എവിടെ ചെന്നാലും ആകാശം ഒന്നുതന്നെ

രണ്ടര വർഷം കൊണ്ട് ടെഹ്‌റാനിലെ എവിൻ തടവറയിൽ മറീന കണ്ടതും കേട്ടതും അനുഭവിച്ചതുമായ പീഡനങ്ങളുടെ കഥയാണ് ടെഹ്‌റാനിലെ തടവുകാരി. ഖൊമേനി ഭരണം തന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നു പറയുന്ന മറീന, ജയിലർ അലിയെ പോലെ ഖൊമേനിയിലും നന്മ കണ്ടെത്താൻ പുസ്തകം ശ്രമിക്കുന്നുണ്ട്. ഒരേയിരുപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയും ശൈലിയും.
അതിഥി വായന
Posted on: October 14, 2019 12:16 am | Last updated: October 14, 2019 at 12:16 am

“എവിടെ ചെന്നാലും ആകാശം ഒന്നു തന്നെ’ എന്നൊരു പേർഷ്യൽ പഴമൊഴി എടുത്തുദ്ധരിച്ചു കൊണ്ടാണ് മറീന നെമാത് “ടെഹ്‌റാനിലെ തടവുകാരി’ (അനുഭവം) (Prisoner of tehran) എന്ന കൃതി ആരംഭിക്കുന്നത്. കുപ്രസിദ്ധമായ എവിൻ തടവറയിൽ ഉണ്ടായ മറീനയുടെയും സഹതടവുകാരികളായ കൂട്ടുകാരികളുടേയും അനുഭവമാണ് ഈ പുസ്തകം. ചരിത്രം പുനർരചിക്കുമ്പോൾ ഉണ്ടായ വൻ പിഴവുകളാണ് ഈ പുസ്തകത്തിൽ. സ്വത്ത് കൊള്ളയടിച്ച് രാജ്യത്തെ ലൈംഗിക അരാചകത്വത്തിലേക്ക് നയിച്ച ഷാ ഭരണകൂടത്തെ തൂത്തെറിഞ്ഞ് അധികാരത്തിൽ വന്ന ഖൊമേനിയുടെ ഭരണകൂടം നടപ്പാക്കിയ പരിഷ്‌കരണത്തിന്റെ ആദ്യ നാളുകളിൽ മറീനക്ക് സംഭവിക്കുന്ന തെറ്റുകളും അതേത്തുടർന്ന് അവൾ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളുമാണ് “ടെഹ്‌റാനിലെ തടവുകാരി’. എവിൻ തടവറയിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് മറീന അന്യരാജ്യത്ത് അഭയം തേടുന്നതിലൂടെയാണ് പുസ്തകം അവസാനിക്കുന്നത്.

മറീനയുടേത് ഇനിയൊരു പുനർജന്മമാണ്. കനഡയിലെ അനന്തവും ആഴമേറിയതുമായ നീലാകാശവും നക്ഷത്ര ശോഭയിൽ തിളങ്ങുന്ന നഗരവും അവളെ കാത്തിരിക്കുന്നു. പണ്ട് അവളുടെ മുത്തശ്ശിക്കും ഇതുപോലുള്ള അനുഭവമായിരുന്നു. ജനിച്ച നാടും വീടും ഉപേക്ഷിക്കേണ്ടിവന്ന മുത്തശ്ശി അന്ന് ഒരുപാട് കരഞ്ഞിരുന്നു. ക്രിസ്തു മത വിശ്വാസിയായ മുത്തശ്ശി റഷ്യൻ വംശജയായിരുന്നു. മുത്തച്ഛൻ ഇറാൻകാരനും. റഷ്യൻ വിപ്ലവത്തെത്തുടർന്ന് ഇറാനിലേക്ക് ഓടിപ്പോരേണ്ടി വന്നവരായിരുന്നു ആ ദമ്പതികൾ അവർ കമ്യൂണിസ്റ്റ് വിപ്ലവത്തെ വെറുത്തിരുന്നു. റഷ്യ വിടുമ്പോൾ മുത്തശ്ശി ഗർഭിണിയായിരുന്നു. മറീനയുടെ അച്ഛനെ വയറ്റിൽ ചുമന്നായിരുന്നു അവർ അന്ന് നാടുവിട്ടത്. ഇന്ന് മറീനക്ക് സംഭവിച്ചിരിക്കുന്നതും ഏറക്കുറെ മുത്തശ്ശിയുടെ പ്രയാസങ്ങളും വേദനകളും തന്നെയാണ്. പരിചയമില്ലാത്ത നാട്ടിലേക്ക് അഭയാർഥിയായി കൈക്കുഞ്ഞുമായി പൂർവ ബന്ധങ്ങളുടെ വേരുകൾ അറുത്തുമാറ്റി ഒരു യാത്ര. എവിൻ തടവറയിൽ വധശിക്ഷയിൽ നിന്നൊഴിവാകാൻ ജയിലറായ അലിയുടെ നിർബന്ധത്തിനു വഴങ്ങി മറീന ഇസ്‌ലാം മതം സ്വീകരിക്കുകയും അലിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ ആ ബന്ധം അധികനാൾ തുടരാനായില്ല. അലി ദുരൂഹ സാഹചര്യത്തിൽ വധിക്കപ്പെട്ടു. അയാളുടെ മരണ ശേഷം മറീന പൂർവ കാമുകനും കൃസ്ത്യാനിയുമായ ആന്ദ്രേയെ വിവാഹം ചെയ്തത് എവിനിലെ ഒരു വിഭാഗം ഗാർഡുകൾക്കിടയിൽ കടുത്ത അമർഷത്തിന്നിടയാക്കി. അത് അവളുടെ ജീവൻ അപകടത്തിലാക്കിയിരുന്നു. കുറേക്കാലം നഗരത്തിൽ നിന്ന് വിട്ട് മാറി താമസിച്ചെങ്കിലും ഒടുവിൽ യുക്തിപൂർവമായ തീരുമാനം അവൾ കൈക്കൊള്ളുകയായിരുന്നു. സ്‌നേഹിച്ച പുരുഷനോടൊത്ത് നാട് ഉപേക്ഷിക്കുകയെന്നത്. ആ തീരുമാനം വധശിക്ഷയേക്കാൾ കടുപ്പമേറിയ വേദനയാണ് അവൾക്ക് സമ്മാനിച്ചത്. മറീന ആ വേദന ഇങ്ങനെ പങ്കു വെക്കുന്നു. “ഇറാനിലെ ഓരോ തെരുവിനെക്കുറിച്ചും, ഓരോ മൂലകളെക്കുറിച്ചും എനിക്കോരോരോ ഓർമകളുണ്ട്. ഇറാനിലെ എന്റെ ജീവിതമാണെന്നെ ഞാനാക്കിയത്. ഞാൻ ഇവിടെ വിട്ടു പോകുന്നത് എന്റെ ആത്മാവിന്റെ എന്റെ ഹൃദയത്തിന്റെ ഒരംശമാണ്. ഇവിടെയാണെന്റെ പ്രിയ സുഹൃത്തുക്കളെ അടക്കം ചെയ്തിരിക്കുന്നത്. എനിക്ക് ഈ നാടുവിട്ട് പോകുകയല്ലാതെ ഇപ്പോൾ മറ്റ് മാർഗമില്ല. വളർന്നു വലുതായ വീട്, കളിച്ചു നടന്ന പാർക്ക്, വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ പള്ളി, നീലകാസ്പിയൻ കടൽ, തുറമുഖത്തിന്റെ രണ്ടു വശങ്ങളും ബന്ധിപ്പിച്ച പാലം ഉയരമേറിയ മലനിരകളുടെ മടിത്തട്ടിൽ വിശ്രമിച്ച നെൽവയലുകൾ എല്ലാം ഇനി അവൾക്ക് ഓർമകളായി മാറുകയാണ്.

സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പതിനാറാമത്തെ വയസ്സിലാണ് മറീന അറസ്റ്റു ചെയ്യപ്പെടുന്നത്. അവൾക്ക് അതിന്റെ കാരണം ഇനിയും മനസ്സിലായില്ല. ഒരു ദിവസം ടെഹ്‌റാനിലെ രണ്ട് വിപ്ലവ ഗാർഡുകൾ വീട്ടിൽ വന്നു കയറി. അവളുടെ മുറി പരിശോധിച്ചു അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന പാശ്ചാത്യ ഭാഷയിൽ അച്ചടിച്ച പുസ്തകങ്ങളായിരുന്നു മുറി നിറയെ. അതെല്ലാം വാരിവലിച്ച് അവർ കൊണ്ടുപോയി. കൂടെ മറീനയേയും.
ഖൊമേനിയുടെ ഭരണകാലത്ത് പാശ്ചാത്യ പുസ്തകങ്ങൾക്ക് ഇറാനിൽ വിലക്കുകൾ ഉണ്ടായിരുന്നു. ആ പുസ്തകങ്ങളെല്ലാം മറീനക്ക് സമ്മാനിച്ചത് പുസ്തക കടക്കാരനായ ഒരു അമേരിക്കക്കാരനായിരുന്നു. എന്നാൽ മറീനയെ ശരിക്കും അറസ്റ്റിലേക്ക് നയിച്ചത് ഈ പുസ്തകങ്ങൾ ഒന്നുമല്ല. ഉത്‌ബോധനങ്ങൾ പഠിപ്പിക്കുന്നതിനെ അവൾ ചോദ്യം ചെയ്തതാണ്. കാരണം, കണക്കിൽ അവൾ മോശമായിരുന്നു. അതു കൊണ്ട് ഗണിത ശാസ്ത്രം പഠിപ്പിക്കുന്ന ടീച്ചറോട് രാഷ്ട്രീയം പഠിപ്പിക്കാതെ ഗണിത ശാസ്ത്രം പഠിപ്പിക്ക് എന്നവൾ പറഞ്ഞിരുന്നു. ആ നിമിഷം മുതൽ സ്‌കൂളിലെ അന്തരീക്ഷം നിറംകെട്ടു. അവിടെ ഇരുട്ട് വ്യാപിച്ചതു പോലെയായി. ടീച്ചർ അവളെ ക്ലാസിന് പുറത്തു നിർത്തി. പല കുട്ടികളും അവൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചെങ്കിലും അവരെയെല്ലാം പിന്നീട് കാണാതായി. ചില കുട്ടികളെ മറീന എവിൻ തടവറയിൽ കണ്ടുമുട്ടി. അതിൽ സാറയും തരേനയും മീനയും ഉണ്ടായിരുന്നു. ജയിൽ മേധാവിയായ അലി ഷാ ഭരണകാലത്ത് എവിനിൽ ക്രൂരമായി പീഡിക്കപ്പെട്ടയാളാണ്. ആ ഒരു അനുഭവമാകാം തടവുകാരോട് അയാൾ അൽപ്പം ദയ കാട്ടുന്നത്. പ്രത്യേകിച്ച് മറീനയോട് അവളിൽ തോന്നിയ അനുരാഗമാണ് എവിൻ തടവറയിൽ അവളുടെ ജീവൻ പൊലിയാതിരുന്നത്. എത്രയെത്ര കന്യകമാരാണ് അവിടെ വെടിയേറ്റു മരിക്കുന്നതും പീഡിപ്പിക്കപ്പെടുന്നതും. മറീന നെമാത് അനുഭവം കുറിക്കുന്നു: “സാറയെ അവളുടെ പുതപ്പിലിട്ട് പൊക്കിയെടുത്ത് ഗാർഡുകൾ കൊണ്ടുപോകുമ്പോൾ അവളെ മരിക്കാൻ അനുവദിക്കണേയെന്ന് പ്രാർഥിക്കുന്നവൾ. മരണത്തിനു മുമ്പുള്ള ബലാത്സംഗം അതോർക്കാനേ കഴിയുന്നില്ല. ഇതിന്റെയെല്ലാം കാരണങ്ങൾ അജ്ഞാതമാണ്. ഒരു പക്ഷ, സാമ്രാജ്യത്വ ശക്തികളോടുള്ള ഭരണകൂടത്തിന്റെ ഒടുങ്ങാത്ത പകയായിരിക്കാം. ഖൊമേനിക്കെതിരെയുള്ള ഓരോ ശബ്ദവും ഇസ്‌ലാമിന് എതിരെയുള്ള ശബ്ദമായി വ്യാഖ്യാനിക്കുമ്പോഴും, അതിൽ മറഞ്ഞുകിടക്കുന്ന സാമ്രാജ്യത്വ താത്പര്യങ്ങളെ കാണാതിരുന്നു കൂടാ. റിസാ ഷായുടെ ഏകാധിപത്യ വാഴ്ചയും അമേരിക്കയുടേയും ബ്രിട്ടന്റെയും എണ്ണ താത്പര്യങ്ങളും സി ഐ എ യെ ഉപയോഗിച്ച് നടത്തിയ അട്ടിമറികളും വിപ്ലവത്തിന് വഴിവെച്ചതു മുതലാണ് എവിൻ തടവറയിൽ നിരപരാധികളെ പീഡിപ്പിച്ചുകൊണ്ടുള്ള ചരിത്രം മാറ്റി എഴുതുന്നതെന്ന് ഇറാന്റെ പൂർവ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ അറിയാം. ഭീതിയുടെ പര്യായമായി മാറിയ എവിൻ തടവറയിൽ ഗർഭിണിയായ സ്ത്രീ പ്രസവിക്കുന്നതും കുഞ്ഞിനെ കാണുന്നതിന് മുമ്പ് തന്നെ പിതാവ് വധിക്കപ്പെടുന്നതും മറീന അടക്കമുള്ളവർ കുഞ്ഞിനെ മാറി മാറി താരാട്ടുന്നതും സ്വപ്നത്തിലെന്ന പോലെ വായിക്കാനെ നമുക്കാവൂ. ഗർഭിണിയുടെയും മുലയൂട്ടുന്നവരുടേയും മേൽ വധശിക്ഷ നടപ്പാക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല ഷീദ എന്ന ഇരുപതുകാരിയുടെ വധശിക്ഷ നീട്ടിയത് അതുകൊണ്ടാണ്. അവൾ ഗർഭിണിയായിരുന്നു. “ആർക്കെങ്കിലും എന്റെ ആത്മാവിന്റെ സ്വരം കേൾക്കാമോ?’ എന്ന് മരണത്തിന് മുമ്പ് ജയിൽ ചുമരിൽ എഴുതിപ്പോകുന്ന ഷിറിൻഹഷേമിയെ എങ്ങനെയാണ് മറക്കാനാകുക?

ആ ചുമരുകളിൽ നിന്ന് എപ്പോഴും അവളുടെ നിലവിളി ഉയരുന്നത് കേൾക്കാം. സഹോദരൻ നഷ്ടമായ ആഘാതത്തിൽ ദേഹമാസകലം ഓർമകൾ എഴുതി നിറക്കുന്ന സാറയും ദുഃഖമല്ലാതെ മറ്റൊന്നും ഈ തടവുകാർ നമുക്കു നൽകുന്നില്ല. “ടെഹ്‌റാനിലെ തടവുകാരി’ യിൽ മറീന നെമാത് അനുഭവം പങ്കിടുന്നത് ശ്വാസം അടക്കിപ്പിടിച്ച് വായിച്ച് പോകാനേ കഴിയൂ. കന്യക രക്തസാക്ഷിയായാൽ അവൾക്ക് ദൈവപ്രീതിയും സ്വർഗവും ലഭിക്കുമെന്ന ഒരു വിശ്വാസം നിലനിൽക്കുന്നതുകൊണ്ട് മരണത്തിന് മുമ്പ് ക്രൂരമായി ബലാത്സംഗം ചെയ്താണ് അവർ നീതി നടപ്പാക്കിയിരുന്നതെന്ന് മറീന എഴുതുമ്പോൾ അതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്ന് അലി തിരുത്തുന്നുണ്ട്.

മറീനയുടെ നിർബന്ധിത മതം മാറ്റവും അലിയുമായുള്ള വിവാഹവും ഒരു നിഷ്ഠൂര കഥാപാത്രമായി അലിയെ വായനക്കാരിൽ കുടിയിരുത്താനാണ് പുസ്തകം ശ്രമിക്കുന്നതെങ്കിലും അലിയുടെ രക്തസാക്ഷിത്വം നൽകുന്ന സന്ദേശം മറ്റൊന്നാണ്. എവിനിൽ നടന്നുകൊണ്ടിരിക്കുന്ന വൃത്തികെട്ട ആചാരങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നതിന് അലികണ്ടെത്തിയ വിചിത്ര മാർഗമായിരിക്കാം മറീനയുമായുള്ള വിവാഹമെന്ന് സൂക്ഷ്മവായനയിൽ തോന്നിപ്പോകും മറീന മാലാഖമാരെ സ്വപ്നം കാണുന്നവളും അവരിൽ വിശ്വസിക്കുന്നവളുമാണ്. അവളുടെ വിഷമഘട്ടങ്ങളിലെല്ലാം മനുഷ്യരൂപത്തിൽ വന്ന് സഹായം നൽകുന്നതിനെ നന്ദിയോടെ അവൾ സ്മരിക്കാറുമുണ്ട്. അവൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ പുസ്തകക്കടക്കാരൻ അൽബർട്ട് ആ അർഥത്തിൽ മാലാഖയാണ്. വധശിക്ഷ വിധിക്കുകയും പിന്നീട് അത് ജീവപര്യന്തമായി ഇളവ് ചെയ്യുകയും രണ്ടര വർഷം തികയുന്നതിനു മുമ്പ് മറീന ജയിൽ മോചിതയാകുകയും ചെയ്തത് അലി എന്ന മാലാഖയുടെ ഇടപെടലാണ്. അയാൾ ഉള്ളിൽക്കൊണ്ടു നടന്നത് കാമാസക്തിയല്ലെന്നും, മത നൈതികതയുടെ മറവിൽ ജയിലിൽ നടക്കുന്ന പ്രവൃത്തികളോടുള്ള ആത്മരോഷമാണെന്നും നല്ല വായനക്കാർ തിരിച്ചറിയാതിരിക്കില്ല. നിരപരാധികളെ കൊന്നൊടുക്കുന്നതിൽ നിന്ന് ജയിലിനെ മോചിപ്പിച്ചെടുക്കാൻ അലി നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്നത് അയാളിൽ നിരാശയുളവാക്കിയിരുന്നു. ഏറ്റവും ഒടുവിൽ നിരപരാധിയായ മീനയുടെ മരണമാണ് അലിയെ തളർത്തിയത്. മറീനയുമൊത്ത് സുഖജീവിതം നയിക്കാൻ ആഗ്രഹിച്ച അലി അവൾക്കിഷ്ടമില്ലാത്ത ജോലിപോലും രാജിവെക്കുന്നുണ്ട്. രണ്ടര വർഷം കൊണ്ട് ടെഹ്‌റാനിലെ എവിൻ തടവറയിൽ മറീന കണ്ടതും കേട്ടതും അനുഭവിച്ചതുമായ പീഡനങ്ങളുടെ കഥയാണ് ടെഹ്‌റാനിലെ തടവുകാരി. ഖൊമേനി ഭരണം തന്റെ ജീവിതത്തെ മാറ്റി മറിച്ചു എന്നു പറയുന്ന മറീന ജയിലർ അലിയെ പോലെ ഖൊമേനിയിലും നന്മ കണ്ടെത്താൻ പുസ്തകം ശ്രമിക്കുന്നുണ്ട്. ഒരേയിരുപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയും ശൈലിയും. അന്യഭാഷ കൃതിയുടെ സ്വാഭാവിക മടുപ്പ് ഇല്ലാതാക്കുന്നു. പ്രസാധനം: ഗ്രീൻബുക്‌സ്. പേജ്: 328, വില: 340.

ഹംസ വട്ടേക്കാട്
[email protected]