Connect with us

National

കോളിന് ചാര്‍ജ്; ജിയോയെ ട്രോളി എയര്‍ടെലും വൊഡാഫോണും; തിരിച്ചു ട്രോളി ജിയോയും

Published

|

Last Updated

മുംബൈ: മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് ആറ് പൈസ ഈടാക്കാനുള്ള ജിയോയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ ജിയോയെ ട്രോളി എയര്‍ടെലും വൊഡാഫോണും രംഗത്ത്. മറുപടിയുമായി ജിയോയും എത്തിയതോടെ ട്വിറ്ററില്‍ ട്രോള്‍ യുദ്ധം മുറുകുകയാണ്.

ജിയോയെ ട്രോളി എയര്‍ ടെല്‍ ട്വീറ്ററിലിട്ട ക്ലിപ്പില്‍ പറയുന്നത് ഇങ്ങനെ: “”ചിലരെ സംബന്ധിച്ചിടത്തോളം പരിധികളില്ലാത്തത് എന്നാല്‍ എന്തെങ്കിലും ഉണ്ട് എന്നാണ്. എന്നാല്‍ ഞങ്ങളുടെ പരിധികളില്ലാത്ത കോളുകള്‍ സത്യമായും അങ്ങനെത്തന്നെയാണ്. എയര്‍ടെലിലേക്ക് മാറൂ.”” സൗജന്യമെന്നാല്‍ 6 മിനുട്ടിന് ആറു പൈസ എന്നല്ലെന്നും ക്ലിപ്പില്‍ ട്രോളുന്നു. പരിധിയില്ലാത്ത കോള്‍ എന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അതിനര്‍ഥം അതു തന്നെയാണ് എന്ന് മറ്റൊരു ട്വീറ്റിലും എയര്‍ടെല്‍ വ്യക്തമാക്കുന്നു.

കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ടാണ് വൊഡാഫോണ്‍ – ഐഡിയയുടെ പോസ്റ്റ്. “”ശാന്തമായിരിക്കൂ.. മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള വോഡഫോണ്‍ കോളുകള്‍ക്ക് നിരക്കുകള്‍ ഈടാക്കില്ല. അതിനാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് അതുപോലെ ആസ്വദിക്കുക. വോഡഫോണിലെ പരിധിയില്ലാത്ത പ്ലാനുകള്‍ എന്നാല്‍ സത്യമായും പരിധിയില്ലാത്തതാണ്””.

ഈ പോസ്റ്റുകള്‍ക്ക് മറുപടിയുമായി ജിയോയും എത്തി. “ആറ് പൈസ/മിനുട്ട് എയര്‍ ടോള്‍” എന്ന് എയർടെലിനെ ടോൾ ബൂത്തിനോട് ഉപമിച്ച തലക്കെട്ടോടെയാണ് ജിയോ മറുപടി പോസ്റ്റ് ചെയ്തത്. “ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിര്‍ദേശപ്രകാരം ഒരു ജിയോ ഉപഭോക്താവ് മറ്റ് ഓപ്പറേറ്ററുടെ ഉപഭോക്താവിലേക്ക് ഒരു മൊബൈല്‍ കോള്‍ വിളിക്കുമ്പോഴെല്ലാം, മിനുട്ടിന് ആറ് പൈസ മറ്റ് ഓപ്പറേറ്റര്‍ക്ക് ഇന്റര്‍കണക്ട് യൂസസ് ചാര്‍ജായി (ഐയുസി) നല്‍കപ്പെടും” എന്നാണ് പോസ്റ്റില്‍ വിശദീകരിക്കുന്നത്. ഇതിനു ശേഷം എതിര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ മറുപടിയുമായി മറ്റൊരു പോസ്റ്റും വന്നിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ: “മിനുട്ടിന് ആറ് പൈസ. ഞങ്ങള്‍ അത് ആവശ്യപ്പെടുന്നില്ല. അവരാണ് അത് ചോദിക്കുന്നത്.”

റിലയന്‍സ് ജിയോ ഈ ആഴ്ച ആദ്യം സൗജന്യ വോയ്‌സ് കോളുകള്‍ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിയോ ടു ജിയോ കോളുകള്‍ സൗജന്യമായി തുടരുമ്പോള്‍, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ പോലുള്ള മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ട്രായ് നിര്‍ദേശപ്രകാരം മിനിറ്റിന് 6 പൈസ ഈടാക്കും എന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 13,500 കോടി രൂപ ഐയുസി നിരക്കായി എതിരാളികളായ നെറ്റ്‌വര്‍ക്കുകള്‍ക്ക് നല്‍കിയതായി ജിയോ പറഞ്ഞു.