്ചുപോകും അവിടെത്തുമ്പോൾ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്നും ഏകദേശം 80 കിലോമീറ്ററോളം മാറിയാണ് ദൗകി. ഷില്ലോംഗിൽ നിന്നും ദൗക്കിയിലേക്കുള്ള യാത്ര ആരംഭിക്കുമ്പോൾ തന്നെ സമയം ഉച്ചതിരിഞ്ഞ് രണ്ട് മണിയോടടുക്കാറായിരുന്നു. വീശുന്ന കാറ്റിനൊക്കെയും തണുപ്പിന്റെ നേർത്ത സുഗന്ധം. പ്രത്യേക സുഖമുള്ളൊരു നേർത്ത തണുപ്പ്. മേഘാലയ, നാഗാലാൻഡ്, അസാം എന്നീ മൂന്ന് സ്ഥലങ്ങളായിരുന്നു 15 ദിവസത്തെ പ്ലാനിൽ ഉണ്ടായിരുന്നത്.

മേഘാലയയിലേക്ക്…

രാവിലെ 8.30ന് ഗുവാഹത്തിയിൽ എത്തിച്ചേരേണ്ടിയിരുന്ന വണ്ടി ഉച്ചക്ക് 12 നാണ് എത്തിയത്. അവിടെ നിന്നും പാൽട്ടൻ ബസാറിലെത്തി ഉച്ചയൂണും കഴിച്ച് നേരെ “അവേ റെയ്ഡ്‌സ്’ എന്ന കാർ റെന്റൽ ഷോപ്പിലേക്ക്. അഞ്ച് ദിവസത്തേക്ക് അവിടെ നിന്നും കാർ വാടകക്കെടുത്ത് മേഘാലയ കാണുകയാണ് ലക്ഷ്യം. അരുൺ ചേട്ടനാണ് മാരുതി ആൾട്ടോയുടെ ഇനി അങ്ങോട്ടുള്ള സാരഥി. ആദ്യ ദിവസം നേരെ ഷില്ലോംഗിലേക്കാണ്. ഏകദേശം നൂറ് കിലോമീറ്റർ ദൂരമുണ്ട് ഗുവാഹത്തിയിൽ നിന്നും ഷില്ലോംഗിലേക്ക്. മേഘാലയൻ ഗ്രാമങ്ങളിലേക്കുള്ള കവാടമായ ഷില്ലോംഗിൽ തങ്ങി അടുത്ത രണ്ട് ദിവസങ്ങളിൽ മഴക്കാടുകൾ വിസ്മയം തീർക്കുന്ന ചിറാപുഞ്ചിയും ലോകാത്ഭുതങ്ങളോട് കിടപിടിക്കുന്ന, മരവേരുകൾ കൂട്ടിച്ചേർത്തു നിർമിച്ച ഇരുനിലകളുള്ള കൂറ്റൻ വേരുപാലങ്ങളും നോഹ്കലികായി, എലെഫന്റ് ഫാൾസ്, സെവൻ സിസ്റ്റർ ഫാൾസ് തുടങ്ങിയ മറ്റനേകം വെള്ളച്ചാട്ടങ്ങളും പലതരം ഗുഹകളും ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശമെന്നറിയപ്പെടുന്ന മൗസിന്റം, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന ഖ്യാതി ലഭിച്ച മൗലിനൊംഗ് തുടങ്ങിയ സ്ഥലങ്ങളൊക്കെയും സന്ദർശിച്ചു നാലാം ദിവസം ഉച്ചയോടെ “ദൗകി ‘ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു.

മുന്നോട്ടുപോയിക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും ഒരുപാട് വെള്ളച്ചാട്ടങ്ങളും മഴക്കാടുകളുമൊക്കെ പിന്നോട്ട് മറഞ്ഞു കൊണ്ടിരുന്ന മനോഹരമായ കാഴ്ചകളും ആസ്വദിച്ച് ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ഭൂപ്രകൃതി പലവട്ടം മാറി വന്നുകൊണ്ടിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഴക്കാടുകൾ. കാതങ്ങളോളം നീണ്ടു കിടക്കുന്ന തുറസ്സായ സമതലങ്ങൾ. ഇടക്കിടെ വഴിയുടെ വശങ്ങളിൽ വലിയ കൊക്കകളും തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ പാറക്കെട്ടുകളും. അതിനുമപ്പുറം വിശാലമായി പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളും. അവക്കിടയിൽ നീലം പൂശിയപോലൊരു കൊച്ചു തടാകവും. ഒറ്റനോട്ടത്തിൽ നമ്മുടെ വാഗമണ്ണിന് സമാനമായൊരു സ്ഥലം. പക്ഷേ, ഈ കുന്നുകൾക്ക് പച്ചനിറമില്ല. തവിട്ട് നിറമാണ്. അതിന് നടുവിലുള്ള ജലാശയത്തിനു നീല നിറവും. ഒരുപക്ഷേ ഇളം നീല നിറമുള്ള നഭോ മണ്ഡലത്തിന്റെ പ്രതിഫലനമായിരിക്കണം ഈ തടാകത്തിന്റെ സൗന്ദര്യ രഹസ്യം.

സമയം ഏകദേശം നാലര കഴിഞ്ഞിരിക്കുന്നു. ചക്രവാള സീമയിൽ ഇരുളിന്റെ കരങ്ങൾ തെളിഞ്ഞു തുടങ്ങി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും നമ്മുടെ നാടും തമ്മിലുള്ള വലിയൊരു വ്യത്യാസമാണ് വളരെ നേരത്തെ തന്നെ ഇരുൾ പരന്നു തുടങ്ങുന്നത്. ഇനിയും 45 കിലോമീറ്റർ ദൂരം കാണിക്കുന്നുണ്ട് ഗൂഗിൾ മാപ്പിൽ. വഴിയുടെ അവസ്ഥ വല്ലാതെ മാറിക്കഴിഞ്ഞു. വഴി വല്ലാതെ മോശമായിത്തുടങ്ങി. ടാറില്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴികളിലാകെ കുണ്ടും കുഴികളുമാണ്. വലിയ കല്ലുകളും. വണ്ടിയുടെ വേഗത വളരെ കുറഞ്ഞിരിക്കുന്നു. മൂന്നോ നാലോ കിലോമീറ്റർ ദൂരം ഒച്ചിഴയുംപോലെ വണ്ടി നീങ്ങി. ഇരുട്ടിന്റെ കാഠിന്യം കൂടുന്നതനുസരിച്ച് തണുപ്പും ശക്തി പ്രാപിച്ചു തുടങ്ങി. വഴിയുടെ അവസ്ഥ ഇതാണെങ്കിൽ എങ്ങനെ എത്തിപ്പെടും. സമയം അഞ്ചര ആയിട്ടേയുള്ളു. കൂരിരുട്ടും തണുപ്പും. എന്ത് ചെയ്യും തിരിച്ചു പോയി എവിടെങ്കിലും റൂം അന്വേഷിച്ചാലോ എന്ന എന്റെ ചോദ്യത്തിന് രണ്ടു പേർക്കും മറുപടിയില്ല. എന്തായാലും പോയിനോക്കുക തന്നെ. എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കികൊണ്ട് തന്നെ വീണ്ടും മുന്നോട്ട്. വീണ്ടും റോഡിന്റെ അവസ്ഥ നന്നായി. മെല്ലെ ടാറിട്ട റോഡിലേക്കെത്തിപ്പെട്ടു. അങ്ങനെ കുറച്ചു ദൂരം മുന്നോട്ടുപോയി ഒരു വളവ് തിരിഞ്ഞപ്പോൾ കണ്ട ഒരു കാഴ്ച ഞങ്ങളെ അത്ഭുതസ്തബ്ധരാക്കി. ദീപാലംകൃതമായ ഒരു വലിയ പട്ടണം ദൂരെ. വഴിയുടെ താഴെ ഒരു നദി.

അതിനുമപ്പുറം കുറച്ചു ദൂരെയാണ് വിളക്കുകൾ പ്രകാശിച്ചു നിൽക്കുന്ന ആ പട്ടണം കാണുന്നത്. വണ്ടി വീണ്ടും മുന്നോട്ട്. മറ്റൊരു വളവിലെത്തുമ്പോൾ ഒരു കാർ അവിടെ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. അതിനടുത്ത് ഒരാൾ തന്റെ ക്യാമെറയിൽ ദൂരെക്കാണുന്ന പട്ടണത്തിന്റെ നിശാഭംഗി പകർത്തുന്നു. ഹാവൂ… എന്തൊരാശ്വാസം.. ദൗകിയിലേക്ക് ഇവിടുന്നു എത്ര ദൂരമുണ്ടാകുമെന്നു വെറുതെ ചോദിച്ചു. “ഒന്നരക്കിലോമീറ്റർ.’ ഗൂഗിൾ മാപ്പിൽ ഒന്നൂടെ നോക്കി 35 കി മീ. അപ്പൊ ഇയാൾ വെറുതെ പറയുന്നതാകുമോ?. അങ്ങനെയാണെങ്കിൽ ദൂരെ കാണുന്നത് ദൗകി ആയിരിക്കില്ലേ. സഹ സഞ്ചാരികൾക്ക് സംശയം. അതിന്റെ മറുപടി കേട്ടപ്പോൾ വീണ്ടും ഞെട്ടി. അത് ബംഗ്ലാദേശാണ്. ഈ വഴി തന്നെ നേരെ വിട്ടോ ഒരു ഒന്നര കിലോമീറ്റർ കഴിയുമ്പോൾ ദൗകിയെത്തും.

സഞ്ചാരിയുടെ നിർദേശപ്രകാരം നേരെ വണ്ടിവിട്ടു. കുറഞ്ഞ സമയത്തിനുള്ളിൽ ദൗകിയിലെത്തി. സന്തോഷം അലതല്ലി. ഇനിയൊന്ന് ഉറങ്ങണം. അന്വേഷിച്ചപ്പോൾ റൂമുകൾക്കൊക്കെ വലിയ റേറ്റാണ്. ടെന്റ് സ്റ്റേ വിലക്കുറവിലുണ്ടെന്ന് പറഞ്ഞ പ്രദേശത്തുകാരനായ ലാംലൂഗിന്റെ കൂടെ യാത്ര തിരിച്ചു. ലാംലൂഗ് തന്റെ നൗകയെ നദീതീരത്തുള്ളൊരു മണൽതിട്ടക്കരികിലേക്ക് അടുപ്പിച്ചു. അതിനടുത്തായി ടാർപോളിൻ വലിച്ചുകെട്ടിയ ഒരു ചെറിയ കട. പ്രായമായൊരു മനുഷ്യൻ ചുണ്ണാമ്പിന്റെ കറയുള്ള പല്ലുകൾ മുഴുവൻ കാട്ടി ചിരിച്ചുകൊണ്ട് പുറത്തേക്കുവന്നു. ലാം ലൂംഗിന്റെ അച്ഛനായിരിക്കണം. ചായ കുടിച്ച് കുറേ നേരം പുള്ളി ഹിന്ദിയിലും ഖാസി ഭാഷയിലുമൊക്കെ സംസാരിച്ചിരുന്നു. അതുകൊണ്ടുതന്നെ പറയുന്നതിൽ പാതിയും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്‌നങ്ങൾ, വാണിജ്യ ബന്ധങ്ങൾ, കൽക്കരി ബിസിനസ്സുകൾ അങ്ങനെ പലതും. എന്നാലും സംസാരത്തിൽ ആശ്ചര്യമുളവാക്കിയത് മറ്റൊരു കാര്യമാണ്. ഉരുളൻ കല്ലുകളുടെ ബിസിനസ്. ഇവിടുള്ള കല്ലുകൾ ഇവർ ബംഗ്ലാദേശിന് വിൽക്കുന്നു. ത്രിപുര ബംഗ്ലാദേശിൽ നിന്നും ഈ കല്ലുകൾ വിലക്ക് വാങ്ങുന്നു. ആഹാ.. കൊള്ളാമല്ലോ. ത്രിപുരയും മേഘാലയയും ഇന്ത്യയിലാണ്. പിന്നെയെന്തിന് ഇവിടുന്നു കല്ലുകൾ ബംഗ്ലാദേശ് വഴി കച്ചവടം ചെയ്യുന്നു.? കെട്ടിടങ്ങളും റോഡുകളുമൊക്കെ പണിയാൻ അവർ കല്ലുകൾ ബംഗ്ലാദേശിൽ നിന്നും വിലക്ക് വാങ്ങുന്നു. ട്രാൻസ്‌പോർറ്റേഷൻ ഏറ്റവും കുറഞ്ഞ ചെലവിൽ ചെയ്യാനുള്ള മാർഗം ഇതാണത്രേ. സത്യാവസ്ഥ കൃത്യമായി അറിയില്ലെങ്കിലും കേട്ടിരിക്കാൻ രസമുണ്ട്..

ഉരുളൻ കല്ലുകളുടെ മണൽദ്വീപ്

ആറുമണിക്ക് മുമ്പേ തന്നെ ടെന്റിനു പുറത്തിറങ്ങി. ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറിയൊരു മണൽദ്വീപ്. അതിന് നടുവിലായി കുറെയേറെ ടെന്റുകൾ. തുടിക്കുന്ന മനസ്സുമായി ദൗകിയുടെ അരികത്തേക്ക് നടന്നു. കാലുകൾക്ക് വേഗതയേറി. മണലിലൂടെ വേഗത്തിൽ നടക്കാൻ കഴിയുന്നില്ല. നടന്നു. തൊട്ടരികിലെത്തി. ദാ തൊട്ടുമുമ്പിൽ ദൗകി മെല്ലെ ഒഴുകുന്നു. കണ്ണിമ വെട്ടാതെ നിശ്ചലം നോക്കി നിന്നുപോയി ആ കാഴ്ച. ഗൂഗിളിൽ പണ്ടെന്നോ കണ്ടു പിന്നീട് മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അതേ ചിത്രം. അതേ നദി. അവർണനീയമായ പ്രകൃതിയുടെ കരവിരുത് കണ്ടുമയങ്ങി നിന്നുപോയ നിമിഷങ്ങൾ.. ഒരു നദിക്കിത്രയും സൗന്ദര്യമോ.!
ദൗകി ഉണർന്നു വരികയാണ്. അങ്ങകലെ മലനിരകൾക്കിടയിലൂടെ തെക്കൻ കാറ്റ് ഊളിയിട്ടു. ആ രോമാഞ്ചത്തിൽ മതിമറന്നു ചെറുകിളികൾ ഏറ്റുപാടി. ഈ പ്രകൃതിയെ തന്നെ മാടി വിളിക്കുന്നുവോ. പറഞ്ഞറിയിക്കാനാകാത്തൊരു അനുഭൂതി. ഏറിവരുന്ന സൂര്യപ്രകാശത്തിൽ ദൗകി വീണ്ടും തെളിമയാർന്നു. അടിത്തട്ടിലെ വെള്ളാരംകല്ലുകൾ പോലും സൂര്യകാന്തം പോലെ വെട്ടിത്തിളങ്ങി. ഏത് ശിലാഹൃദയന്റെയും മനം കവരുന്ന കാഴ്ചയുടെ നവ്യാനുഭവം പകർന്നു തരാൻ ദൗകിക്കു കഴിയും.. ഉറപ്പാണ്. ചാടിയും മറിഞ്ഞും നീന്തിയും കളിച്ചും ചിരിച്ചും ഈ സന്തോഷം ഞങ്ങൾ പങ്കുവെച്ചു. സ്വപ്‌നത്തിലാണോ എന്നു പലവട്ടം തോന്നിപ്പോയി… അല്ല.. യാഥാർഥ്യം തന്നെയാണ്.. ഒരുപാട് നേരം വെള്ളത്തിൽ കിടന്നാർത്തുല്ലസിച്ചു ഞങ്ങൾ… വഞ്ചിയിൽ തുഴഞ്ഞു പോകുന്നവർ ഞങ്ങളെ നോക്കി ചിരിച്ചും കൈ വീശിക്കാണിച്ചും കൊണ്ടുമിരുന്നു.

ത്രീ ഡി ചിത്രം പോലെ തോന്നും. ഇളം പച്ച നിറമുള്ളൊരു ചില്ലിനുമുകളിലൂടെ തെന്നിനീങ്ങുന്നൊരു വള്ളം പോലെ. എല്ലാം കഴിഞ്ഞു ഒരു മണിക്കൂർ തോണിയിൽ സവാരിയും നടത്തി ബംഗ്ലാദേശ് ബോർഡറും ദൗകി പാലവും മാർക്കറ്റുമൊക്കെ കാണിച്ചിട്ടാണ് ലാംലൂഗ് ഞങ്ങളെ അക്കരെയെത്തിച്ചത്. ഓരോ കാഴ്ചകളും സൃഷ്ടിയുടെ വിസ്മയങ്ങളാണ്. അതിലേതാണ് ഏറ്റവും മികച്ചത് എന്ന് കണ്ടെത്തുക പ്രയാസമാണ്. ഓരോ യാത്രയും പഠിപ്പിക്കുന്നതും അതുതന്നെ.

സോബിൻ ചന്ദ്രൻ
[email protected]