Connect with us

Ongoing News

കർത്താർപൂർ ഇടനാഴി എട്ടിന് നാടിന് സമർപ്പിക്കും

Published

|

Last Updated

ന്യൂഡൽഹി: പഞ്ചാബിലെ ഗുർദാസ്പൂരിലെ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ കർത്താർപൂർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കർത്താർപൂർ ഇടനാഴി അടുത്തമാസം എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി ഹർസിമ്രത് കൗറാണ് ട്വിറ്റർ വഴി ഉദ്ഘാടന തീയതി പ്രഖ്യാപിച്ചത്. അടുത്തമാസം ഒമ്പത് മുതൽ ഇന്ത്യൻ തീർഥാടകർക്ക് കർത്താർപൂർ ഇടനാഴി തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാൻ നേരത്തേ അറിയിച്ചിരുന്നു. നാല് കിലോമീറ്റർ നീളമുള്ളതാണ് കർത്താർപൂർ ഇടനാഴി. ഈ ഇടനാഴിയിലൂടെ ഇന്ത്യൻ തീർഥാടകർക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും.

പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാൾ ജില്ലയിലുള്ള ഷകർഗഢിലാണ് കർത്താർപൂർ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വർഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. കർത്താർപൂർ ഇടനാഴി വഴി ഇവിടേക്കുള്ള ആദ്യ സംഘത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവർ നയിക്കുമെന്നാണ് റിപ്പോർട്ട്.