ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ? ചോദ്യം കണ്ട് വിദ്യാര്‍ഥികള്‍ ഞെട്ടി

Posted on: October 13, 2019 6:15 pm | Last updated: October 13, 2019 at 9:01 pm

അഹമ്മദാബാദ്: ചോദ്യപേപ്പറില്‍, മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യം കണ്ട് വിദ്യാര്‍ഥികള്‍ ഞെട്ടി. ഒപ്പം വിദ്യാഭ്യാസ അധികൃതരും. മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ ഒരു സ്‌കൂളിലെ ഇന്റേണല്‍ അസസ്‌മെന്റ് പരീക്ഷക്കുള്ള ചോദ്യ പേപ്പറിലാണ് ഗാന്ധിജിയെ കുറിച്ചുള്ള തെറ്റായ ചോദ്യം ഇടംപിടിച്ചത്. സംഭവത്തില്‍ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.

സുഫാലം ശാല വികാസ് ശങ്കുല്‍ എന്ന സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഗാന്ധിജിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനയാണ് സുഫാലം ശാല വികാസ് ശങ്കുല്‍.

സുഫാലം ശാല വികാസ് ശങ്കുലിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാര്‍ഡര്‍ പറഞ്ഞു.