Connect with us

National

മഹാബലിപുരം ഉച്ചകോടി നയതന്ത്ര ബന്ധത്തില്‍ പുതു പാത തുറന്നെന്ന് മോദി; ഹൃദയം തുറന്നുള്ള ചര്‍ച്ച നടന്നെന്ന് സി ജിന്‍പിന്‍ങും

Published

|

Last Updated

ചെന്നൈ: മഹാബലിപുരത്തെ ഇന്ത്യ – ചൈന ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പുതിയ പാത തുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഉച്ചകോടി സഹായകമായെന്നും മോദി പറഞ്ഞു. ഒരു തരത്തിലുള്ള സംഘര്‍ഷവും വര്‍ധിപ്പിക്കില്ലെന്നും ആഗോള സഹകരണം വര്‍ധിപ്പിക്കുമെന്നും പരസ്പരം ഉറപ്പ് നല്‍കിയതായും മോദി വ്യക്തമാക്കി.

അതേസമയം, ആഴത്തിലുള്ള ചര്‍ച്ചകള്‍ അനൗദ്യോഗിക ഉച്ചകോടിയ്ക്കിടെ നടന്നെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങിന്റെ പ്രസ്താവനയില്‍ പറഞ്ഞു. നയതന്ത്രബന്ധത്തില്‍ ഹൃദയം തുറന്നുള്ള ചര്‍ച്ചയുണ്ടായെന്നും സീ ജിന്‍പിങ് വ്യക്തമാക്കി.നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിനിധി തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും തമ്മില്‍ രാവിലെ തുടങ്ങിയ അനൗദ്യോഗിക കൂടിക്കാഴ്ച പതിനൊന്നരയോടെയാണ് പൂര്‍ത്തിയായത്. മഹാബലിപുരം കോവളത്തെ താജ് ഫിഷര്‍മെന്‍സ് കോവ് ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
അനൗദ്യോഗിക ഉച്ചകോടിയായതിനാല്‍ സംയുക്ത പ്രസ്താവന ഒഴിവാക്കി ഇരുനേതാക്കളും വെവ്വേറെ പ്രസ്താവനകളാണ് നടത്തിയത്.ഇന്നലെ ഇരുവരും തമ്മില്‍ അത്താഴ വിരുന്നിനിടെ നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീരും ചര്‍ച്ചയായെന്ന സൂചനകളാണ് ലഭിക്കുന്നത്. തീവ്രവാദത്തെയും മൗലികവാദത്തെയും ഒന്നിച്ച് നേരിടുമെന്ന് ഇരുനേതാക്കളും നിലപാടെടുത്തു. ഉച്ചയ്ക്ക് ഇരുവരും ചേര്‍ന്ന് കടല്‍ത്തീരത്ത് നടത്തുന്ന ഉച്ചയൂണോടെ ഉച്ചകോടിയ്ക്ക് അവസാനമാകും. ഇതിന് ശേഷം സീ ജിന്‍പിങ് നേപ്പാളിലേക്ക് പോകും.

Latest