കളൻതോട് ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

Posted on: October 13, 2019 10:49 am | Last updated: October 13, 2019 at 10:49 am

ധന്യതയാർന്ന ജീവിതം നൽകി അല്ലാഹു അനുഗ്രഹിച്ച ചിലരുണ്ട്. പടച്ചവനോടും പടപ്പുകളോടും ഒരേസമയം കടപ്പാടുകൾ തീർത്ത് കൊണ്ടാണ് അവർ കഴിഞ്ഞു പോയത്. ഭയവും ദുഃഖവും ഇല്ലാത്തവർ എന്നാണ് ഖുർആൻ അവരെ വിശേഷിപ്പിച്ചത് അക്കൂട്ടത്തിൽ ഒരാളാണ് 2018 ഒക്ടോബർ 23, 1440 സഫർ 13ന് വഫാത്തായ കളൻതോട് അബ്ദുൽ കരീം മുസ്‌ലിയാർ (ന.മ). ചെറുപ്രായത്തിൽ തന്നെ മഹത്തുക്കളുമായി ബന്ധപ്പെടാനും അതിലൂടെ ഉയരങ്ങളിലെത്താനും കരീം ഉസ്താദിന് കഴിഞ്ഞു.

ശൈഖുനാ സി എം വലിയുല്ലാഹിയിൽ നിന്നാണ് ഉസ്താദിന്റെ ആത്മീയ ലോകം ആരംഭിക്കുന്നത്. കേരളത്തിലും പുറത്തുമായി നിരവധി മഹത്തുകളുമായി ബന്ധം പുലർത്തി. നാഗൂർ, മുത്തുപ്പേട്ട, ഏർവാടി, അജ്മീർ, ഒടുങ്ങാക്കാട്, എരുമാട് എന്നീ മഖാമുകളിൽ ഇടക്കിടെ ഓടിയെത്തും. ശരീഅത്തിന്റെ പൂർണ പർണശാലയിൽ ഒതുങ്ങിനിന്ന് കൊണ്ടുതന്നെയായിരുന്നു. മഹാനായ കരീം ഉസ്താദിന്റെ ലോകം. ജാഡയോ അഭിനയമോ, കൺകെട്ടോ മാസ്മരികതയോ ഒന്നുമായിരുന്നില്ല ഉസ്താദിന്റെ ജീവിതം.

അല്ലാഹുവിന്റെ തൗഫീഖ് കൊ്ണ്ട് ലഭിച്ച അസാധാരണത്വമായിരുന്നു. സൽകർമ്മങ്ങൾ നാഥനിലേക്ക് അടുക്കുമ്പോൾ അല്ലാഹു നൽകുന്ന ഒരു ഔദാര്യമാണത്. ഒരിക്കലെങ്കിലും ഉസ്താദിനെ കാണാനെത്തിയവർക്ക് കുളിർമ്മയാർന്ന സന്ദേ-ശങ്ങളാണ് അദ്ദേഹം നൽകിയത്. മനസ്സിൽ ആത്മീയതയുടെ തിരിവെട്ടം കൊളുത്തിവെച്ചാണ് ഓരോരുത്തരെയും ഉസ്താദ് പറഞ്ഞു വിടുന്നത്. ആ തിരി കെടാതെ സൂക്ഷിച്ച് മുന്നോട്ടുപോകുന്നവർക്ക് രണ്ട് ലോകവും കീഴടക്കാനാവും. സാദാത്തുക്കൾ,പണ്ഡിതന്മാർ, ബിസിനസുകാർ, ഡോക്ടർമാർ, എൻജിനിയർമാർ,അധ്യാപകർ, വിദ്യാർഥികൾ,സാധാരണക്കാർ എല്ലാവരെയും ഉസ്താദ് സ്വീകരിച്ചു, അവരുടെ വേദനകൾ കേട്ടു, പരിഹാരം നിർദ്ദേശിച്ചു. എല്ലാദിവസവും ഉസ്താദിന്റെ വീട്ടിൽ നടക്കുന്ന മജ്‌ലിസ് മുത്ത് നബിയുടെ മൗലിദിൽ നിന്ന് തുടങ്ങി ബദർ മൗലിദ്, ശൈഖ് ജീലാനി, അജ്മീർ ഖാജാ, എന്നിവരുടെ മൗലിദുകളിലൂടെ കടന്നുപോയി മുഹ്‌യിദ്ദീൻ റാത്തീബോടെ സമാപിക്കും. ധന്യമായ അനുഭവമാണത്. ഇന്നും അത് തുടരുന്നു. ഉസ്താദിെന്റ മുഹിബ്ബീങ്ങൾ ഈ മജ്‌ലിസ് ഉപയോഗപ്പെടുത്തുന്നു. ഉസ്താദിനെ കാണാനെത്തിയവരെയെല്ലാം അവിടുന്ന് വിരുന്നൂട്ടി.

ചായയും, പലഹാരവും പായസവും, ചോറും കറിയും പപ്പടവും വയർ നിറയെ നൽകി. പാവങ്ങളുടെ അത്താണിയായാണ് ഉസ്താദ് ജീവിച്ചത്. അത്ഭുതകരമായിരുന്നു ആ ജീവിതം. രാവും പ കലുമില്ലാതെ ഊണും ഉറക്കവുമില്ലാതെ എല്ലാവരെയും അദ്ദേഹം സാന്ത്വനപ്പെടുത്തി. ഭീകരമായ രോഗങ്ങളിൽ നിന്ന് മുക്തി ലഭിച്ച വർ, മാനസിക വിഭ്രാന്തി യിൽ നിന്ന് മോചനം കിട്ടിയവർ, മനമുരുകുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർ, മുങ്ങിത്താഴുന്ന ജീവിതത്തിൽ നിന്ന് കരകയറിയവർ, താളംതെറ്റിയ കുടുംബ ബന്ധങ്ങളിൽ സമാധാനം ലഭിച്ചവർ, അങ്ങിനെ നീണ്ടു പോകുന്നു ആ പ ട്ടിക. 46-ാം വയസ്സിലായിരുന്നു വഫാത്ത്. ഉസ്താദിന്റെ വേർപാടറിഞ്ഞ് സുന്നി പ്രസ്ഥാനത്തിന്റെ നായകരെല്ലാം അവിടെയെത്തി. ഇന്നും ആയിരങ്ങൾക്ക് സാന്ത്വനമേകി കരീം ഉസ്താദ് ജീവിക്കുകയാണ്. ഉസ്താദിന്റെ മുഹിബ്ബുകൾ ദിനേനെ ഒരു ഫാത്തിഹയെങ്കിലും ഓതി ഉസ്താദിനെ ചേർത്തുപിടിക്കണം. ഉസ്താദ് കാണിച്ചുതന്ന പാതയിൽ ജീവിക്കണം.

ബിദ്അത്തിനോട് ഉസ്താദ് കാണിച്ച സമീപനം പ്രസിദ്ധമാണല്ലോ. ആ പാത പിന്തുടരണം. 2019 ഒക്ടോബർ 13 ഞായർ ഉസ്താദിന്റെ ഒന്നാം ഉറൂസ് വിപുലമായി നടക്കുകയാണ്.

അബ്ദുറഹ്മാൻ ദാരിമി
സീഫോർത്ത്‌