മോദി-ഷി ജിൻപിംഗ് ചർച്ച

Posted on: October 13, 2019 11:31 am | Last updated: October 13, 2019 at 11:31 am


ഉച്ചകോടി ഇന്ത്യയുടെ വ്യാപാര കമ്മി പരിഹരിക്കുന്നതിനു പ്രത്യേക സംവിധാനം കൊണ്ടു വരുമെന്നുള്ള ഒഴുക്കൻ സംയുക്ത പ്രസ്താവനയോടെയാണ് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് രണ്ട് ദിവസമായി നടന്നുവരുന്ന നരേന്ദ്രമോദി-ചൈനീസ് പ്രസിഡന്റ്ഷി ജിൻപിംഗ് ഉച്ചകോടി സമാപിച്ചത്. പ്രതിരോധ, സുരക്ഷാ മേഖലകളിൽ കൂടുതൽ സഹകരണത്തിനു ചൈന താത്പര്യം പ്രകടിപ്പിച്ചതായും ഇന്ത്യൻ ഐ ടി, ഫാർമ കമ്പനികളെ നിക്ഷേപത്തിനായി ഷി ജിൻപിംഗ് ചൈനയിലേക്ക് ക്ഷണിച്ചതായും വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ യുഗത്തിനു തുടക്കമായെന്നും അർഥവത്തായ ചർച്ചകൾ നടന്നുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

അതേസമയം മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർ സി ഇ പി) വഴി ഇന്ത്യൻ കമ്പനികൾക്ക് ചൈനയിൽ കമ്പോളം തുറക്കൽതുടങ്ങി വ്യാപാരരംഗത്ത് ചൈനയിൽ നിന്നു പലതും നേടിയെടുക്കേണ്ടതുണ്ട്. ചൈനയുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്ക് 5,300 കോടി ഡോളറിന്റെ കമ്മിയുണ്ട്. ഇന്ത്യൻ കമ്പനികൾക്ക് ചൈന കമ്പോളം അനുവദിച്ചാൽ ഇത് കുറക്കാനാകും. അത്തരം വിഷയങ്ങളിലേക്കൊന്നും സംഭാഷണങ്ങൾ നീങ്ങിയില്ല. മലേഷ്യ, തായ്‌ലാൻഡ്, സിംഗപ്പൂർ തുടങ്ങി പത്ത് ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറാണ് ആർ സി ഇ പി. കരാർ ഇന്ത്യക്ക് വിശിഷ്യാ രാജ്യത്തെ കാർഷിക മേഖലക്ക് കനത്ത ദോഷം വരുത്തി വെക്കുമെന്നാണ് വിദഗ്ധ പക്ഷം. കാർഷിക, പാലുത്പന്നങ്ങളുടെ കയറ്റുമതിയിൽ ലോകത്തെ വമ്പന്മാരാണ് ന്യൂസിലാൻഡും ആസ്‌ത്രേലിയയും. ആർ സി ഇ പി കരാർ യാഥാർഥ്യമാകുന്നതോടെ ഇവരുടെ വൻതോതിലുള്ള കാർഷിക, പാലുത്പന്നങ്ങൾ ഇന്ത്യൻ കമ്പോളങ്ങളിൽ നിറയും. ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് ഇവരോട് മത്സരിച്ചു ജയിക്കാനാവില്ല. ഈ രാഷ്ട്രങ്ങളുടെ കാർഷികോത്പാദന ചെലവും വളരെ കുറവാണ്. ഉത്പാദന ക്ഷമത കൂടുതലും.

അംഗരാജ്യങ്ങൾക്ക് ചുങ്കമില്ലാതെ ഉത്പന്നങ്ങൾ ഇറക്കുമതി നടത്താമെന്നതാണ് കരാറിലെ മറ്റൊരു വ്യവസ്ഥ. അമേരിക്കയുമായി ചൈന നടത്തുന്ന വ്യാപാരയുദ്ധത്തിൽ മുന്നിലെത്താൻ കഠിനശ്രമം നടത്തുന്ന ചൈനക്കാണ് ഇതു മുഖ്യമായും ഗുണം ചെയ്യുക. ചൈനയെ അപേക്ഷിച്ചു ഇറക്കുമതി വളരെ കുറഞ്ഞ ഇന്ത്യക്ക് ഇതിന്റെ നേട്ടം കുറവാണ്. ചൈനയുടെ തലയിലുദിച്ച ഒരു ബുദ്ധിയാണ് കരാറെന്നു അഭിപ്രായപ്പെടുന്നവരുണ്ട്. അംഗരാജ്യങ്ങളിൽ ഇന്ത്യൻ പ്രൊഫഷനലുകൾക്ക് തൊഴിൽസാധ്യത കൂടുമെന്നാണ് ആർ സി ഇ പി കരാറിൽ ഭാഗമാകുന്നതിന് കേന്ദ്രസർക്കാർ പറയുന്ന ന്യായീകരണം. 2012ൽ യു പി എ സർക്കാർ ആസിയാൻ കരാറിൽ ഒപ്പിടുമ്പോൾ പറഞ്ഞിരുന്നതും ഇതേ വാദഗതിയായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല രാജ്യത്തെ തൊഴിലവസരം കുറയുകയാണുണ്ടായത്.
സംഭാഷണത്തിനിടയിൽ ഷി ജിൻപിംഗ് കശ്മീർ പ്രശ്‌നം എടുത്തിട്ടിട്ടില്ലെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. കശ്മീർ വിഷയത്തിൽ ചൈന നടത്തുന്ന മലക്കം മറിച്ചിലുകൾക്കിടെയായിരുന്നു മഹാബലിപുരത്ത് മോദി-ഷി കൂടിക്കാഴ്ച നടന്നത്. യു എൻ രക്ഷാസമിതിയിലുൾപ്പെടെ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടായിരുന്നു ചൈനക്ക് അടുത്ത കാലം വരെയും. ഇതിനിടെ നിലപാട് മാറ്റി ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണു പ്രശ്‌നമെന്ന് പ്രസ്താവനയിറക്കി.

മഹാബലിപുരം ഉച്ചകോടിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതിനു തൊട്ടു പിന്നാലെ ഈ മാസം ഒമ്പതിന് ഇമ്രാനും ഷിയും ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയോടനുബന്ധിച്ചു പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ ചൈന വീണ്ടും മലക്കം മറിഞ്ഞു. കശ്മിർ പ്രശ്‌നം ചൈന സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അടിസ്ഥാന താത്പര്യങ്ങളിൽ പാക്കിസ്ഥാന് പിന്തുണ നൽകുമെന്നുമായിരുന്നു ഷിയുടെ അന്നത്തെ പ്രതികരണം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ഇതിനു ചുട്ട മറുപടിയും നൽകി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നതാണ് നമ്മുടെ എക്കാലത്തെയും സുവ്യക്തമായ നിലപാട്. ഇതു ചൈനക്കു നന്നായി അറിയാം. ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ലെന്നു രവീഷ് കുമാർ ചൈനയെ ഓർമപ്പെടുത്തി. ഈ പ്രസ്താവനാ യുദ്ധങ്ങൾ മഹാബലിപുരം ചർച്ചയിൽ കല്ലുകടിയാകുമോയെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

മഹാബലിപുരം ഉച്ചകോടിയിൽ ബി ജെ പിക്ക് രാഷ്രീയമായ ചില പ്രതീക്ഷകളുണ്ട്. ജയലളിതയുടെ വിയോഗാനന്തരം തമിഴ്‌നാട്ടിൽ രാഷ്ട്രീയ ശക്തി വർധിപ്പിക്കാൻ പാർട്ടി കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മാത്രമല്ല, അഹിന്ദി പ്രദേശങ്ങളിൽ ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള പുതിയ കേന്ദ്ര വിദ്യാഭ്യാസ കരട്‌നയത്തിലെ നിർദേശം തമിഴ്‌നാട് ജനതയിൽ മോദി സർക്കാർ വിരുദ്ധ മനോഭാവം ശക്തമാക്കുകയും ചെയ്തു. ഇത് തണുപ്പിച്ചു തമിഴ് ജനതയുടെ പ്രാദേശിക വികാരം അനുകൂലമാക്കാനും 2021-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം കൊയ്യാനും ഉച്ചകോടിക്ക് തമിഴ്‌നാട് വേദിയാക്കിയതിലൂടെ സാധ്യമാകുമെന്നു പാർട്ടി കണക്കു കൂട്ടുന്നു. പ്രമുഖ ഉത്തരേന്ത്യൻ കേന്ദ്രങ്ങളാണ് നയതന്ത്ര പ്രധാനമായ ചർച്ചകൾക്ക് സാധാരണ വേദിയാകാറ്. ഇത്തവണ അത് തമിഴ്‌നാട്ടിലേക്ക് മാറ്റിയതിന് പിന്നിൽ മുഖ്യമായും ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് നിരീക്ഷിക്കപ്പെടുന്നത്. പരമ്പരാഗത തമിഴ്‌വേഷമായ വേഷ്ടിയും വെള്ളഷർട്ടും ഷാളുമണിഞ്ഞാണ് ഉച്ചകോടിക്ക് മോദിയെത്തിയതെന്നതും ശ്രദ്ധേയമാണ്. മഹാബലിപുരത്തെ പ്രഭാത സവാരിക്കിടെ മോദി കടൽതീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിലും വായിച്ചെടുക്കാനാകും രാഷ്ട്രീയ തന്ത്രങ്ങൾ.