Connect with us

Kerala

ബാബ്‌റി ഭൂമിയില്‍ ക്ഷേത്രം: കെ കെ മുഹമ്മദ് പറയുന്നത് പച്ചക്കള്ളം- ഡി എന്‍ ഝാ

Published

|

Last Updated

കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തിന് അടിയില്‍ നിന്നും ക്ഷേത്രത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന തരത്തില്‍ മലയാളി പുരാവസ്തു വിദഗ്ധന്‍ കെ കെ മുഹമ്മദ് പറഞ്ഞത് കള്ളമാണെന്ന് ചരിത്രകാരനും ഡല്‍ഹി സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡി എന്‍ ഝാ.

ബാബ്‌റി ഭൂമിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടം താനടക്കമുള്ള ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന് ബാബ്‌റി കേസ് അന്ത്യത്തോട് അടുത്ത വേളയിലും മുഹമ്മദ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഡി എന്‍ ഝായുടെ വെളിപ്പെടുത്തല്‍.
പുരാവസ്തു വിദഗ്ധന്‍ ബി ബി ലാലിന്റെ സംഘത്തില്‍ അംഗമല്ലാതിരുന്ന മുഹമ്മദ് ഈ സംഘാംഗമാണെന്ന് മാത്രമല്ല, സംഘം അവിടെ നിന്ന് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും കള്ളം പറഞ്ഞതാണെന്ന് മുഹമ്മദിന്റെ സുഹൃത്ത് കൂടിയായ അലീഗഢിലെ ചരിത്രവിഭാഗം മേധാവി അലി നദീം റസാവി വെളിപ്പെടുത്തിയിരുന്നു.

താനടക്കമുള്ള ചരിത്രകാരന്മാര്‍ അയോധ്യ സന്ദര്‍ശിച്ചത് പ്രഫ. റൊമില ഥാപ്പറുടെ നേതൃത്വത്തിലായിരുന്നെന്ന് മുഹമ്മദ് പറഞ്ഞത് കള്ളമാണെന്നും ഒരു അഭിമുഖത്തില്‍ ഝാ പറഞ്ഞു.

പ്രൊഫ. ആര്‍ എസ് ശര്‍മക്ക് കീഴിലായിരുന്നു തങ്ങളുടെ അയോധ്യ സന്ദര്‍ശനം. അക്കൂട്ടത്തിലുണ്ടായിരുന്ന പ്രഫ. അത്തര്‍ അലി ഇടതുപക്ഷത്തല്ല. ഇടത്തും വലത്തുമുള്ളവരോ ഏതെങ്കിലും പാര്‍ട്ടിയുടെ ആളുകളോ ആയിരുന്നില്ല, ചരിത്ര സ്മാരകം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന യുക്തിബോധമുള്ള ചരിത്രകാരന്മാരായിരുന്നു അയോധ്യയില്‍ പോയത്. നിഷ്പക്ഷ ചരിത്രകാരന്മാരെ ഇടതുപക്ഷം വാടകക്കെടുത്തവര്‍ എന്ന് കെ കെ മുഹമ്മദ് ആക്ഷേപിക്കുന്നുണ്ടെങ്കില്‍ വിശ്വഹിന്ദുപരിഷത്തിന്റെ യുക്തിഹീനമായ നിലപാടിനെ പ്രതിരോധിക്കുന്നവര്‍ സംഘ്പരിവാര്‍ വാടകക്കെടുത്തവരാണെന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്ന് ഒന്നും തന്നെ തടയുന്നില്ലെന്നും ഝാ വ്യക്തമാക്കി.