Connect with us

Kerala

സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സഹോദരന്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍പെട്ട സിലിയുടെ മരണത്തില്‍ ഭര്‍ത്താവായിരുന്ന ഷാജുവിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍ രംഗത്ത്. ഷാജുവിന്റെ അറിവോടെയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്ന് സിജോ പോലീസിന് മൊഴി നല്‍കി. മരണകാരണം അന്വേഷിക്കാന്‍ താമരശ്ശേരിയില്‍ പുതിയ കേസെടുത്തതിനു പിന്നാലെ വടകര കോസ്റ്റല്‍ സിഐയ്ക്ക് നല്‍കിയ മൊഴിയിലാണു സിജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിലി കുഴഞ്ഞുവീണുവെന്നും ഉടന്‍ താമരശ്ശേരിയില്‍ എത്തണമെന്നും ജോളിയാണ് ഫോണില്‍ വിളിച്ചറിയിച്ചത്. ദന്തല്‍ ആശുപത്രിയിലെത്തുന്നതിനിടെ മൂന്നു തവണ ജോളി വീണ്ടും വിളിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ സിലി കസേരയില്‍ തളര്‍ന്നു കിടക്കുന്നതായാണ് കണ്ടത്. സമീപമുണ്ടായിയിരുന്ന ജോളിയുടെയും ഷാജുവിന്റെയും മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. അന്നുണ്ടായ സംശയങ്ങള്‍ പുറത്തു പറയാതിരുന്നതു കുടുംബത്തിന്റെ സത്‌പേര് ഭയന്നാണെന്നും സിജു മൊഴിയീല്‍ വ്യക്തമാക്കുന്നു.

ജോളിയും ഷാജുവും തമ്മിലുള്ള ബന്ധം ശരിയല്ലെന്ന് കണ്ടപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷാജു വീണ്ടും വിവാഹിതനാകുന്നതില്‍ കുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ബോധപൂര്‍വമാണു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും സിജോ മൊഴി നല്‍കി. ഷാജുവിന്റെ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ജോളിയും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

Latest