മുസ്ലിം വോട്ട് വേണ്ടെന്ന പ്രസ്താവന; ബിജെപി എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടി

Posted on: October 13, 2019 9:50 pm | Last updated: October 13, 2019 at 9:50 pm

രുദ്രാപൂര്‍: മുസ്ലിംകളുടെ വോട്ട് തനിക്ക് ആവശ്യമില്ലെന്ന് പ്രസംഗിച്ച ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ നിയമസഭാംഗം രാജ്കുമാര്‍ തുക്രാലിനോട് ബിജെപി വിശദീകരണം തേടി. വിവാദ പരാമര്‍ശം നടത്തിയതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനില്‍ ഗോയല്‍, തുക്രലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് ദേവേന്ദ്ര ഭാസിന്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ തുക്രാല്‍ വിശദീകരണം സമര്‍പ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ഭാസിന്‍ വ്യക്തമാക്കി. ജാതി, നിറം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തില്‍ ബിജെപിയില്‍ വേര്‍തിരിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും വികസനത്തിലും സഹകരണത്തിലുമാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നന്നും അദ്ദേഹം പറഞ്ഞു.

രുദ്രാപൂര്‍ മണ്ഡലത്തില്‍ നടന്ന ഒരു പൊതു റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ തനിക്ക് മുസ്ലിം വോട്ടുകള്‍ ആവശ്യമില്ലെന്ന് തുക്രാല്‍ പറഞ്ഞിരുന്നു. ‘എനിക്ക് ഒരു മുസ്ലീമിന്റെയും വോട്ട് ആവശ്യമില്ല … എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ് … ഞാന്‍ ഒരിക്കലും അവരുടെ വാതിലുകള്‍ മുട്ടാന്‍ പോകില്ല, ഈദ് ദിനത്തില്‍ അവരെ കാണാനും ഒരിക്കലും പോകില്ല,’ – വീഡിയോയില്‍ തുക്രാല്‍ പറയുന്നു.

അതേസമയം, 2011 ഒക്ടോബര്‍ രണ്ടിന് എടുത്ത വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് തുക്രാല്‍ പറഞ്ഞു. രുദ്രാപൂരിലുണ്ടായ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അത്തരത്തില്‍ പരാമര്‍ശം നടത്തിയത്. അന്ന് താന്‍ ഒരു പ്രാദേശിക ബിജെപി നേതാവ് മാത്രമായിരുന്നു. ഇതിന് ശേഷം രണ്ട് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പരമപ്രധാനമാണ്. എല്ലാവരില്‍ നിന്നുമുള്ള സഹകരണം, എല്ലാവര്‍ക്കും വികസനം എന്ന പാര്‍ട്ടി തത്വം താന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും തുക്രാല്‍ പറഞ്ഞു. തിങ്കളാഴ്ച ഡെറാഡൂണിലേക്ക് പോയി പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം സമര്‍പ്പിക്കുമെന്ന് തുക്രാല്‍ പറഞ്ഞു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തുക്രാല്‍ വിമര്‍ശിക്കപ്പെടുന്നത്. ഒക്ടോബര്‍ ഒന്നിന് രുദ്രാപൂരിലെ പ്രാദേശിക റാംലീലയില്‍ രാവണന്റെ വേഷത്തില്‍ അഭിനയിക്കുന്നതിനിടെ സീതയെ ‘മേരി ജാന്‍’ എന്ന് വിളിച്ചതാണ് വിവാദമായത്. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.