Connect with us

Ongoing News

സീരിയൽ കില്ലർമാരുടെ മനഃശാസ്ത്രം

Published

|

Last Updated

കേരള ജനതയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിഞ്ഞുകൊണ്ടിരിക്കുന്നത്. ജോളി നിർദാക്ഷിണ്യം കൊന്നു തള്ളിയത് ഒരു കുടുംബത്തിലെ ആറ് പേരെയാണ്. അത് തന്നെ 14 വർഷത്തിനുള്ളിൽ. ആദ്യകാലത്ത് സ്ത്രീ കൊലപാതകികൾ കഥകളിലും നാടകങ്ങളിലും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് വിദേശ രാജ്യങ്ങളിൽ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങി. തൊണ്ണൂറുകളോടെ ഇന്ത്യയിലും സ്ത്രീ കൊലപാതകികളെ കുറിച്ച് കേട്ടുതുടങ്ങി. ദാരുണമായ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഉൾപ്പെടെ സ്ത്രീകൾ കണ്ണികളായ സംഭവങ്ങൾ കേരളത്തിൽ കൂടിവരികയാണ്. അടുത്തകാലത്ത് നടന്ന പല കുറ്റകൃത്യങ്ങളും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കാണാം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത കുറ്റകൃത്യങ്ങളിൽ സ്ത്രീയുടെ പങ്കാളിത്തം വർധിപ്പിച്ചു. കുറ്റകൃത്യങ്ങളിൽ പ്രൊഫഷനൽ സ്വഭാവം ആർജിച്ചെടുത്തു. 1980വരെയുള്ള പോലീസ് രേഖകളിൽ പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയ രക്ഷക്കായി നടത്തിയ കൊലപാതകങ്ങൾ എന്നിവയായിരുന്നു സ്ത്രീകൾ പ്രതികളായ പ്രധാന കുറ്റങ്ങൾ. അന്ന് സഹായിയുടെയും പ്രേരകയുടെയും റോൾ നിർവഹിച്ചിരുന്ന സ്ത്രീകൾ ഇപ്പോൾ ആസൂത്രകരായി മാറി.

സീരിയൽ കില്ലിംഗ്

ഒരറപ്പും പേടിയും മടിയും കൂടാതെ മനുഷ്യരെ തുടർച്ചയായി കൊന്നുതള്ളുന്നതിനെയാണ് സീരിയൽ കില്ലിംഗ് എന്ന് വിളിക്കുന്നത്. മൂന്നോ അതിലധികമോ പേരെ കൊലപ്പെടുത്തുക, കൊലപാതകങ്ങൾക്കിടയിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അകലം പാലിക്കുക ഇതാണ് സീരിയൽ കില്ലിംഗ്. ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സീരിയൽ കില്ലർ ഇംഗ്ലണ്ടുകാരനായ ജാക് ആയിരുന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച് സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു രതി മൂർച്ച അനുഭവിച്ച വ്യക്തി. 80കളുടെ ഒടുവിൽ കേരളത്തിൽ കാസർകോട് സ്വദേശി റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കില്ലറും നിരവധി പേരെ തലക്കടിച്ചു കൊന്ന് കേരളത്തെ വിറപ്പിച്ചു. സ്ത്രീ സീരിയൽ കില്ലറിൽ ഒരു ജോളിയുണ്ട് ചരിത്രത്തിൽ. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വടക്ക് – കിഴക്കൻ യുഎസിൽ താമസിച്ചിരുന്ന ജോളി ജെയ്ൻ ടോപ്പൻ എന്ന യുവ നഴ്‌സ് 31 പേരെങ്കിലും കൊന്നു, അവരിൽ പലരും അവളുടെ സംരക്ഷണത്തിലായിരുന്നു. അവൾ വിഷം ഉപയോഗിച്ച് അവർ മരിക്കുന്നത് കണ്ട് സന്തോഷിച്ചു. അവരുടെ അരികിൽ കിടന്നുറങ്ങുന്നു. സയനൈഡ് മല്ലികയാണ് സീരിയൽ കില്ലർ ലേബലോടെ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. മല്ലിക 1999-2007 കാലഘട്ടത്തിൽ മാത്രമായി സയനൈഡ് നൽകി കൊലചെയ്തത് ഏഴ് പേരെയാണ്. അടുത്തിടെയാണ് സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം കൊലപ്പെടുത്തിയ പിണറായി സൗമ്യയാണ് മറ്റൊരു സീരിയൽ കില്ലർ.

സൈക്കൊ
പാത്തുകൾ

കുറ്റകൃത്യങ്ങളെയും വ്യക്തിത്വത്തെയും പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോൾ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ വ്യക്തിത്വപരമായ കാരണങ്ങൾ തള്ളിക്കളയാനാകില്ല. എന്നാൽ ആന്റി സോഷ്യൽ പേഴ്‌സനാലിറ്റി ഡിസോർഡർ ഉള്ളവരിൽ നല്ലൊരു ശതമാനം ആളുകൾ കുറ്റകൃത്യങ്ങളിൽ എർപ്പെടുമ്പോൾ എല്ലാ കുറ്റവാളികളും ഈ വ്യക്തിത്വ വൈകല്യം ഉള്ളവരാണെന്ന് കണക്കാക്കാൻ സാധിക്കില്ല. മറ്റു പല ജീവിത സാഹചര്യങ്ങളും സാമൂഹിക കാരണങ്ങളും വ്യക്തിയെ കുറ്റവാളിയാക്കി മാറ്റുന്നതിന് കാരണമാകുന്നുണ്ട്. സൈക്കൊപാത്തുകൾ എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഹെൻടെഴ്സൺ (Henderson) എന്ന മനോരോഗ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മൂന്ന് തരത്തിലുള്ള സൈക്കോപാത്തുകളാണുള്ളത്. 1- പ്രിഡോമിനന്റ്‌ലി അഗ്രസ്സീവ് സൈക്കൊപാത്തുകൾ: ഈ വിഭാഗം ആളുകൾ അപകടകാരികളും അക്രമകാരികളും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരുമായിരിക്കും. 2. ഇന്നാഡികേറ്റ് സൈക്കോ പാത്ത് (inadequate psychopath): ഈ വിഭാഗം ആളുകൾ കപട ബുദ്ധിക്കാരും, വഞ്ചന, ചതി തുടങ്ങിയവയിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുമായിരിക്കും. ചെറിയ ചെറിയ കള്ളങ്ങൾ ചെയ്തു അലഞ്ഞ് നടക്കുന്നവർ മിക്കവാറും ഈ ഗണത്തിൽപ്പെടും.3- ക്രിയേറ്റീവ് സൈക്കൊപാത്ത് (creative psychopath). ഈ വിഭാഗം ആളുകൾ കൗശലക്കാരും ബുദ്ധിപൂർവം കള്ളത്തരങ്ങൾ ചെയ്യുന്നവരുമായിരിക്കും ഇങ്ങനെ ഉള്ളവർ പിടിക്കപ്പെടുക അത്ര എളുപ്പമല്ല.

കുട്ടിപ്രായത്തിൽ ഒരു സ്ഥലത്ത് അടങ്ങിയിരിക്കുന്നതിൽ കാര്യമായ ബുദ്ധിമുട്ടുണ്ടാകുക, പെട്ടെന്ന് സാഹചര്യം നോക്കാതെ എടുത്തു ചാടിപെരുമാറുക, അമിതമായി വഴക്കിടുക, മൃഗങ്ങളെയും വ്യക്തികളെയും ഉപദ്രവിക്കുക, വീട്ടുപകരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നശിപ്പിക്കുക, ആവർത്തിച്ചു നുണകൾ പറയുക, മോഷ്ടിക്കുക, അമിതമായ ശാഠ്യം, സ്‌കൂളിൽ പോകാൻ മടി കാണിക്കുക, വീട് വിട്ടിറങ്ങി പോകുക തുടങ്ങിയ പെരുമാറ്റ പ്രശ്‌നങ്ങൾ, എല്ലാത്തിനോടും എതിർത്ത് പെരുമാറുക തുടങ്ങിയ ലക്ഷണങ്ങൾ നിയന്ത്രണ വിധേയമല്ലാത്ത രീതിയിലുണ്ടെങ്കിൽ ഈ അവസ്ഥ ചികിത്സാവിധേയമാക്കേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇത്തരം സ്വഭാവ സവിശേഷതകൾ ശരിയായി പരിഹരിക്കുന്നില്ലെങ്കിൽ അത് കുട്ടിയുടെ കൗമാര കാലഘട്ടത്തോടു കൂടി ആന്റി സോഷ്യൽ പേഴ്‌സനാലിറ്റി ഡിസൊർഡർ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. സീരിയൽ കില്ലർമാരുടെ കുട്ടിക്കാലത്ത് ചില ഘടകങ്ങൾ സ്ഥിരത പുലർത്തുന്നുവെന്ന് ഗവേഷണകർ കണ്ടെത്തിയിട്ടുണ്ട്. ശാരീരികവും വൈകാരികവുമായ ദുരുപയോഗം, സാമൂഹിക ഒറ്റപ്പെടൽ, അസ്ഥിരത, കുടുംബത്തിന്റെ അപര്യാപ്തത തുടങ്ങിയവയാണവ. ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപവത്കരണം നടക്കുന്ന കുട്ടിപ്രായത്തിൽ കൃത്യമായ പരിപാലനം ലഭിച്ചില്ലെങ്കിൽ കുട്ടി സീരിയൽ കില്ലറായി വളർന്നേക്കും.

ഡോ. സലാം ഓമശ്ശേരി
• dr.salamomassery@gmail.com

Latest