Connect with us

Kerala

അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം മരിച്ച അന്നമ്മയുടെ മരണം മകനും ജോളിയുടെ ആദ്യ ഭര്‍ത്താവുമായ റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ പുതിയ വെളിപ്പെടുത്തല്‍. അന്നമ്മയുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് റോയിക്ക് ബിസിനസ് ആവശ്യത്തിന് കടം നല്‍കിയിരുന്നു. ഇത് തതിരിച്ചു ചോദിച്ചത്‌ കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് മൊഴി. വീടിന്റെ ആധിപത്യം കൈക്കലാക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

അതേ സമയം, ജോളിയുടെ പുതിയ മൊഴിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊന്നാമറ്റത്ത് ഇന്ന് വീണ്ടും തെളിവെടുപ്പ് നടന്നേക്കും.

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ മൂന്നു തവണ കൊല്ലാന്‍ ശ്രമിച്ചുരുന്നുവെന്നും മൊഴിയുണ്ട്. വിഷാംശം കുറവായതിനാല്‍ ആദ്യ തവണ ഛര്‍ദിച്ചവശയി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചില്ല. രണ്ടാം തവണ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെങ്കിലും കഴിക്കാത്തതില്‍ രക്ഷപ്പെടുകയായിരുന്നു. ഒരു വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു കൊലപാതകമുറപ്പിച്ച് നടത്തിയ മൂന്നാം ശ്രമം. സിലി കഴിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം ഷാജുവിനൊപ്പം സിലിയുമായി ദന്താശുപത്രിയിലേക്ക് ജോളിയുമെത്തി. അവിടെവച്ച് സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരണ വെപ്രാളം കാണിച്ച സിലിക്ക് നേരത്തെ തയ്യാറാക്കി സൂക്ഷിച്ചിരുന്നു സയനൈഡ് കലര്‍ത്തിയ വെള്ളം നല്‍കുകയായിരുന്നു.

ഇപ്പോഴത്തെ ഭർത്താവ് ഷാജുവിനെയും ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസന്റെ ഭാര്യയെയും കൊലപ്പെടുത്താൻ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി പദ്ധതിയിട്ടിരുന്നതായി പോലീസ്. ഇന്നലെ അന്വേഷണ സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യം സമ്മതിച്ചത്. ജോൺസനൊത്ത് ജീവിക്കാനും സർക്കാർ ജോലി ലഭിക്കാനുമാണ് ഷാജുവിനെ വധിക്കാൻ ശ്രമിച്ചത്. സർക്കാർ സർവീസിൽ അധ്യാപകനാണ് ഷാജു. ജോൺസനുമായി ബന്ധപ്പെട്ട ശേഷം ഷാജുവുമായി ജോളി നല്ല ബന്ധത്തിലായിരുന്നില്ലെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ജോൺസന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഒരു യാത്രക്കിടെയാണ്. സയനൈഡ് കലർത്തിയ ഭക്ഷണം ജോൺസന്റെ ഭാര്യക്ക് നൽകിയെങ്കിലും അവർ കഴിക്കാൻ കൂട്ടാക്കിയില്ല. ജോൺസനുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷാജുവിന്റെ മകൾ ആൽഫൈന്റെ കൊലപാതകവും താൻ തന്നെയാണ് നടത്തിയതെന്ന സുപ്രധാന മൊഴിയും ജോളി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ നൽകി. ആൽഫൈനെ കൊലപ്പെടുത്തിയത് ഷാജുവിന്റെ സഹോദരിയാണെന്ന മൊഴിയാണ് ജോളി ഇപ്പോൾ തിരുത്തിയത്. ആൽഫൈന് നൽകാൻ വെച്ച ബ്രെഡിൽ സയനൈഡ് പുരട്ടിയത് ജോളി തന്നെയാണെന്ന് ശനിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായതായി റൂറൽ എസ് പി. കെ ജി സൈമൺ പറഞ്ഞു. എന്നാൽ, സയനൈഡ് പുരട്ടിയതറിയാതെ ബ്രെഡ് ഒന്നര വയസ്സുള്ള കുട്ടിക്ക് നൽകിയത് ഷാജുവിന്റെ സഹോദരിയാണ്. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ജോളി കുറ്റം സമ്മതിച്ചത്.

ആൽഫൈന്റെ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ എന്തായിരുന്നുവെന്ന ചോദ്യത്തിന് ജോളി ഉത്തരംനൽകാൻ തയ്യാറായില്ല. മനഃശാസ്ത്രപരമായ രീതിയിൽ ചോദ്യം ചെയ്തപ്പോഴാണ് ജോളി കുറ്റം സമ്മതിച്ചത്. ഇപ്പോൾ അറസ്റ്റിലായ പ്രജികുമാറിന് പുറമെ മറ്റൊരാളിൽ നിന്ന് കൂടി രണ്ടാം പ്രതി മാത്യുവിന് സയനൈഡ് ലഭിച്ചിരുന്നുവെന്നും ജോളി മൊഴി നൽകി. ഇയാൾ മരിച്ചതിനാൽ അന്വേഷണം ആവശ്യമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ജോളിയെ ഇന്നലെ ഡി ജി പി മുമ്പാകെയും ചോദ്യം ചെയ്തിരുന്നു.

സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയുടെയും ഷാജുവിന്റെയും മൊഴികളിൽ വൈരുധ്യമുള്ളതിനാൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. സിലിയുടെ മരണം ഷാജുവിന്റെ അറിവോടെ ജോളി നടപ്പാക്കിയതാണെന്ന് സഹോദരൻ സിജോ സെബാസ്റ്റ്യൻ ഇന്നലെയും ആവർത്തിച്ചു. കഴിഞ്ഞ ദിവസം ജോളിയുമായി തെളിവെടുപ്പ് നടത്തിയപ്പോൾ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ ഇരുവരെയുമിരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ, രണ്ട് പേരുടെയും മൊഴികളിൽ വലിയ പൊരുത്തക്കേടുകളുള്ളതായാണ് വിവരം. സിലിയുടെ മരണം താമരശ്ശേരി പോലീസാണ് അന്വേഷിക്കുന്നത്. മുമ്പ് പലവട്ടം ഷാജുവിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. സിലിയുടെയും മകൾ ആൽഫൈന്റെയും മരണം ഷാജുവിന്റെ അറിവോടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കല്ലറ തുറക്കാതിരിക്കാൻ
ജോളി ശ്രമിച്ചു

കൂടത്തായിയിൽ താൻ കൊലപ്പെടുത്തിയവരുടെ കല്ലറ തുറക്കാതിരിക്കാൻ പള്ളി വികാരിയെയും കുടുംബാംഗങ്ങളെയും സ്വാധീനിക്കാനും ജോളി ശ്രമിച്ചു. കല്ലറ തുറന്ന് പരോശോധിച്ചാൽ ആത്മാക്കൾക്ക് പ്രശ്‌നം ഉണ്ടാകുമെന്നായിരുന്നു ജോളിയുടെ വാദം. ഭർത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും ജോളി ആവശ്യപ്പെട്ടിരുന്നതായി അയൽവാസികളുൾപ്പെടെയുള്ളവർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

വടകര: കൂടത്തായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ജോളിയമ്മ എന്ന ജോളിയെ ഇന്നലെ പകൽ മുഴുവൻ അന്വേഷണ സംഘം ചോദ്യം ചെയ്തു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ചായിരുന്നു ശനിയാഴ്ചത്തെ ചോദ്യം ചെയ്യൽ. നേരത്തേ എഴുതി തയ്യാറാക്കിയ ചോദ്യങ്ങളാണ് അന്വേഷണ സംഘങ്ങൾ മാറി മാറി ചോദിച്ചത്.

കേസ് അന്വേഷണം പഠിക്കാനെത്തിയ ഐ പി എസ് ട്രെയിനികളും ജോളിയെ ചോദ്യം ചെയ്തു. റൂറൽ എസ് പി. കെ ജി സൈമൺ, അന്വേഷണ ഉദ്യോഗസ്ഥരായ ഡി വൈ എസ് പി. പി ഹരിദാസ്, എ എസ് പി മാരായ അങ്കിത് അശോക്, ശിൽപ, തലശ്ശേരി ഡി വൈ എസ് പി. കെ വി വേണുഗോപാൽ, താമരശ്ശേരി ഡി വൈ എസ് പി അബ്ദുർറസാഖ്, വടകര ഡി വൈ എസ് പി പ്രിൻസ് എബ്രഹാം എന്നിവർ ജോളിയെ മാറി മാറി ചോദ്യം ചെയ്തു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, ഉത്തര മേഖല ഐ ജി അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ യോഗം ചേർന്നു. റൂറൽ എസ് പി കെ ജി സൈമണും മറ്റു ഉദ്യോഗസ്ഥരും കേസിന്റെ പുരോഗതി പോലീസ് മേധാവികളെ ധരിപ്പിച്ചു. ഒരു മണിക്കൂറോളം വടകരയിൽ ചെലവഴിച്ച ശേഷമാണ് ബെഹ്‌റ കോഴിക്കോട്ടേക്ക് മടങ്ങിയത്. വടകരയിൽ എത്തും മുമ്പ് കൂടത്തായിയിലെ ജോളിയുടെ വീടും സന്ദർശിച്ചിരുന്നു.

Latest