രാജ്യദ്രോഹക്കുറ്റത്തിന്റെ പ്രിവിലേജുകൾ

മാനവികവിരുദ്ധമായിരുന്നാൽ പോലും ദേശീയതയാണ് മുഖ്യമെന്ന് വിശ്വസിക്കുന്നവരാണ് രാജ്യത്തെ നല്ലൊരു ശതമാനവും ജനങ്ങൾ. അതായത്, ദേശീയത വിശപ്പ് മാറ്റില്ലെന്ന് ബോധ്യപ്പെട്ടവർ ഒഴികെയുള്ള ഇന്ത്യയിലെ വലിയ ഒരു വിഭാഗം ആളുകൾക്കും ജനാധിപത്യത്തേക്കാൾ ഏകാധിപത്യം വാഴുന്നതാണ് പ്രിയം. അവർ വിശ്വസിക്കുന്നത് ശക്തനായ, യുദ്ധവീരനായ ഒരു ഭരണാധികാരിയെയാണ്. അവർക്ക് അയൽരാജ്യങ്ങളുമായി യുദ്ധം വേണം. അവരുടെ മതത്തിലും ജാതിയിലും പാർട്ടിയിലും പെടാത്തവർ അവരുടെ അനുതാപം പറ്റി മാത്രം പുലർന്നാൽ മതിയാകും. ഇങ്ങനെയൊരു മാനസികാവസ്ഥ രൂഢമായിക്കഴിഞ്ഞ സമൂഹത്തിന് ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് പ്രസ്താവിച്ചവർ രാജ്യദ്രോഹികളാണ്.
Posted on: October 13, 2019 11:30 am | Last updated: October 13, 2019 at 11:30 am

രാജ്യത്ത് അസഹിഷ്ണുത വർധിക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സിനിമാ സാംസ്‌കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ നിന്നും ബിഹാർ പോലീസ് പിന്മാറിയ സംഭവം ജനാധിപത്യ വിശ്വാസികൾ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണ്. ഇങ്ങനെയൊരു കേസ് അസംബന്ധമാണെന്നും കേസ് നൽകിയ ആൾക്കെതിരെ നടപടിയെടുക്കുമെന്നുമാണ് എൻ ഡി എ സഖ്യം ഭരിക്കുന്ന ബീഹാർ സംസ്ഥാന സർക്കാറിന്റെ പോലീസ് ഇപ്പോൾ പറയുന്നത്.

രാജ്യത്ത് മുസ്്ലിംകൾക്കും ദളിതുകൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചെഴുതിയ കത്തിൽ വർഗീയ ധ്രുവീകരണത്തിനെതിരെ കടുത്ത വിമർശനം അടങ്ങിയിരുന്നു. ജയ്ശ്രീറാം എന്നത് കൊലവിളിയായി പരിണമിച്ചിരിക്കുന്നു എന്നുവരെ ലോകപ്രശസ്തരായ സിനിമാപ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും പ്രധനമന്ത്രിയോട് പറഞ്ഞു. അതോടെ അനവധി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും മറ്റുമായി രാജ്യത്തിന്റെ യശസ്സുയർത്തിയ അടൂർ ഗോപാലകൃഷ്ണൻ മുതൽ മണിരത്‌നം, രേവതി തുടങ്ങി ബോളിവുഡ് നോയർ സിനിമകളുടെ ഏറ്റവും ശ്രദ്ധേയനായ സംവിധായകൻ അനുരാഗ് കശ്യപ് വരെ അടങ്ങുന്ന ഈ നാൽപ്പത്തൊമ്പത് പേർക്കെതിരെ നിരവധി ആക്രോശങ്ങൾ ഉയർന്നു. ലോകത്തിനു മുന്പിൽ രാജ്യത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആദ്യം പറഞ്ഞത് ചണ്ഡീഗഡിൽ നിന്നുള്ള ബി ജെ പി. എം പിയും സിനിമ നടിയുമായ കിരൺ ഖേറാണ്. അതുപിന്നീട് ബി ജെ പി, ആർ എസ് എസ് കേന്ദ്രങ്ങൾ ഏറ്റുപാടുന്നത് കണ്ടു. പുൽവാമയിൽ ചാവേർ സ്‌ഫോടനത്തിൽ ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ ഇവർ കത്തെഴുതാൻ മുതിർന്നില്ലല്ലോ എന്ന് അർണാബ് സ്വാമി മാത്രമല്ല ഏതാണ്ട് എല്ലാ ചാനലുകാരും കോപിഷ്ഠരായും വിഷണ്ണരായും കാണപ്പെട്ടു.

എന്തിനും ഏതിനും അതിർത്തിയിൽ മരിച്ചുവീഴുന്ന ജവാന്മാർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതുകൊണ്ട് ഇത്തരം വിഷയങ്ങളൊക്കെ പൊതുജനങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് സംഘ്പരിവാർ ഉദ്ദേശിക്കുന്ന ഭാവത്തിൽ പ്രചരിപ്പിക്കപ്പെടും. മാനവികവിരുദ്ധമായിരുന്നാൽ പോലും ദേശീയതയാണ് മുഖ്യമെന്ന് വിശ്വസിക്കുന്നവരാണ് രാജ്യത്തെ നല്ലൊരു ശതമാനവും ജനങ്ങൾ എന്ന് മനസ്സിലാക്കണം. അതായത്, ഈ പറയുന്ന ദേശീയത വിശപ്പ് മാറ്റില്ലെന്ന് ബോധ്യപ്പെട്ടവർ ഒഴികെയുള്ള ഇന്ത്യയിലെ വലിയ ഒരു വിഭാഗം ആളുകൾക്കും ജനാധിപത്യത്തേക്കാൾ ഏകാധിപത്യം വാഴുന്നതാണ് പ്രിയം. അവർ വിശ്വസിക്കുന്നത് ശക്തനായ, യുദ്ധവീരനായ ഒരു ഭരണാധികാരിയെയാണ്. അവർക്ക് അയൽരാജ്യങ്ങളുമായി യുദ്ധം വേണം. അവരുടെ മതത്തിലും ജാതിയിലും പാർട്ടിയിലും പെടാത്തവർ അവരുടെ അനുതാപം പറ്റി മാത്രം പുലർന്നാൽ മതിയാകും.

ഇങ്ങനെയൊരു മാനസികാവസ്ഥ രൂഢമായിക്കഴിഞ്ഞ സമൂഹത്തിന് ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് പ്രസ്താവിച്ചവർ രാജ്യദ്രോഹികളാണ്. ഭൂരിപക്ഷത്തിന്റെ ഇച്ഛ നടപ്പിലാക്കുകയാണ് ധർമമെന്ന് തെറ്റിദ്ധരിച്ച സർക്കാറാകട്ടെ അത് സാക്ഷാത്കരിക്കും. ആർട്ടിക്കിൾ 124 എന്ന രാജ്യദ്രോഹക്കുറ്റം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത മറ്റൊരു സർക്കാർ ഇന്ത്യയിൽ ഇതിനു മുന്പ് ഉണ്ടായിട്ടില്ല.
ഈ നാൽപ്പത്തൊമ്പത് പ്രമുഖർക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഉയർന്നതോടെയാണ് ഈ കേസിൽ നിന്നും പിന്മാറാൻ ബിഹാർ പോലീസ് നിർബന്ധിതരാകുന്നത്. അല്ലെങ്കിൽ ഇങ്ങനെയൊരു കേസ് ഫയൽ ചെയ്യുന്ന സാഹചര്യം പോലുമുണ്ടാകില്ലായിരുന്നു. ബിഹാർ പോലീസിന്റെ ഈ പിന്മാറ്റം ഒരുതരത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് വലിയ ആശ്വാസമാണ്. അനേകം ഘടകങ്ങളെ മുൻനിർത്തി പ്രതിപക്ഷത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ വിജയിച്ചുപോരുന്ന ഭരണപക്ഷത്തിന് നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ല തിരിച്ചടി കൂടിയാണിത്. വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് നിനക്കുന്ന സ്റ്റേറ്റ് താത്പര്യങ്ങളെ സംഘടിതമായ പോരാട്ടങ്ങൾക്ക് തോൽപ്പിക്കാനാകും എന്ന പാഠമാണ് ഇത് നമുക്ക് നൽകുന്നത്. കത്തെഴുത്ത് പ്രകടമായി ഒരു പ്രഹരശേഷിയുള്ള സമരമാർഗമാണെന്ന് ആരും ധരിക്കുന്നില്ലായിരിക്കാം. മാത്രവുമല്ല, കത്തെഴുതിയവർക്ക് സമൂഹത്തിലുള്ള സ്വാധീനവും പിന്നീട് അവരെ അനുകൂലിച്ചുകൊണ്ടെഴുതിയ കത്തുകളുടെ ബാഹുല്യവുമാണ് ഭരണവർഗത്തിന് ഒരു തലവേദനയാകും വിധത്തിൽ ഇതിനെ മാറ്റിയത് എന്നും വരാം. എങ്കിലും ഫാസിസം കഴുത്തറ്റം വരെ എത്തിയ കാലത്ത് എല്ലാ ചെറു അനക്കങ്ങൾക്കും വലിയ കൊടുങ്കാറ്റിന്റെ ഊക്കുണ്ടാകും.
പ്രതിസ്വരങ്ങൾ അമർച്ച ചെയ്യേണ്ടത് ഫാസിസ്റ്റുകളുടെ ആവശ്യമാണ്. ഭയം വിതക്കുകയാണ് അതിനുള്ള എളുപ്പ വഴി. അങ്ങിനെയെങ്കിൽ ബലപ്രയോഗങ്ങൾ ഒഴിവാക്കുകയുമാവാം. അഥവാ, ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം എല്ലാ തരം പ്രതിപക്ഷവും വിധേയപ്പെടുന്നതോ നിശ്ശബ്ദമാകുന്നതോ ആയ അപകട സന്ധിയാകുമത്. ഇപ്പോൾ തന്നെ പ്രതിപക്ഷ പ്രതിരോധം നിയമ നിർമാണ സഭകളിൽ ചിന്നിച്ചിതറുന്നതാണ് കാഴ്ച. സമൂഹത്തിലെ ഉപരിവർഗം മാത്രം എത്തിപ്പെടുന്ന കോൺക്ലേവുകളിൽ അറ്റം ഒപ്പിച്ച വാക്കുകൾ കൊണ്ട് മാത്രം ഫാസിസത്തോട് മല്ലിടാമെന്ന് ധരിക്കുന്നവർ ഇപ്പോഴും പ്രതിപക്ഷ പാർട്ടികളിലുണ്ട്.
സോഷ്യൽ മീഡിയക്കകത്ത് നിന്ന് ഗ്രാമങ്ങളിലേക്കും തെരുവുകളിലേക്കും ഇനിയും തുനിഞ്ഞിറങ്ങിയില്ലെങ്കിൽ പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും പോലും മിണ്ടാനാവാതെ വരുമെന്ന് ചിന്തിക്കാൻ മെനക്കെടാത്തവരാണ് അവരിൽ പലരും. സംഘ്പരിവാർ അവതരിപ്പിക്കുന്ന ദേശീയതയെ, പാക്കിസ്ഥാൻ കാർഡിനെ, ഭൂരിപക്ഷ പ്രീണന രാഷ്ട്രീയ ബിംബങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് നിശ്ചയമില്ലാത്തിടത്തോളം കാലം ഫാസിസം വളരും, പടരും. അവിടെ നേതൃത്വമില്ലെങ്കിലും കനപ്പെടുന്ന ചില സ്വരങ്ങൾ സത്യം വിളിച്ചു പറയുന്നുണ്ടാകും. അവർക്ക് ആശ്വാസകരമായ വാർത്തകളും പ്രതീക്ഷകളും നൽകാനായേക്കും. എന്നാൽ ഇതെല്ലാം ഒരു നേതൃത്വത്തിനും പ്രത്യയ ശാസ്ത്രത്തിനും ഒപ്പിച്ചും സംഘടിതവുമല്ലാത്തിടത്തോളം കാലം സുരക്ഷിതവും ശാശ്വതവുമല്ല. പോരാത്തതിന് അടൂരിനും രേവതിക്കും മണിരത്‌നത്തിനും ഒക്കെ കിട്ടുന്ന ഒരു സൗകര്യം നാസിറുദ്ദീൻ ഷാക്ക് കിട്ടില്ല. ആ കത്ത് സിനിമാരംഗത്തെ മുസ്്ലിംകളാണ് എഴുതിയിരുന്നതെങ്കിൽ എന്താകുമായിരുന്നു എന്നതാണ് ചോദ്യം. ഈ ചോദ്യം ഇന്ത്യയിൽ അങ്ങനെ മുസ്്ലിംകളെ മാത്രം നോട്ടമിടുന്ന സ്റ്റേറ്റ് സംവിധാനമൊന്നുമില്ലെന്ന് നിഷ്‌കളങ്കപ്പെടുന്നവരോടും ഒപ്പം ഇവിടെ മുസ്്ലിംകളെല്ലാം ഇപ്പോഴും എവിടെയും പീഡിപ്പിക്കപ്പെടുന്നല്ലോ എന്ന് വലിയ വായിൽ കരയുന്നവരോടുമാണ്. രാജ്യാന്തര പ്രശസ്തിയും ഗ്ലാമറുമുള്ളവർക്ക് കിട്ടുന്ന പ്രിവിലേജുകളൊന്നും ഇല്ലാത്തവർ ഇപ്പോഴും ഓരോ ദിവസം ചെല്ലുംതോറും ഫാസിസത്തിന്റെ കരാളഹസ്തങ്ങളിൽ അമരുന്നുണ്ട്.

പൊതു ഇടങ്ങളിൽ പ്രക്ഷോഭ പരിപാടികളിൽ പങ്കെടുത്തവർ മുതൽ ആൾക്കൂട്ട ആക്രമണത്തിന് വിധേയരായവരുടെ കുടുംബക്കാരും ആക്രമിക്കപ്പെട്ടതിനെതിരിൽ പരാതി കൊടുത്തവരും വരെ രാജ്യദ്രോഹം, യു എ പി എ തുടങ്ങിയ കേസുകളിൽ കുടുങ്ങിക്കിടപ്പുണ്ട്. ആയിരക്കണക്കിന് അന്യായ തടവുകാരുണ്ട്. മുസ്്ലിം അല്ലാതിരിക്കുക എന്ന ഏറ്റവും വലിയ പ്രിവിലേജ് ഇല്ലാതെ പോയവരാണ് ഇങ്ങനെയുള്ള ഹതഭാഗ്യരിൽ അധികവും. ഇവർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുതൽ ഇവർ സമർപ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ വരെ സ്റ്റേറ്റിന്റെ “അതീവ ജാഗ്രതാ കേന്ദ്രങ്ങൾ’ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ദിവ്യാ സ്പന്ദനക്കും ഷെഹ്ല റാഷിദിനുമെതിരെ വ്യത്യസ്ത സംഭവങ്ങളിലാണെങ്കിൽ കൂടി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്നു. പക്ഷേ ഷെഹ്ലക്ക് ഭയപ്പെടാനുള്ളതുപോലെ ദിവ്യക്ക് ഭയപ്പെടാനില്ല. കൻഹയ്യക്കും അനിർഭനും ഉമറിനെ പോലെ ആധി കയറ്റാൻ കുറേയൊന്നുമില്ല. ഈ വ്യത്യാസം ഒരു സത്യമാണ്. എന്നാൽ ഗൗരി ലങ്കേഷും കൽബുർഗിയും പൻസാരെയും കൊല്ലപ്പെട്ടത് മുസ്്ലിമായതിനാലല്ല എന്ന സത്യം കൂടി മനസ്സിലാക്കുമ്പോഴാണ് ഫാസിസത്തിന്റെ മനോനില എത്രമേൽ സങ്കീർണമാണെന്ന് തിരിച്ചറിയുക.