ലീഗ് നേതാവിന്റെ വീട്ടിലും കടയിലും റെയ്ഡ്; ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തു

Posted on: October 13, 2019 4:31 pm | Last updated: October 14, 2019 at 9:43 am

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലക്കേസിൽ ആരോപണ വിധേയനായ പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിലും മകന്റെ കടയിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാനും ഭൂമിയുടെ ക്രയവിക്രയത്തിനും സഹായം നൽകിയെന്ന ആരോപണം ഉയർന്ന വി കെ ഇമ്പിച്ചി മോയിയുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധനക്കെത്തിയത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ആർ ഹരിദാസൻ, കൊടുവള്ളി ഇൻസ്പെക്‌ടർ പി ചന്ദ്രമോഹൻ, കൊയിലാണ്ടി ഇൻസ്പെക്‌ടർ ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനക്കെത്തിയ വിവരം അറിഞ്ഞാണ് ഇമ്പിച്ചി മോയി വീട്ടിലെത്തിയത്. വീട്ടിൽ പരിശോധന നടക്കുന്നതിനിടെ ഏതാനും ഉദ്യോഗസ്ഥർ ഇമ്പിച്ചി മോയിയുടെ മകൻ നിസാറിന്റെ ഉടമസ്ഥതയിൽ കൂടത്തായി അങ്ങാടിയിലുള്ള വി കെ സ്‌റ്റോറിലും പരിശോധന നടത്തി.
ജോളിയുടെ റേഷൻ കാർഡും ആധാർ കാർഡും ഇമ്പിച്ചി മോയിക്ക് നൽകിയെന്ന് ജോളി നേരത്തേ മൊഴി നൽകിയിരുന്നു. മറ്റു ചില വസ്തുക്കളും ഇമ്പിച്ചി മോയിയെ ഏൽപ്പിച്ചതായാണ് ജോളി മൊഴി നൽകിയത്. ജോളിയെ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീക്ക് പരിചയപ്പെടുത്തിയതും വില്ലേജ് ഓഫീസിൽ പോക്ക് വരവിന് സഹായിച്ചതും മുസ്‌ലിംലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂടത്തായി യൂനിറ്റ് പ്രസിഡന്റുമായ ഇമ്പിച്ചി മോയി ആണെന്നാണ് ആരോപണം.

മുസ്‌ലിം ലീഗ് നേതാവ് ഇമ്പിച്ചി മോയിയുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നു

ശവക്കല്ലറ പൊളിച്ച് പരിശോധിക്കുന്നതിന്റെ തലേ ദിവസം ജോളിയുടെ അടുത്ത വീട്ടിൽ വെച്ച് ഇമ്പിച്ചി മോയിയും ജോളിയും തമ്മിൽ ഒന്നര മണിക്കൂറോളം ചർച്ച നടത്തിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജോളിയുമായി ഇയാൾക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടർന്നാണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ജോളിയുടെ റേഷൻ കാർഡ് ഇന്പിച്ചി മോയിയുടെ മകന്റെ കടയിൽ നിന്ന് കണ്ടെടുത്തു. വീട്ടിൽ നിന്ന് ചില രേഖകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, എന്തൊക്കെ രേഖകൾ കണ്ടെത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.
വില്ലേജ് ഓഫീസിൽ നികുതി അടക്കാൻ പോവുമ്പോൾ തന്റെ നികുതി കൂടി അടക്കണമെന്ന് അയൽവാസിയായ ജോളി ആവശ്യപ്പെട്ടുവെന്നും ഇതുപ്രകാരം നികുതി അടക്കാൻ ശ്രമിച്ചപ്പോൾ നികുതി സ്വീകരിക്കാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നുമായിരുന്നു ഇമ്പിച്ചി മോയി നേരത്തേ പറഞ്ഞിരുന്നത്.

കൂടത്തായിയിൽ മുസ്‌ലിംലീഗിനുള്ളിലെ വിഭാഗീയത കാരണമാണ് ഒരു വിഭാഗം തനിക്കെതിരെ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇമ്പിച്ചി മോയി പ്രതികരിച്ചിരുന്നു.
ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം ലീഗ് യൂനിറ്റ് കമ്മിറ്റി പ്രസ്‌താവന ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സംഘം ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കടയിലും പരിശോധന നടത്തി ജോളിയുടെ റേഷൻ കാർഡ് ഉൾപ്പെടെ പിടിച്ചെടുത്തത്.