മാന്ദ്യം രൂക്ഷം; ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ലോകബാങ്ക് ആറ് ശതമാനമായി കുറച്ചു

Posted on: October 13, 2019 6:04 pm | Last updated: October 13, 2019 at 6:04 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 7.5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ലോക ബാങ്ക് കുറച്ചു. കടുത്ത മാന്ദ്യം രാജ്യത്തെ സാമ്പത്തിക മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ലോക ബാങ്ക് നല്‍കുന്നത്.

ഏപ്രിലില്‍ ആരംഭിച്ച അവസാന പ്രവചനത്തില്‍, ഇന്ത്യയുടെ സാമ്പത്തിക വീക്ഷണം ശക്തമാണെന്നും 7.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളരുന്നത്.

ഓഗസ്റ്റില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനവും ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലേക്ക് ചുരുങ്ങി. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് റിസര്‍വ് ബാങ്ക് ഈ വര്‍ഷം അഞ്ച് തവണ പലിശനിരക്ക് കുറച്ചിട്ടുണ്ട്. കൂടാതെ ഈ മാസം ആദ്യം 6.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി വളര്‍ച്ചാ പ്രവചനം റിസര്‍വ് ബാങ്ക് താഴ്ത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.2 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു,