Connect with us

Vazhivilakk

വേണ്ടകെട്ടോ, അത് എന്നെ പറ്റി തന്നെയാണെന്ന

Published

|

Last Updated

ജന്തുശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ള ആളാണെന്ന് തോന്നുന്നു, ഒത്തിരി കീഴാള ജന്തുക്കളുടെ പേരുകൾ നാക്കിടറാതെ അയാൾക്ക് പറയാനാകുന്നുണ്ട്. ഫോൺ വിളിക്കുകയാണ്, ആ അരച്ചൂടൻ. നായ, പട്ടി, പന്നി, കഴുത, പോത്ത് തുടങ്ങിയ ജന്തുനാമങ്ങളാണ് തെളിഞ്ഞ് കേൾക്കുന്നത്. നിനക്കൊക്കെ എന്നെപ്പറ്റിയല്ലാതെ എഴുതാൻ കിട്ടിയില്ല അല്ലേ ? ആ ഫോണിന്റെ അങ്ങേ തലക്കൽ ആരാണെന്ന് നിശ്ചയമില്ല. പിന്നെ, ആ ലേഖനം കിണ്ണം കിണ്ണമായിട്ടുണ്ട്. അവനൊക്കെ അങ്ങനെത്തന്നെ കൊടുക്കണം, നെഞ്ചത്തിട്ട.് മേലാലാ സ്വഭാവം ഉണ്ടാകരുത.് പൂതി മാറിപ്പോകണം. ഇനിയും അങ്ങനെത്തന്നെ എഴുതണം. മർമത്തിനിട്ട് കൊട്ടണം. എഴുതൂലേ….? ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് ഏകപക്ഷീയമായ അഭിപ്രായങ്ങൾ ചാക്കുപൊട്ടിച്ച് ചൊരിഞ്ഞിടുക്കുകയാണ്. ഞാൻ മറിച്ച് ഒരക്ഷരം ഉരിയാടാതെ ഉം…..ഊം….ഊം..ഉം…..എന്നിങ്ങനെ മുറുകിയും അയഞ്ഞും, അയഞ്ഞും മുറുകിയും മൂളിക്കൊടുക്കുക മാത്രംചെയ്തു. പക്ഷേ, അയാളുടെ ഇടവിട്ടുള്ള കാതോർക്കലുകൾ, എന്നിൽനിന്ന് കാര്യമായ എന്തോ സ്വകാര്യം പിടിച്ചെടുക്കാൻ ദാഹിക്കുന്നതായി തോന്നി. ഏത് മൂപ്പരെ പറ്റിയാണ് ഇയാളിപ്പറയുന്നതെന്നോ, എത് ലേഖനത്തെച്ചൊല്ലിയാണ് ഈ പൊല്ലാപ്പെന്നോ ഒന്നും ഒരു പിടുത്തവും കിട്ടാതെ ഇതെന്തു പറയാനാണ്? മറ്റുള്ളവർ സംസാരിക്കുന്നതും പ്രസംഗിക്കുന്നതും എഴുതുന്നതും എന്നെക്കുറിച്ചാണെന്ന് തെറ്റിദ്ധരിക്കുക ചിലരുടെ ഒരു രോഗമാണ്. രണ്ട് കാരണങ്ങളാലാണ് ഇതുണ്ടാകുക. ഒന്ന്, സ്വതവേയുള്ള മാനസിക ദുർബലത. രണ്ട് ചെയ്ത തെറ്റിനെചൊല്ലിയുള്ള കുറ്റബോധം.

ഇനി, ഓരോന്നും വിശദീകരിക്കാം. ചിലർ പൊതുവെ, ദുർബല മനസ്സിന്റെ ഉടമകളായിരിക്കും. ജീവിതത്തിന്റെ പ്രശ്‌ന സന്ധികളിൽ പതറിപ്പോകുന്നവരാണിവർ. സാമാന്യേന വിഭ്രാന്തികൂടിയ വിഭാഗം. ഒറ്റക്ക് നടന്നുനീങ്ങുമ്പോൾ ഇപ്പോൾ ഞാനൊരു പാമ്പിനെ കാണുമെന്നോ, ഒരു കടിക്കുംപട്ടി ഇപ്പോൾ നാക്കുനീട്ടി എനിക്ക് നേരെ ഓടിയടുക്കുമെന്നോ, എന്റെ പിന്നിൽ ആരോ പതുങ്ങിവരുന്നുണ്ടെന്നോ ഒക്കെ ഇവർക്ക് തോന്നും. നെഞ്ചിടിപ്പ് കൂടും. മുഖം വിളർക്കും. ചുണ്ടുകൾ വെളുക്കും. ആകെ വിയർക്കും. ആസകലം വിറക്കും. ഈ ജാതി പേടിക്കുടലന്മാർ നട്ടപ്പാതിരയ്ക്ക് ഞെട്ടിയുണർന്നാൽ കുടുങ്ങിയതുതന്നെ. യാതൊരു സാധ്യതയുമില്ലെങ്കിലും അവരുടെ മനസ്സിൽ ഒരാശയം ഓടും, കള്ളൻ! പിന്നെ കള്ളന്റെ വരവായി. പറമ്പിൽ പ്ലാവില വീഴുന്നത,് കള്ളന്റെ കാലൊച്ചയായി. കാറ്റിൽ തെങ്ങോല കുലയുന്നത്, കള്ളന്റെ കസ്രത്തുകളായി. മുറ്റത്തുകൂടെ പട്ടിയോടുന്നതും, അട്ടത്തിരുന്ന് എലികൾ പിട്ടയിടുന്നതും, മാങ്കൊമ്പുകളിൽ കടവാതിലുകൾ കശുമാങ്ങ ചപ്പുന്നതും എന്നുവേണ്ട കൊട്ടവെള്ളമിറ്റുന്നതും, മുല്ലമൊട്ടുകൾ ഞെട്ടറ്റുവീഴുന്നതും, നിയതമായ താളലയങ്ങളോടെ മഞ്ഞുപെയ്യുന്നതുപോലും കള്ളന്റെ വ്യത്യസ്ത ചുവടുനീക്കങ്ങളായി അയാൾക്ക് മുന്നിൽ അവതരിക്കും. നേരം പുലരുവോളം ഇങ്ങനെ ഈ ഇല്ലാക്കള്ളനുമായി മല്ലയുദ്ധം നടത്തി, ഒടുക്കം നായ്‌ക്കോലം കൊട്ടും ഇയാൾ.

ഇനി രണ്ടാമത്തേതിലേക്ക് വരാം. ചെയ്തു പോയ കുറ്റങ്ങൾ നമ്മുടെ അബോധ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. ചെയ്ത കുറ്റത്തിന്റെ വലിപ്പച്ചെറുപ്പമനുസരിച്ച് ആ അലട്ടലിന്റെ എരിവ് ഏറിയും കുറഞ്ഞുമിരിക്കും. കുത്തിക്കൊന്നവനെ പോലെയല്ല, അടക്ക കട്ടുവിറ്റവൻ. അമ്മയെ തല്ലിയവനെപ്പോലെയല്ല, പോക്കറ്റടിച്ചവൻ. കെട്ടിയവളെ കൂട്ടിക്കൊടുത്തവനെപോലെയല്ല, പൂച്ചയെ തച്ചുകൊന്നവൻ. ഓരോന്നിലും അവരനുഭവിക്കുന്ന വിഭ്രാന്തിയുടെ നിലവാരത്തിൽ വ്യത്യാസങ്ങൾ കാണും. താൻ വെട്ടിക്കൊന്ന ഡങ്കൻ രാജാവിന്റെ പ്രേതത്തെ സദ്യാവട്ടത്തിലിരിക്കുന്ന മറ്റാരും കാണാതിരിക്കെ, താൻ മാത്രം കണ്ട് പേടിച്ചുവിറയ്ക്കുന്ന മാക്ബത്തിന്റെ കഥ ഇവിടെ ഓർത്തെടുക്കാം. തന്റെ കണ്ണിന് മുന്നചന്റ എപ്പോഴും വലിയൊരു കൊലക്കത്തി തൂങ്ങിയാടുന്നതായി മാക്ബത്ത് കാണുന്നത്, ആ കുറ്റബോധത്തിന്റെ ആഴത്തിലുള്ള വേരിറങ്ങലായി വേണം മനസ്സിലാക്കാൻ. ഓർക്കേണ്ടത്, പാപഭാരത്തിന്റെ ഭാണ്ഡം പേറി നടക്കുന്നവർ, എവിടെവെച്ചെങ്കിലും തന്റെ കള്ളിപൊളിയുമോ എന്ന ഉൾപിടച്ചിലിലായിരിക്കും സദാ. മറ്റുള്ളവരുടെ സംസാരങ്ങളിലും അംഗവിക്ഷേപങ്ങളിലുമൊക്കെ ആയതിലേക്കുള്ള സൂചനകൾ ഉണ്ടോ എന്ന് ചൂഴ്ന്ന് നോക്കുകയായിരിക്കും ഇവർക്കുള്ള കാര്യമായ ഒരു പണി. കേൾക്കുന്നതെല്ലാം എന്നെപ്പറ്റിയാണോ എന്ന് എല്ലാവർക്കും തോന്നിക്കൊള്ളണമെന്നില്ല എന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ, ചിലർക്ക് ചില കാര്യം കേൾക്കുമ്പോഴേക്കും ഇതെന്നെ പറ്റിയാണല്ലോ എന്ന സംശയം തലയുയർത്തും. അത് തങ്ങളുടെ അപരാധമേഖലയുമായി ആ പറഞ്ഞ കാര്യത്തിന് ബന്ധമുള്ളതുകൊണ്ടാണ്. അതങ്ങനെ വേണം താനും. ആരെന്തെഴുതിയാലും, എന്തു പ്രസംഗിച്ചാലും, എന്തുപദേശിച്ചാലും അതെല്ലാം മറ്റാർക്കോ വേണ്ടി വേറെന്തോ പറയുകയാണ് എന്ന് എല്ലാവരും ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ ഇതിനൊക്കൊയുണ്ടോ ഒരു ഇത്? പക്ഷെ, ആ ഫീലിംഗിൽ ഉണ്ടാകുന്ന വ്യത്യാസത്തെയാണ് നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത്. മദ്യപിച്ച് വീട്ടിലെത്തി കെട്ടിയവളെ തച്ചുചാറാക്കുന്ന ഒരുത്തന്റെ കഥ പറയുമ്പോൾ നിങ്ങൾക്കത് ഒരു കഥയായിത്തന്നെ തോന്നാം, ശരി. എന്നാൽ, കണ്ടവരോടെല്ലാം കണ്ടമാനം കാശ് കടംവാങ്ങുകയും, തീയതി തെറ്റിച്ച് മുങ്ങിനടക്കുകയും ചെയ്യുന്ന ഒരാളെന്ന് പറയുമ്പോൾ നിങ്ങളിൽ ചിലർക്ക് മേലുപൊള്ളും. അമ്മയെ വെപ്പാട്ടിയാക്കി കെട്ടിയോളെ ആട്ടുതൊട്ടിലിൽ കിടത്തിയാട്ടുന്ന ഒരു കോന്തന്റെ കാര്യം പറയുമ്പോൾ ചിലർക്ക് ചൊറിഞ്ഞുകയറും. ഇനി പരുഷ സ്വഭാവവും കൊടിയ സ്വാർഥതയും കാരണം സർവരാലും വെറുക്കപ്പെട്ട ഒരുവന്റെ കഥ പറയുമ്പോൾ വേറെ ചിലർക്ക് കരള് കരിയും. കളവ് പറയലിന്റെയും കണക്കുമുക്കലിന്റേയും അഭിനയിച്ച് ആളാവുന്നതിന്റെയും വിശ്വാസവഞ്ചന നടത്തുന്നതിന്റേയുമൊക്കെ കഥകൾ പറഞ്ഞ് തുടങ്ങുമ്പോൾ വേറെവേറെയാളുകൾക്ക് കലിയും പേടിയും ഒന്നിച്ച് നുരകത്തും. ഈ വേളകളിലൊന്നും ഇളകാത്ത മറ്റുചിലർ കച്ചവടങ്ങളിലെ കള്ളത്രാണങ്ങളെ പറ്റിപറയുമ്പോൾ കൃമികടിക്കും. ഒരാളുടെ കഥ പറയുമ്പോൾ വേറൊരാൾക്ക് കലികയറുന്നു എന്നകാര്യം പറയുമ്പോൾ, അതിൽ പോലും ചെന്നിക്കുത്ത് ഉണ്ടാവുന്ന ആളുകളുമുണ്ട്. അറബികൾ പറയാറുണ്ടല്ലോ- അന്നാസു അജ്‌നാസു പാതുജനം പലവിധം എന്ന്. ഉള്ളിലുറഞ്ഞ ഭീതി ഇത്തരം ഘട്ടങ്ങളിൽ അസാമാന്യരീതിയിൽ പ്രകടിപ്പിക്കുമ്പോഴാണ് യഥാർഥ കള്ളൻ പിടിക്കപ്പെടുക! മനസ്സിലായില്ല? എങ്കിൽ മുനിയുടെ കഥ കൂടി കേൾക്ക്! ഞങ്ങൾക്കിടയിൽ ഏറ്റവും പ്രിയങ്കരനായിരുന്നു, ഞങ്ങൾ മുനീ, മുനീ എന്ന് വിളിക്കാറുള്ള അബ്ദുൽ മുനീർ. നല്ല ചിരിയും വർത്തമാനവും. നല്ല പാട്ടും പ്രസംഗവും. കൈയിൽ നല്ലോണം കാശ്. ഇടക്കിടെ ഞങ്ങൾക്കൊക്കെ ചായ വാങ്ങിത്തരും. ആയിടെ ഞങ്ങൾക്കിടയിൽ പൈസ കളവുപോകുന്ന ഒരു സൂക്കേട് പൊട്ടിപ്പുറപ്പെട്ടു. കേസ് മാനേജർ വശം എത്തി. സമർഥനായിരുന്നു മാനേജർ. അത്തരം കേസുകളൊന്നും പ്രിൻസിപ്പലിന് വിടാതെ സ്വയം കൈകാര്യം ചെയ്യുകയായിരുന്നു, മാനേജരുടെ രീതി. കാരണം, പ്രിൻസിപ്പലിിന്റെ തീരുമാനം ഏത് വിധമായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. എല്ലാവരേയും ഹാളിൽ വിളിച്ചുചേർത്തു. ഒരു പലക പ്രദർശിപ്പിച്ചു. ഏങ്കോണിച്ചെഴുതിയ അറബി അക്ഷരങ്ങളും ചില ഗൂഢചിഹ്നങ്ങളുമാണ്, അതിലുള്ളത്. എല്ലാവരും രാത്രി പത്തരക്ക് വീണ്ടും ഇവിടെ ഒരുമിച്ച് ചേരുക. കള്ളന്റെ മുഖം ഈ പലകയിൽ തെളിഞ്ഞുകാണാം. കള്ളൻ കപ്പലിൽ തന്നെയുണ്ട്. ഇപ്പം, എല്ലാവരും പിരിഞ്ഞ് പോ, ഉം! മാനേജർ ഒരു മാമുനി ഗൗരവത്തിൽ താടി ഉഴിഞ്ഞുകൊണ്ട് ഉത്തരവിട്ടു. കുട്ടികളെല്ലാം സാദാമട്ടിൽ വായിച്ചു. പഠിച്ചു. അലക്കി. കളിച്ചു. കുളിച്ചു. വൈകുന്നേരം ഞാൻ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ചായയും പൊറോട്ട പെയിന്റടിച്ചതും തട്ടി കടം പറഞ്ഞ് വരുന്ന വഴിക്കുണ്ട്, നമ്മുടെ മുനിമോൻ വല്ലാതായി നിൽക്കുന്നു. നിർത്തവും നോട്ടവും കണ്ടിട്ട് അത്ര പന്തി തോന്നിയില്ല. നോക്കുമ്പോൾ മൂപ്പർക്കൊരു സംശയം! അല്ല മാനേജറുടെ പലകക്ക് വല്ല തകരാറും പറ്റിയിട്ട്, അറിയാതെ എന്റെ മുഖമെങ്ങാനും അതിൽ തെളിഞ്ഞാലോ? നല്ല പഷ്ട് തംശ്യം അല്ലേ? വരട്ടെ ശരിയാണ്, യന്ത്രത്തകരാറ് മൂലം പി എസ്. എൽ വിയുടെ വിക്ഷേപണം പോലും വഴിപിഴച്ചിട്ടുണ്ട്. ചാന്ദ്രയാൻ പോലും അവസാനം വെച്ച് കുളമായിട്ടുണ്ട്. എന്നിട്ടാ, മൂപ്പരുടെ ഒരു പൂശാട്ട പലക, ഫും! എവിടെയും കൊള്ളാത്ത എന്നാൽ അവന് ഊർജം കൊടുക്കുന്ന ഒരു മറുപടി തൊടുത്ത് ഞാൻ തടിതപ്പി. ഹോസ്റ്റലിലെത്തി നോക്കുമ്പോൾ കാര്യമാകെ കുളമായിക്കിടക്കുന്നു. കാണുന്നവരോടൊക്കെ ഇച്ചങ്ങാതി ഇതേ ചോദ്യം ചോദിച്ച് ഒരു കുറ്റാന്വേഷണത്തിന്റെ സസ്‌പെൻസിനു പോലും വകനൽകാതെ സകലം കലക്കിക്കളഞ്ഞു. ഇതുവരെ ഞങ്ങളോടൊക്കെ വെളുക്കെ ചിരിച്ച്, പാടി പ്രസംഗിച്ച് നടന്നിരുന്ന ഈ മുനിമോൻ ആള് മസ്മാരിക്കള്ളനായിരുന്നു! നിലവിട്ടപ്പോൾ അവൻ മാനേജർ വശം ചെന്ന് എക്കിട്ടവിട്ട് പൊട്ടിക്കരഞ്ഞു. എന്നെ വഷളാക്കരുതെന്ന് പറഞ്ഞ് കാൽക്കൽ വീണു. ഒരു നല്ലകള്ളൻ ഒരു നല്ല കള്ളക്കരച്ചിലുകാരൻ കൂടി ആകണമെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? പെട്ടിയും സാധനങ്ങളും കെട്ടുകെട്ടിച്ച് രാത്രിക്കുരാത്രി അവനെ നാടുകടത്തി മാനേജർ. “ബുദ്ധിമാനായ ഇത്തരം മാനേജർമാർ ഉള്ളതുകൊണ്ടാണ് നമുക്കിടയിൽ കള്ളന്മാർ ഇല്ലാതാകുന്നത്” എന്ന വാചകം, നിഷേധരൂപത്തിലുള്ള ചോദ്യവാക്യമാക്കി മാറ്റുവാൻ കഴിയുമോ, നിങ്ങൾക്ക്?

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

Latest