Connect with us

Ongoing News

ജോളിയുടെ പോലീസ് കസ്റ്റഡി നാല് ദിവസം കൂടി; തെളിവ് ശേഖരണം ദുഷ്‌കരം

Published

|

Last Updated

കോഴിക്കോട്: പല തരത്തിലുള്ള കുറ്റസമ്മത മൊഴികൾ ജോളി നടത്തിയെങ്കിലും അതിന് ആധാരമായ തെളിവുകൾ കണ്ടെത്തുകയെന്നത് പോലീസിന് ദുഷ്‌കരം. പോലീസ് കസ്റ്റഡിയുടെ രണ്ട് ദിവസം കഴിഞ്ഞു. ബാക്കിയുള്ള നാല് ദിവസത്തിനകം ജോളി നടത്തിയ കുറ്റസമ്മതങ്ങൾക്ക് തെളിവ് തേടുകയെന്നത് പോലീസിന് മുമ്പിലുള്ള വെല്ലുവിളിയാണെന്ന് നിയമ വിദഗ്ധർ പറയുന്നു.

ശാസ്ത്രീയ തെളിവുകളുടെയും പോലീസ് ശേഖരിക്കുന്ന തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ മരണങ്ങളെല്ലാം കൊലപാതകങ്ങളോ അല്ലാത്ത മരണങ്ങളോ ആണെന്ന് തെളിയിക്കാൻ കഴിയുകയുള്ളൂ. പ്രതി പോലീസിന് മുമ്പിൽ നടത്തുന്ന കുറ്റസമ്മത മൊഴി ഇന്ത്യൻ തെളിവ് നിയമപ്രകാരം തെളിവായി സ്വീകരിക്കാൻ കഴിയില്ല.
അതേസമയം, മജിസ്‌ട്രേറ്റിന് മുമ്പിൽ പ്രതി ഹാജരായി സി ആർ പി സി 164 പ്രകാരം മൊഴി റെക്കോർഡ് ചെയ്താൽ അത്തരം മൊഴികൾക്ക് നിയമപ്രാബല്യമുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ പോലീസിനോടുള്ള കുറ്റസമ്മത മൊഴി കോടതിക്ക് സ്വീകാര്യമാകാമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറ്റം ചെയ്യുന്ന ആയുധം ഇന്ന സ്ഥലത്തുണ്ടെന്ന് പ്രതി പറയുകയും ആ മൊഴി റെക്കോർഡ് ചെയ്ത ശേഷം പ്രതിയുമായി പോയി ആയുധം കണ്ടെടുക്കുകയും ഫോറൻസിക് പരിശോധനയിൽ തെളിയുകയും ചെയ്താൽ അത് കോടതിക്ക് സ്വീകാര്യമായിരിക്കും.

എന്നാൽ പോലീസിനോടുള്ള കുറ്റസമ്മത മൊഴിയുടെ ഈ ഭാഗം മാത്രമേ കോടതിക്ക് സ്വീകാര്യമാകുകയുള്ളൂവെന്ന് നിയമവിദഗ്ധർ പറയുന്നു. കൂടത്തായി കൂട്ടക്കൊലയിൽ പെട്ട റോയ് കേസിൽ പൊന്നാമറ്റം വീട്ടിൽ നിന്ന് സയനൈഡ് കണ്ടെടുത്താൽ അത് ശക്തമായ തെളിവായി മാറും. കഴിഞ്ഞ ദിവസം ജോളിയുമായുള്ള തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തിയെന്ന ശക്തമായ സൂചനകളാണ് ലഭിക്കുന്നത്.
അങ്ങനെയെങ്കിൽ ഫോറൻസിക് പരിശോധനയിൽ കൂടി അക്കാര്യം തെളിയിക്കപ്പെട്ടാൽ ജോളിക്ക് കേസിൽ നിന്ന് ഊരിപ്പോകാൻ കഴിയില്ല. സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന, ജോളിയുടെ മുൻഭർത്താവ് റോയ് തോമസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പോലീസിന്റെ പക്കലുണ്ട്. ഈ കേസിൽ പോലീസിന് കോടതിക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ ഇത്രയും കാര്യങ്ങൾ മതിയാകും.

പക്ഷേ മറ്റ് അഞ്ച് മരണങ്ങളുടെ കാര്യത്തിലാണ് പോലീസിന് ഏറെ കടമ്പകളുള്ളതെന്നാണ് വിലയിരുത്തൽ. റോയിയുടെ ഒഴികെയുള്ള കൊലപാതകങ്ങളിൽ തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന് ദുഷ്‌കരമായ ജോലിയാണ്. പ്രത്യേകിച്ച് വർഷങ്ങൾ പഴക്കമുള്ള മരണങ്ങളായതിനാൽ, ഇതിന് ധാരാളം സാക്ഷികളെ പോലീസിന് ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്.

എന്നാൽ നാല് ദിവസത്തിനിടയിൽ അഞ്ച് മരണങ്ങളിൽ തെളിവെടുപ്പ് പൂർത്തീകരണം സാധ്യമാകില്ല. കസ്റ്റഡി കാലാവധി നീട്ടി ആവശ്യപ്പെടാൻ അന്വേഷണ സംഘത്തിന് അവകാശമുണ്ട്. അത് അംഗീകരിക്കപ്പെട്ടാൽ മൂന്ന് ദിവസം വരെ നീട്ടി നൽകിയേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പക്ഷേ, അതിനിടയിലും ഈ മരണങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് പോലീസിന് ധാരാളം പരിമിതികളുണ്ട്. അതു കൊണ്ട് തന്നെ റോയ് കൊലപാതകക്കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയെന്നതാണ് അന്വേഷണ സംഘം ചെയ്യുന്നത്. പോലീസ് കസ്റ്റഡിയിൽ ജോളിയെ പലവട്ടം ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്തപ്പോൾ സിലിയുടെ മകൾ ആൽഫൈന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാത്രമാണ് ജോളി പൊട്ടിക്കരഞ്ഞത്. ആദ്യഘട്ടത്തിൽ താനല്ല ഈ കൊലപാതകം നടത്തിയതെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ആറ് മരണങ്ങളുടെയും ഉത്തരവാദിത്വം ജോളി ഏൽക്കുകയും ചെയ്തിരുന്നു.

പലപ്പോഴായുള്ള ചോദ്യം ചെയ്യലിൽ മൊഴികൾ മാറി മറിയാനും സാധ്യതയുണ്ട്. എന്നാൽ മൊഴികൾക്ക് തെളിവ് ശേഖരിക്കുക എന്നതാണ് പോലീസിന്റെ ജോലിയെന്ന് നിയമവിദഗ്ധർ പറയുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest