Connect with us

National

ഡല്‍ഹിയിലെ വാഹന നിയന്ത്രണം: സ്ത്രീകളെ ഒഴിവാക്കുമെന്ന് കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഏര്‍പെടുത്തുന്ന ഒറ്റ-ഇരട്ടയക്ക നിയന്ത്രണത്തില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുന്‍ തവണകളില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യ ഉടമസ്ഥതയിലുള്ള സിഎന്‍ജി വാഹനങ്ങളെ ഇത്തവണ ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റയ്ക്ക് വാഹനമോടിക്കുന്ന സ്ത്രീകള്‍, സ്ത്രീകള്‍ മാത്രം സഞ്ചരിക്കുന്ന കാറുകള്‍, 12 വയസ്സിന് താഴെയുള്ള കുട്ടികളോടൊപ്പമുള്ള സ്ത്രീകള്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഇരുചക്ര വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് നിന്ന് ഒഴിവാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യം വിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്നും കെജരിവാള്‍ അറിയിച്ചു.

നവംബര്‍ നാല് മുതല്‍ 15 വരെയാണ് ഡല്‍ഹിയില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത് മൂന്നാം തവണയാണ് ഒറ്റ-ഇരട്ടയക്ക നിയന്ത്രണം സംസ്ഥാനത്ത് നടപ്പാക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിര്‍ണയിക്കുന്ന പിഎം 10, 300 ലെവലിലും പിഎം 2.5 500 ലെവലിലും എത്തുമ്പോഴാണ് ഡല്‍ഹിയില്‍ വാഹന നിയന്ത്രണം കൊണ്ടുവരുന്നത്.