Connect with us

Kozhikode

ഭാര്യയെ കൊല്ലാൻ ഷാജു സഹായിച്ചുവെങ്കിൽ എന്തിന്?

Published

|

Last Updated

താമരശ്ശേരി: ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്താൻ ഷാജു രണ്ട് തവണ സഹായിച്ചുവെന്ന സിലിയുടെ മൊഴി സത്യമാണെങ്കിൽ ഷാജുവിനെ അതിന് പ്രേരിപ്പിച്ച ഘടകം എന്തെന്ന ചോദ്യം കൂടുതൽ ദുരൂഹതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിലിയെ കൊല്ലുന്നതിന് മുന്നെ മകൾ ആൽഫൈനെ ഇല്ലാതാക്കിയിരുന്നു. ആൽഫൈനെ കൊന്നിട്ടില്ലെന്ന് ആവർത്തിച്ച ജോളി കുപ്പിയിൽ കരുതിയ സയനൈഡ് ബ്രഡിൽ പുരട്ടിയെന്നും ഇത് മറ്റൊരാൾ ആൽഫൈന് നൽകിയെന്നും മൊഴി മാറ്റി.
ഷാജുവിന്റെ സഹോദരിയാണ് അവസാനമായി ഭക്ഷണം നൽകിയതെന്ന ജോളിയുടെ വാദം ശരിയാണെങ്കിൽ ആൾഫൈന് കൊടുക്കാനുള്ള ബ്രഡിൽ ആരും അറിയാതെ സയനൈഡ് പുരട്ടിയെന്നാണ് അനുമാനിക്കേണ്ടത്. സിലിയെ കൊലപ്പെടുത്തി ഷാജുവിനൊപ്പം ജീവിക്കുമ്പോൾ പെൺകുട്ടി തടസ്സമാവുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴി.

എന്നാൽ, ഷാജുവിനെ വിവാഹം കഴിക്കും മുമ്പെ ബി എസ് എൻ എൽ ജീവനക്കാരനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ ഷാജുവിനെ സ്വന്തമാക്കാനല്ല കൊലപാതകങ്ങൾ നടത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്. റോയിയെ കൊലപ്പെടുത്തി രണ്ട് ദിവസം കഴിഞ്ഞ് ജോൺസണുമൊത്ത് കോയമ്പത്തൂരിലെത്തി കൊലപാതകം ആഘോഷിച്ചുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പൊന്നാമറ്റം തറവാട്ടിലെ സ്വത്ത് കൈക്കലാക്കിയ ശേഷം അധ്യാപകനായ ഷാജുവിനെ വിവാഹം കഴിക്കുകയും അയാളെ കൊലപ്പെടുത്തിയ ശേഷം ആശ്രിത നിയമനം വഴി ജോലി നേടിയെടുക്കുകയും ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണെ വിവാഹം കഴിച്ച് ആർഭാഡ ജീവിതം നയിക്കാമെന്നുമുള്ള ചിന്തകളാണ് ജോളിയെ കൊടും ക്രൂരതകൾക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയം.