Connect with us

Ongoing News

അറബിമലയാളവും ചരിത്രവും

Published

|

Last Updated

അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ഉപോത്പന്നമാണ് അറബി മലയാളം. നബി (സ)ക്ക് മുമ്പ് തന്നെ അറബികൾ കേരളവുമായി വാണിജ്യ ബന്ധത്തിലേർപ്പെട്ടതായി പറയപ്പെടുന്നു. എങ്കിലും അറബി മലയാളത്തിന്റെ പിറവിക്ക് ഹേതുവായി തീരുമാറ് ഒരു സാംസ്‌കാരിക സമ്മർദം നബി തങ്ങളുടെ ഇസ്‌ലാം പ്രചാരണത്തിന് മുമ്പുണ്ടായിരുന്നില്ല. നബി(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തിൽ പ്രചരിപ്പിച്ചതായി അനുമാനിക്കുന്ന ചരിത്രകാരന്മാരുണ്ട്. ക്രിസ്തു വർഷം ഒമ്പതാം നൂറ്റാണ്ടിൽ ഇസ്‌ലാം ഇവിടെയുണ്ടായിരുന്നതിന് ചരിത്രം സാക്ഷി നിൽക്കുന്നുണ്ട്. അത്രയെങ്കിലും പഴക്കം അറബി മലയാളത്തിനും അനുമാനിക്കാവുന്നതാണ്.
അറബികളുമായുണ്ടായ സാംസ്‌കാരിക- വാണിജ്യ- വൈവാഹിക ബന്ധങ്ങളിലൂടെ അറബി മലയാളം രൂപപ്പെടുകയും ശക്തി പ്രാപിക്കുകയും ചെയ്തു. അറേബ്യൻ ഉപ ദ്വീപിന്റെ വടക്കു ഭാഗത്ത് രൂപപ്പെട്ട അറബി സെമിറ്റിക് ഭാഷാ ഗോത്രത്തിലെ പ്രമുഖ ഭാഷയാണ്. ഹീബ്രു, സിറിയൻ, അർമായ, എതോപ്യൻ, ഫിനീഷ്യൻ, അക്കേറിയൻ തുടങ്ങിയവയാണ് ഈ ഗോത്രത്തിലെ മറ്റു ഭാഷകൾ. കൂഫി, നസ്ഖി എന്നിങ്ങനെ രണ്ട് ലിപികളിൽ അറബി എഴുതുന്നുണ്ട്. നസ്ഖിയാണ് സാധാരണ ഗ്രന്ഥങ്ങളിൽ കാണുന്നത്. റോമൻ ലിപി കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും നസ്ഖി ലിപിയാണ്. ആ ലിപിയാണ് അറബി മലയാള ലിപിക്കും ആധാരം. ഹിജ്‌റ 60ൽ ഭരണത്തലവനായിരുന്ന ഹജ്ജാജ് ബ്ൻ യൂസുഫാണ് ഈ സങ്കേതം നടപ്പിൽ വരുത്തിയത്. മരുഭൂമിയിൽ അലഞ്ഞു നടന്നിരുന്ന ഗോത്ര വർഗക്കാരുടെ ഭാഷയായിരുന്നു അറബി. മരുഭൂമിയുടെ സംസ്‌കാരമായിരുന്നു.

അലച്ചിലിന്റെ വിരസതയകറ്റാൻ ആദിമ അറബികൾ പാടിയും പറഞ്ഞും നടന്ന പാട്ടുകളും കഥകളുമാണ് പ്രാചീന സൃഷ്ടികൾ. ജാഹിലിയ്യാ കാലഘട്ടത്തിൽ കവികൾക്കും കവിതകൾക്കും വലിയ സ്ഥാനമുണ്ടായിരുന്നു. ഗീതകത്തിന്റെ സ്വഭാവ വിശേഷങ്ങൾ കാണിക്കുന്ന ഖസീദകളായിരുന്നു പ്രധാനം. വിരഹാർത്തനായ കാമുകന്റെ വ്യാകുലതകളെ കാൽപ്പനികമായി വർണിക്കുന്ന പ്രണയ ഗീതങ്ങളായിരുന്നു ഇവ. ഖുർആൻ അവതരിച്ചതോടെ അറബി ഭാഷയുടെ ആത്മാവ് ഇസ്‌ലാമിക സംസ്‌കാരമായി തീർന്നു. പഴയ ബദുവിയൻ സങ്കൽപ്പങ്ങളിൽ നിന്ന് തീർത്തും വിഭിന്നമായിരുന്നു ഖുർആൻ അവതരിപ്പിച്ച ആശയങ്ങളും വസ്തുതകളും. അറബികളുടെ ആത്മീയവും ഭൗതികവും വൈകാരികവും വിചാരപരവുമായ പ്രവണതകളെല്ലാം അതിനനുസരിച്ച് ഉടച്ചുവാർക്കപ്പെട്ടു. ഇതിനിടയിൽ അറബി ഭാഷാ പദങ്ങൾ പഴയകാല അർഥങ്ങളും ധ്വനികളുമെല്ലാം പൊളിച്ചുകളയുകയും ഇസ്‌ലാമിക പരികല്പനകൾകനുസൃതമായി അർഥങ്ങളും ധ്വനികളും സ്വീകരിക്കുകയുണ്ടായി. പ്രബോധന പ്രവർത്തനം ബാധ്യതയായി ഏറ്റെടുത്തവരാണ് മുസ്‌ലിംകൾ. പുതു സംസ്‌കൃതിയുടെ പ്രബോധനവുമായി അവർ ദേശങ്ങൾ താണ്ടി.

ഏതെങ്കിലും തരത്തിലുള്ള മതവിഭാഗങ്ങളെ താലോലിക്കുന്ന ജനതകളോടായിരുന്നു അവർക്ക് ഇടപഴകേണ്ടിയിരുന്നത്. മുസ്‌ലിംകൾ കടന്നുചെന്ന അറബി നാടുകളിലെല്ലാം ഈ പ്രതിഭാസം കാണാം. ചിലയിടത്ത് അറബികളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സമ്മർദത്താൽ ലിപി പോലും ഉപേക്ഷിച്ചതായി കാണാം. പേർഷ്യൻ ഭാഷ നോക്കുക. ഹിജ്‌റ 80 ലാണത്രേ ആ ഭാഷ അറബി ലിപിയിൽ എഴുതിത്തുടങ്ങിയത്. അതു വരെ ഉപയോഗിച്ചിരുന്നത് പഹ്ലി ലിപിയായിരുന്നു. സ്വന്തമായ ഒരു ലിപിയില്ലാതിരുന്ന ഭാഷയായിരുന്നു തുർക്കിഷ്. അതിന് അറബി ഭാഷ സ്വന്തം ലിപി സമ്മാനിക്കുകയായിരുന്നു. ആഫ്രിക്കയിലെ ചില ഭാഷകളും മലയൻ ഭാഷയും ഇങ്ങനെ അറബിവത്കരിക്കപ്പട്ടവയാണ്. മാലി ഭാഷക്കും അറബി ലിപിയാണുള്ളത്. ചേർത്തെഴുതാത്ത തരത്തിലാണെന്ന് മാത്രം. സിന്ധി, പഞ്ചാബി തുടങ്ങിയവ ദേവനാഗിരി ലിപിയിലും നസ്ഖി ലിപിയിലും എഴുതപ്പെടുന്നു. ഹിന്ദി, ഉറുദു ഭാഷകളും അവയുടെ ലിപിയും തമ്മിലുള്ള അടുപ്പവും അകൽച്ചയും ശ്രദ്ധാവഹമാണ്. അറബി മലയാളം പോലെ ഗുജറാത്തി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും അറബി ചേർത്ത് അച്ചടിച്ചും എഴുതിയും വന്നിരുന്നു. കാലാന്തരത്തിൽ അവ ദുർബലമായിപ്പോകുകയാണുണ്ടായത്. പഴന്തമിഴിൽ നിന്നും സംസ്‌കൃതത്തിൽ നിന്നും വ്യതിരിക്തമായി മലയാളം രൂപപ്പെടുന്നതിന് വളരെ മുമ്പാണ് അറബി മലയാളം രൂപപ്പെടുന്നത്. തമിഴിന്റെ പ്രഭാവം ശക്തമായിരുന്ന കാലം മലയാളം, ആധുനിക തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾ പിരിഞ്ഞ് വന്നത് പ്രസ്തുത ഭാഷയിൽ നിന്നാണല്ലോ. അതിനാൽ ആ ഭാഷയിലെല്ലാം കാണുന്ന പദങ്ങൾ ഈ തറവാട്ടു ഭാഷയിലുണ്ടാകുക സ്വാഭാവികമാണ്. അറബി മലയാളത്തിലെ പേർഷ്യൻ പദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും കണ്ടെത്താവുന്ന കാര്യം ആ പദങ്ങൾ മാപ്പിളമാരുടെ വ്യവഹാരങ്ങളിൽ സജീവമായി നിലനിന്നിരുന്നു എന്നാണ്. ഇവിടെയുള്ള ഇസ്‌ലാമിക ആത്മീയ സരണികൾ മിക്കവയും പേർഷ്യൻ ഗുരുക്കന്മാരുടേതായിരുന്നു.

പേർഷ്യക്കാരുടെ അറബി വ്യാകരണ ഗ്രന്ഥങ്ങൾ ധാരാളമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പേർഷ്യൻ ഭാഷ നന്നായറിയാവുന്ന കുറെ പേരെങ്കിലും മാപ്പിളമാർക്കിടയിൽ എല്ലാ കാലത്തുമുണ്ടായിരുന്നു. തലശ്ശേരിക്കാരനായ തിക്കൂക്കിൽ കുഞ്ഞഹമ്മദ് ആദ്യമായി മിഷനറിമാർ സ്ഥാപിച്ച പ്രസ്സിൽ നിന്ന് അച്ചടി വിദ്യ അഭ്യസിക്കുകയും സ്വന്തമായി ഒരു അച്ചടിശാല ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് അറബി മലയാള കൃതികളുടെ മുദ്രണ ചരിത്രം ആരംഭിക്കുന്നത്. പഴയ അറബി മലയാള ഗ്രന്ഥങ്ങളിൽ “തലശ്ശേരിയിൽ അച്ചടിച്ചത്” എന്ന് കാണാം. പിന്നീട് കൊണ്ടോട്ടി, മലപ്പുറം, കോഡൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രസ്സുകൾ സ്ഥാപിക്കപ്പെടുകയും അറബി മലയാളം കൃതികൾ അച്ചടിക്കുകയും ചെയ്തു. ഒരേസമയം പതിനഞ്ചോളം പ്രസ്സുകളാണ് ഇങ്ങനെ സജീവമായി പ്രവർത്തിച്ചിരുന്നത്. ഗ്രന്ഥകാരന്മാരിൽ നിന്ന് പകർപ്പവകാശം രജിസ്റ്റർ ചെയ്തുവാങ്ങിയാണ് പ്രസ്സുടമകൾ പുസ്തകങ്ങൾ അച്ചടിച്ചിരുന്നത്. അതിനാൽ കേവലം പ്രസ്സുടമകളായല്ല, പ്രസിദ്ധീകരണ ശാലകളായാണ് അവ പ്രവർത്തിച്ചിരുന്നത്.

കെ ടി മുത്വലിബ് സഖാഫി ഒളവട്ടൂർ
• muthalibovr@gmail.com

Latest